അൻവർ അലിക്ക് കളിക്കാമെന്ന് കോടതി
text_fieldsന്യൂഡൽഹി: ഹൃദയസംബന്ധമായ അസുഖം കാരണം കളി നിർത്താൻ നിർദേശിച്ച യുവ ഇന്ത്യൻ ഫുട്ബാളർ അൻവർ അലിക്ക് ആശ്വാസമായി കോടതി ഉത്തരവ്.
താരത്തിെൻറ ഭാവി സംബന്ധിച്ച് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അന്തിമ തീരുമാനമെടുക്കുന്നതുവരെ കളിക്കാൻ ഡൽഹി ഹൈകോടതി അനുമതി നൽകി. ഹൃദയത്തിന് ജന്മനാലുള്ള വൈകല്യം തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് മെഡിക്കൽ കമ്മിറ്റിയുടെ നിർദേശപ്രകാരം എ.െഎ.എഫ്.എഫ് അലിക്ക് കളിവിലക്ക് ഏർപ്പെടുത്തിയത്.
പരിശീലനത്തിനോ കളിക്കാനോ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് സെപ്റ്റംബർ ഏഴിന് ഫെഡറേഷൻ അൻവർ അലിയുടെ ക്ലബായ മുഹമ്മദൻസിന് കത്തെഴുതി. ഇതിനെ ചോദ്യം ചെയ്താണ് ഒക്ടോബർ ഒന്നിന് താരം ഡൽഹി കോടതിയെ സമീപിച്ചത്.
ജീവിക്കാനും ജോലിചെയ്യാനുമുള്ള അവകാശം ഫെഡറേഷൻ നിഷേധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് താരം കോടതിയെ സമീപിച്ചത്. 2019 ഏപ്രിലിൽ മുംബൈ സിറ്റി താരമായിരിക്കെയാണ് അലിയുടെ ഹൃദയസംബന്ധമായ പ്രശ്നം കണ്ടെത്തുന്നത്. തുടർന്ന് ക്ലബ് കരാർ റദ്ദാക്കുകയും ഇന്ത്യൻ ക്യാമ്പിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
ഇന്ത്യൻ ഫുട്ബാളിലെ ഭാവിതാരമെന്ന് വിശേഷിപ്പിച്ച 20കാരെൻറ ജീവിതകഥ ആരാധകരിലും വേദനയായി. എ.െഎ.എഫ്.എഫാണ് തുടർപരിശോധനയും ചികിത്സയുമെല്ലാം ഒരുക്കിയത്. അലിയുടെ പ്രശ്നം ഗുരുതരമല്ലെന്നും സമാനമായ ബുദ്ധിമുട്ടുള്ളവർ ഇംഗ്ലീഷ് ഫുട്ബാളിൽ സജീവമായി കളിക്കുന്നുണ്ടെന്നുമാണ് യു.കെയിലെ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. സഞ്ജയ് ശർമയുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.