ഹൃദ്രോഗത്തെ 'സൈഡ് ബെഞ്ചി'ലാക്കി കളിക്കളത്തിലേക്ക് അൻവർ അലി; അറിയാം ഈ പോരാട്ടത്തിന്‍റെ കഥ
text_fieldsപനാജി: ഒരു സിനിമയാക്കാനുള്ള വകയുണ്ട് ഇന്ത്യയുടെ യുവ ഫുട്ബാൾ താരമായ അൻവർ അലിയുടെ ജീവിതകഥക്ക്. ഇന്ത്യൻ ഫുട്ബാളിലെ ഭാവി വാഗ്ദാനമായി പരിഗണിക്കപ്പെടുന്ന അൻവർ അലി 2019ന് ശേഷം ഫുട്ബാളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അപൂർവമായ ഹൃദയ രോഗത്തെ തുടർന്ന് തുലാസിലായ തന്‍റെ ഫുട്ബാൾ കരിയർ തിരികെ പിടിച്ചതിന്‍റെ സന്തോഷത്തിലാണ് അൻവർ അലി ഇപ്പോൾ.
രാജ്യത്തിനകത്തും പുറത്തുമായി നിരവധി പരിശോധനകളും സ്കാനിങ്ങുകളും പൂർത്തിയാക്കുകയും ഡൽഹി ഹൈകോടതിയുടെ കനിവിന്‍റെയും ബലത്തിലാണ് 21കാരൻ വീണ്ടും ബൂട്ടണിയാൻ ഒരുങ്ങുന്നത്. കളിക്കളത്തിൽ വെച്ച് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി താനായിരിക്കുമെന്ന് സത്യവാങ്മൂലം നൽകിയതിനെ തുടർന്നാണ് അലിക്ക് കളിക്കാൻ കോടതി അനുവാദം നൽകിയത്.
എഫ്.സി ഗോവ ടീമിലെടുത്തതിന് പിന്നാലെ ഞായറാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ താരം ബെഞ്ചിലായിരുന്നു. ഫുട്ബാൾ കരിയറിന് അവസാനമാകും എന്ന് പ്രതീക്ഷിച്ചിരുന്നയിടത്ത് നിന്നും ആദ്യ മത്സരത്തിൽ തന്നെ ടീം ലിസ്റ്റിൽ ഉൾപെടാനായത് തന്നെ വലിയ നേട്ടമായാണ് താരം കണക്കാക്കുന്നത്.
'എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം കാലം കഴിഞ്ഞുപോയി എന്നതിനാൽ ഞാൻ ഏറെ സന്തോഷവാനാണ്. ഇത് പുതിയ ഒരു അധ്യായമാണ്'-അലി ക്ലബ് വെബ്സൈറ്റിനോട് പറഞ്ഞു.
2017ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ 17 ലോകകപ്പിന്‍റെ കണ്ടെത്തലാണ് അൻവർ അലി. മികച്ച സാങ്കേതികത്തികവാർന്ന സെന്‍റർബാക്കായ അലി ബാക്കിൽനിന്ന് പന്ത് വിതരണം ചെയ്യുന്നതിൽ മിടുക്കനാണ്.
2018ൽ മുംബൈ സിറ്റി ടീമിലെടുത്തെങ്കിലും പിറ്റേ വർഷം മുംബൈയിൽ വെച്ച് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് ഹൃദ്രോഗം സ്ഥിരീകരിച്ചത്. പ്രത്യേക കാരണമില്ലാതെ ഹൃദയപേശികൾ ദൃഢമാകുന്ന രോഗാവസ്ഥയായ ഹൈപർട്രോഫിക് കാർഡിയോമയോപതിയാണ് അലിക്ക് ബാധിച്ചത്.
ഫ്രാൻസിലെ റെന്നസിലെയും ഇന്ത്യയിലെ ഹൃദ്രോഗ വിദഗ്ധരും കളി തുടരുന്നത് അലിയുടെ ജീവൻ അപകടത്തിലാക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. അതോടെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും ഏഷ്യൻ ഫുട്ബാൾ കോൺഫഡറേഷനും കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കാൻ അലിയോട് നിർദേശിച്ചു.
മിനർവ പഞ്ചാബ് ഉടമയും അലിയുടെ മെന്‍ററും കൂടിയായ രഞ്ജിത് ബജാജിന്‍റെ പിന്തുണയോടെ അലി ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചു. സ്വപ്നങ്ങൾ എരിഞ്ഞടങ്ങിയെന്ന് തോന്നിച്ച വേളയിൽ സോഷ്യൽ മീഡിയയായിരുന്നു രക്ഷകനായത്.
ഗൾഫ് രാജ്യത്തുള്ളയാളാണ് വിഷയം യു.കെയിലെ പ്രമുഖ കാർഡിയോളജിസസ്റ്റായ ഡോ. സഞ്ജയ് ശർമയോട് സൂചിപ്പിച്ച വിവരം ബജാജിനെ അറിയിച്ചത്. പ്രമുഖരായ നിരവധി കായിക താരങ്ങളെ ചികിത്സിച്ച സ്പോർട്സ് കാർഡിയോളജിസ്റ്റാണ് ശർമ. യൂറോ കപ്പിനിടെ ഹൃദയാഘാതം വന്ന ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണെ ശർമയായിരുന്നു ചികിത്സിച്ചത്. അലിയുടെ കാര്യത്തിൽ ശർമ എ.ഐ.എഫ്.എഫിന് പച്ചക്കൊടി വീശി.
എ.ഐ.എഫ്.എഫിന്‍റെ മെഡിക്കൽ കമ്മിറ്റി തീരുമാനിക്കുന്നത് വരെ അലി ഉത്തരാഖണ്ഡ്, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ലോവർ ഡിവിഷൻ ക്ലബുകൾക്കായി പന്തുതട്ടി. ആഗസ്റ്റിലാണ് മെഡിക്കൽ പരിശോധനകളുടെ അടിസ്ഥാനത്തിൽ അലിക്ക് മടങ്ങിയെത്താൻ എ.ഐ.എഫ്.എഫ് അനുവദം നൽകിയത്.
ഇതോടെ ലോക്കൽ ലീഗുകളിൽ അലിയുടെ പ്രകടനം സസൂക്ഷ്മമായി വീക്ഷിച്ചിരുന്ന ഗോവ താരത്തിനായി രംഗത്തെത്തി. 'അലിക്ക് 21 വയസ്സ് മാത്രമേ ഉള്ളൂ, അദ്ദേഹത്തിന് ശോഭനമായ ഭാവിയുണ്ട്. കളിയിൽ വ്യത്യസ്തനാകാൻ അദ്ദേഹത്തിന് കഴിവുണ്ട്. വരും വർഷങ്ങളിൽ എഫ്.സി ഗോവയിലും ഇന്ത്യൻ ഫുട്‌ബാളിലും അദ്ദേഹം സുപ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'-എഫ്.സി ഗോവ ഫുട്ബാൾ ഡയരക്ടർ രവി പുഷ്കർ പറഞ്ഞു.
കളിക്കളത്തിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എ.ഐ.എഫ്.എഫ്, ലീഗ് സംഘാടകർ, ക്ലബ് എന്നിവർക്കാർക്കും യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് അലി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിൽ എഫ്.സി ഗോവ അധിക ഡീഫിബ്രിലേറ്ററുകളും കൂടുതൽ സ്റ്റാഫ് അംഗങ്ങളെ സി.പി.ആർ പഠിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.