ഫലസ്തീൻ അനുകൂല പോസ്റ്റ്: ഫുട്ബാൾ താരം അൻവർ എൽ ഗാസിയുമായുള്ള കരാർ റദ്ദാക്കി ജർമൻ ഫുട്ബാൾ ക്ലബ്
text_fieldsബർലിൻ: ഫലസ്തീൻ അനുകൂല പോസ്റ്റിന്റെ പേരിൽ ഡച്ച് ഫുട്ബാൾ താരം അൻവർ എൽ ഗാസിയുമായുള്ള കരാർ റദ്ദാക്കി ജർമ്മൻ ഫുട്ബാൾ ക്ലബ് മെയിൻസ്. വെള്ളിയാഴ്ചയാണ് ഗാസിയെ പുറത്താക്കിയ വിവരം ക്ലബ് അറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടേയും കമന്റുകളുടേയും പേരിൽ ഗാസിയുടെ കരാർ റദ്ദാക്കുന്നുവെന്ന് മാത്രമാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ക്ലബ് പുറത്ത് വിട്ടിട്ടില്ല.
നേരത്തെ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ പേരിൽ എൽ ഗാസിയെ ക്ലബിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് തിങ്കളാഴ്ച മുതലാണ് അദ്ദേഹത്തെ വീണ്ടും പരിശീലനം നടത്താൻ അനുവദിച്ചത്. കരാർ റദ്ദാക്കിയതിന് പിന്നാലെ ഒറ്റക്കാണെങ്കിലും സത്യത്തിനായി നിലകൊള്ളുമെന്ന് ഗാസി ട്വിറ്ററിൽ കുറിച്ചു.ഗസ്സയിലെ ജനങ്ങളുടെ ദുരിതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ തൊഴിൽ നഷ്ടപ്പെടുന്നത് ഒന്നുമല്ലെന്നും ഗാസി വ്യക്തമാക്കി.
നേരത്തെ ഒക്ടോബർ 27ന് തന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും മുഴുവൻ മനുഷ്യരുടേയും സമാധാനത്തിനായാണ് താൻ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ഗാസിയുടെ സസ്പെൻഷൻ പിൻവലിച്ച ക്ലബ് എല്ലാതരം തീവ്രവാദത്തിനെതിരെയുമാണ് അദ്ദേഹം സംസാരിച്ചതെന്നും അതിനാൽ രണ്ടാമതൊരു അവസരം കൂടി നൽകുകയാണെന്നും വിശദീകരണ കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതിന് പിന്നാലെ തന്റെ അനുവാദമില്ലാതെയാണ് ക്ലബ് പ്രസ്താവനയിറക്കിയതെന്ന് അറിയിച്ച് എൽ ഗാസി രംഗത്തെത്തുകയും ചെയ്തു. തന്റെ മുൻനിലപാടിൽ നിന്ന് മാറിയിട്ടില്ലെന്ന് അറിയിച്ച എൽ ഗാസി ഗസ്സയിൽ നിരപരാധികളെ കൊല്ലുന്ന ഇസ്രായേൽ നടപടിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.