Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅറേബ്യൻ ഗൾഫ് കപ്പ്:...

അറേബ്യൻ ഗൾഫ് കപ്പ്: സെമിയിൽ പൊരുതിത്തോറ്റ് ഖത്തർ

text_fields
bookmark_border
Arabian Gulf Cup
cancel

ദോഹ: അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാളിൽ കലാശപ്പോരിനരികെ കാലിടറി വീണ് ഖത്തറിന്റെ യുവനിര. ബസ്റയിലെ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിഫൈനലിൽ കരുത്തരായ ഇറാഖിനെതിരെ ഒന്നാന്തരം ചെറുത്തുനിൽപ് കാഴ്ചവെച്ച ഖത്തർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കീഴടങ്ങിയത്. സ്വന്തം തട്ടകത്തിൽ നടക്കുന്ന ടൂർണമെന്റിൽ ഇറാഖ് ഫൈനലിൽ ഇടമുറപ്പിച്ചു. മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത് ആദ്യപകുതിയിലായിരുന്നു. 17-ാം മിനിറ്റിൽ ഇബ്രാഹിം ബയേഷിലൂടെ മുന്നിലെത്തിയ ഇറാഖിനെതിരെ 28-ാം മിനിറ്റിൽ അംറോ സിറാജിലൂടെ ഖത്തർ സമനില നേടിയിരുന്നു. എന്നാൽ, 43-ാം മിനിറ്റിൽ അയ്മൻ ഹുസൈൻ നേടിയ ഗോളിൽ ഇറാഖ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

കളിയുടെ കിക്കോഫ് വിസിലിന് പിന്നാലെ, ആക്രമിച്ചു കളിക്കാൻ ഒരുമ്പെട്ട ഇറാഖ് ആദ്യപകുതിയിൽ കൂടുതൽ അവസരങ്ങൾ തുറന്നെടുക്കുകയും ചെയ്തു. പന്തിന്മേൽ മേധാവിതം കാട്ടിയ ആതിഥേയർ കാണികളുടെ പിന്തുണയോടെ മുന്നേറ്റങ്ങൾ മെനഞ്ഞെങ്കിലും ഖത്തർ പ്രതിരോധം തുടക്കത്തിൽ തടയിട്ടു. പ്രത്യാക്രമണത്തിനിടയിൽ തടയാനെത്തിയ ഇറാഖി ഡിഫൻഡറെ മറികടന്ന് സിറാജ് കുതിച്ചെങ്കിലും നീക്കം ഓഫ്സൈഡ് വിസിലിൽ മുങ്ങിപ്പോയി. മറുവശത്ത് കളി കാൽമണിക്കൂർ പിന്നിടവേ, ഖത്തറി​ന്റെ വലയിട്ടുകുലുക്കി ഇറാഖ് ഗാലറിക്ക് ആവേശമൊരുക്കി. മുഹമ്മദ് അലിയുടെ അളന്നുമുറിച്ച ക്രോസിൽ അംജദ് അത്താവന്റെ ഗോളെന്നുറച്ച ശ്രമം ഖത്തർ ഗോളി മിഷാൽ ബർശാം ​തടഞ്ഞിടുകയായിരുന്നു. പക്ഷേ, പന്ത് കൈപ്പിടിയിലൊതുക്കാൻ മിഷാലിന് കഴിഞ്ഞില്ല. പതിയെ തന്നിലേക്കെത്തിയ പന്തിനെ ബയേഷ് ഉടനടി വലയിലേക്ക് പായിച്ചു.

ഗോൾ വഴങ്ങിയതോടെ ഖത്തർ പ്രത്യാക്രമണം ശക്തമാക്കി. ഇറാഖ് ഡിഫൻഡറെ മറികടന്ന് പന്തുമായിക്കുതിച്ച് ഖാലിദ് മുനീർ തൊടുത്ത ഷോട്ടിനും ഗോളിനുമിടയിൽ അലി ഗാസിം ​മതിൽകെട്ടി. പിന്നാലെ ഫ്രീകിക്കിൽനിന്ന് അടുത്ത നീക്കം. കിക്ക് ഇറാഖി ബോക്സിൽ പറന്നിറ​ങ്ങവേ അഹ്ദമ് അലാഅദ്ദീന്റെ ബാക്ക്ഹീൽ ഫ്ലിക്. ഉയർന്നുപൊങ്ങിയ പന്ത് മുന്നോട്ടോടിയെത്തി ഇറാഖ് ഗോളി ജലാൽ ഹസൻ കുത്തിയകറ്റിയ​​പ്പോൾ പന്തെത്തിയത് സിറാജിലേക്ക്. സിറാജിന്റെ ഫസ്റ്റ്ടൈം വോളി വലയിലേക്ക് പാഞ്ഞുകയറുമ്പോൾ ജലാൽ പോസ്റ്റിലുണ്ടായിരുന്നില്ല.

പിൻനിരയിൽനിന്ന് ലോങ്ബാളുകളെ ആശ്രയിച്ച് ആക്രമണം മെനഞ്ഞ ഇറാഖികൾ ലീഡി​നായി വീണ്ടും ഇരച്ചുകയറാൻ തുടങ്ങി. ഇരുവിങ്ങുകളിൽനിന്നുള്ള അവരുടെ ക്രോസുകൾ ഖത്തരി ഡിഫൻഡിന് പിടിപ്പത് പണിയൊരുക്കുകയും ചെയ്തു. ഒടുവിൽ ഇടവേള തീരാനിരിക്കേ കാണികൾക്ക് വീണ്ടും ആഘോഷമൊരുക്കി ആതിഥേയർ ലീഡ് തിരിച്ചുപിടിച്ചു. ഖത്തറിന്റെ പ്രതിരോധ നിരയിലെ വീഴ്ച മുതലെടുത്ത് പന്ത് കൈക്കലാക്കിയ അത്താവൻ ഉടനടി അയ്മൻ ഹുസൈന് നൽകി. മുന്നോട്ടുകയറിയ ഗോളി മിഷാലിന്റെ തലക്ക് മുകളിലൂടെ ഹുസൈൻ പന്തിനെ വലയിലേക്ക് ഉയർത്തിയിട്ടു.

ഇടവേളക്കുശേഷം സമനിലഗോൾ തേടി ഖത്തർ അറ്റാക്കിങ് ഗെയിമിലേക്ക് മാറി. സിറാജിന് വീണ്ടും സുവർണാവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്കായിരുന്നു. ഇറാഖ് രണ്ടാം പകുതിയിൽ ഡിഫൻസിവ് ശൈലിയിലൂന്നിയ ജാഗ്രതയാർന്ന സമീപനമാണ് സ്വീകരിച്ചത്. അവരുടെ മുന്നേറ്റനീക്കങ്ങൾ ഹുസൈനെ ലാക്കാക്കിയുള്ള ലോങ് ബാളുകളിലൊതുങ്ങി. ഖത്തർ മു​ന്നേറ്റങ്ങളെ പെനാൽറ്റി ബോക്സിലെത്തുംമുമ്പേ പ്രതിരോധിക്കുകയെന്ന തന്ത്രങ്ങൾ ലക്ഷ്യം കണ്ടതോടെ കാര്യങ്ങൾ ഇറാഖിന്റെ വഴിക്ക്‍വന്നു. യു.എ.ഇക്കെതിരെ 88-ാം മിനിറ്റിൽ സമനിലഗോളടിച്ച് ടീമിനെ സെമിയിലേക്ക് നയിച്ച തമീം മൻസൂറിനെ 62-ാം മിനിറ്റിൽ പകരക്കാരനായി ഖത്തർ കളത്തിലിറക്കിയെങ്കിലും ആതിഥേയ ഡിഫൻസ് വിട്ടുകൊടുക്കാനുള്ള ഭാവത്തിലായിരുന്നില്ല. കളി തീരാനിരിക്കേ കൗണ്ടർ അറ്റാക്കിങ്ങിൽ ലീഡ് വർധിപ്പിക്കാൻ ഹുസൈന് അവസരം കിട്ടിയെങ്കിലും ഷോട്ട് ലക്ഷ്യത്തിൽനിന്നകന്ന് പറന്നു.

ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി യുവതാരങ്ങൾക്ക് മുൻതൂക്കമുള്ള ടീമിനെയാണ് ഗൾഫ് കപ്പിൽ ഖത്തർ കളത്തിലിറക്കിയത്. ബഹ്റൈൻ-ഒമാൻ രണ്ടാം സെമിഫൈനൽ വിജയികളാണ് ഈ മാസം 18ന് നടക്കുന്ന കലാശക്കളിയിൽ ഇറാഖിന്റെ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar football teamArabian Gulf Cup
News Summary - Arabian Gulf Cup: Qatar lost in the semi-finals
Next Story