ആർദ ഗ്വലർ: അതിശയങ്ങളിലേക്ക് ഡ്രിബ്ൾ ചെയ്തുകയറാൻ തുർക്കിയയിൽനിന്നൊരു അദ്ഭുത ബാലൻ
text_fields18 വയസ്സ് മാത്രമുള്ള ഒരു പയ്യന്റെ കൈയൊപ്പിനായി പിറകെ നടക്കുകയായിരുന്നു ഫുട്ബാൾ ലോകം കഴിഞ്ഞ ഒന്നൊന്നര മാസക്കാലം...! ബാഴ്സലോണയും റയൽ മാഡ്രിഡും മറ്റു വമ്പന്മാരും നോട്ടമിടുകയും അവസാനം റയൽ നിരയിലെത്തുകയും ചെയ്ത ആ തുർക്കിയക്കാരന്റെ പേര് ആർദ ഗ്വലർ.
ഫുട്ബാളിലെ തന്റെ രണ്ടാമത്തെ സീസണിൽ തന്നെ അവൻ കളിച്ചത് 35 മത്സരങ്ങൾ. ഏഴ് ഗോളുകൾ നേടുകയും അത്രയും ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. അതുവരെയുള്ള ക്ലബ് മത്സരങ്ങളിൽ ഉടനീളം, 51 മത്സരങ്ങളിൽനിന്ന് 21 ഗോളുകൾ... ഇതിനിടയിൽ ആർദ രാജ്യത്തിനായി ദേശീയ കുപ്പായത്തിൽ നാല് മത്സരങ്ങൾ കളിച്ചു, ആദ്യ അന്താരാഷ്ട്ര ഗോൾ നേടി തുർക്കികളുടെ മനസ്സിൽ ഇടവും നേടി.
കളിക്കളത്തിലെ അതിശയിപ്പിക്കുന്ന മുന്നേറ്റങ്ങളും മറ്റ് കളിക്കാരുമായുള്ള ഒരുമയും സൗഹൃദവും അവനെ കുറിച്ചുള്ള കഥകൾ തുർക്കിയുടെ അതിരുകൾ കടന്നു. അവർക്കൊരു പുതിയ വീരനായകനുണ്ടായി. തുർക്കിയയുടെ മെസ്സി എന്ന ഓമനപ്പേരും അവന് ലഭിച്ചു. ‘പ്രസിഡന്റ്പണി’ കഴിഞ്ഞാൽ പിന്നെ പന്തുകളിക്കാൻ നേരം കണ്ടെത്തുന്ന അവരുടെ പ്രസിഡന്റ് ഉർദുഗാൻ അവനെ നേരിട്ട് വിളിച്ച് തന്റെ കൊച്ചുമകനോടെന്നോണം അവനോട് പറഞ്ഞു ‘നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു, നിന്റെ കണ്ണുകളിൽ ഞാൻ ഒരുമ്മ തരുന്നു’.
അപ്പോഴേക്കും യൂറോപ്പിലെ വൻകിട ടീമുകളൊക്കെയും പുതിയ മെസ്സിയെ ഫെനർബാഷേയിൽനിന്ന് തങ്ങളുടെ നിരയിൽ എത്തിക്കാനുള്ള നെട്ടോട്ടമായി. സ്‌പെയിനിൽനിന്ന് തന്നെ മൂന്നു ടീമുകൾ -സെവിയയും റയൽ മാഡ്രിഡും എഫ്.സി ബാഴ്സലോണയും. പിന്നെ ഇറ്റലിയിൽനിന്ന് രണ്ടു മിലാൻ ക്ലബുകളും.
ഒടുവിൽ അത് ബാഴ്സയും റയലും തമ്മിലുള്ള ‘എൽ ക്ലാസിക്കോ’ പോലെയായി. കഴിഞ്ഞ ദിവസം പയ്യൻ അവന്റെ മാതാവിനൊപ്പം ബെർണബ്യോയിൽ ചെന്ന് പ്രസിഡന്റ് ഫ്ലോറന്റോ പെരസിന് ഒപ്പമിരുന്ന് കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. കേവലം 20 മില്യൺ യുറോക്ക് റയലിന് കിട്ടിയ ലോട്ടറി...! ആറു വർഷത്തേക്ക് അവൻ ലോസ് ബ്ലാങ്കോസ് 24 നമ്പറിൽ യൂറോപ്പിൽ പന്തുകൊണ്ട് വിസ്മയം തീർക്കും.
ആരാണീ അദ്ഭുത ബാലൻ?
ആർദ എന്ന തുർക്കി വാക്കിന്റെ അർഥം സന്തോഷം, ആഹ്ലാദം, ബഹുമതി എന്നും ഗ്വലർ എന്നതിന് വിദഗ്ധ സംഘാടകൻ, മാനേജർ എന്നുമൊക്കെയാണ്. അവനൊരു നാച്വറൽ ടാലന്റ് ആണോ അതോ നിർമിത ബുദ്ധിപോലൊരു സൃഷ്ടിയോ? അവന്റെ ഇതുവരെയുള്ള വളർച്ച സസൂക്ഷ്മം നിരീക്ഷിക്കുകയാണെങ്കിൽ ഇതിന്റെ രണ്ടിന്റെയും ഒരു സംയുക്ത പ്രതിഭാസമാണെന്ന് കാണാം. 2005 ഫെബ്രുവരി 25ന് തുർക്കിയയിലെ അങ്കാറ പ്രവിശ്യയിലെ ആൾറ്റിൻഡാഗ് മുനിസിപ്പൽ പ്രദേശത്ത് ജനിച്ചു. പിതാവ് അമച്വർ പന്തു കളിക്കാരനായ ഒമീതു ഗ്വലറും മാതാവ് സെറപ്പു കരാസുലാൻ ഗ്വലറും. ഒന്നാം പിറന്നാളിൽ തന്നെ പിതാവ് അവനൊരു കളിപ്പന്ത് വാങ്ങിക്കൊടുത്തു. അന്നുമുതൽ അദ്ദേഹത്തിന് ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. ഓമന മകനെ ലോകമറിയുന്ന പന്തു കളിക്കാരനാക്കണം. തനിക്കറിയുന്ന തന്ത്രങ്ങളൊക്കെ അയാൾ അവന് പറഞ്ഞു കൊടുത്തു. കിട്ടിയ നേരം മുഴുവൻ ഇരുവരും ഒപ്പം പന്തുതട്ടി. പത്ത് വയസായപ്പോഴേ അയാളവനെ ഗെൻസർബെർലി അക്കാദമിയിൽ ചേർത്തു.
മുത്തശ്ശിക്കഥകൾക്ക് പകരം അമ്മ അവന് ഫുട്ബാൾ കളത്തിലെ ഇതിഹാസങ്ങളുടെ കഥകൾ പറഞ്ഞു കൊടുത്തു. അവനു വേണ്ടി അവർ വീട്ടിലൊരു ഡിജിറ്റൽ ലൈബ്രറിയും ഒരുക്കിക്കൊടുത്തു, ഏറ്റവും നല്ല വിദ്യാഭ്യാസവും. ഒടുവിൽ അവർ കരുതിയതിലും വേഗം ലോക ഫുട്ബാളിലെ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ഉമ്മാന്റെ കരളും ഉപ്പാന്റെ പൊരുളായ മുത്തുമായി അവൻ വളർന്നു...!"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.