വിവാദങ്ങളുടെ കനലെരിയും മുൻപ് അർജന്റീനയും ഫ്രാൻസും ഇന്ന് പാരിസിൽ നേർക്കുനേർ
text_fieldsപാരിസ്: ഖത്തർ ലോകകപ്പിലെ കലാശപ്പോരിൽ തുടങ്ങിയ വൈര്യം കോപ്പക്കൊടുവിലെ വംശീയ പരാമർശത്തിൽ ആളിക്കത്തിയതോടെ ഒട്ടും സുഖകരമല്ലാത്ത ബന്ധമാണ് അർജന്റീനയും ഫ്രാൻസും തമ്മിലുള്ളത്. ലോകഫുട്ബാളിലെ കരുത്തരായ രണ്ടു ടീമുകൾ നേർക്കുനേർ വീണ്ടും വരുമ്പോൾ ഉള്ളിലെ വൈര്യം ഫുട്ബാളും കടന്ന് കൈവിട്ടുപോകുമോ എന്നാണ് ആരാധകരുടെ ആശങ്ക. പാരീസ് ഒളിമ്പിക്സ് ക്വാർട്ടർ ഫൈനലിലാണ് ഇന്ന് ഇരു ടീമും ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം.
അണ്ടർ 23 താരങ്ങളാണെങ്കിലും 2022ലെ ലോകകപ്പ് ഫൈനലിന് ശേഷം ഇരുടീമും ഒരു മേജർ ടൂർണമെന്റ് കളിക്കുന്നത് ആദ്യമാണ്.
തിയറി ഹെൻറി പരിശീലിപ്പിക്കുന്ന ആതിഥേയരായ ഫ്രാൻസ് ഒരു ഗോൾപോലും വഴങ്ങാതെ മുഴുവൻ മത്സരങ്ങളും ജയിച്ചാണ് ക്വാർട്ടറിലെത്തിയത്. അർജന്റീനയാകട്ടെ മോറോക്കോക്കെതിരെ വിവാദമാച്ചിലെ തോൽവി വഴങ്ങി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് എത്തുന്നത്. ഹവിയർ മഷരാനോയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
പ്രമുഖതാരങ്ങളില്ലാത്ത അണ്ടർ 23 മത്സരം എന്നതിനപ്പുറത്ത് ഗാലറിയിൽ ആരാധകർ എങ്ങനെ പ്രതികരിക്കും എന്നതാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നത്. വംശീയ വിവാദത്തിന് പിന്നാലെ പാരീസ് ഒളിമ്പിക്സിൽ അർജന്റീന മത്സരിക്കുന്ന ഏതൊരു ഗെയിമും ഫ്രഞ്ച് ജനത കൂവിയാണ് വരവേൽക്കുന്നത്.
അതേസമയം, ഒളിമ്പിക്സ് ഫുട്ബാൾ ക്വാർട്ടറിൽ ഇന്ന് നടക്കുന്ന മറ്റുമത്സരത്തിൽ സ്പെയിൻ ജപ്പാനെയും മോറോക്കോ യു.എസ്.എയും ഈജ്പ്ത് പരാഗ്വയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.