കാനഡ കടന്ന് അർജന്റീന ഫൈനലിൽ
text_fieldsന്യൂജഴ്സി: കോപ അമേരിക്കയിൽ കാനഡക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന ഫൈനലിൽ. ഇരുപകുതികളിലായി ഹൂലിയൻ അൽവാരസും സൂപ്പർ താരം ലയണൽ മെസ്സിയും നേടിയ ഗോളുകളാണ് ലോക ചാമ്പ്യന്മാർക്ക് തുടർച്ചയായ രണ്ടാം തവണയും ഫൈനൽ ടിക്കറ്റുറപ്പിച്ചത്. ആക്രമണത്തിൽ അർജന്റീനക്കൊപ്പം നിൽക്കുന്ന പ്രകടനം നടത്തിയിട്ടും ഗോളടിക്കുന്നതിൽ പരാജയപ്പെട്ടതാണ് കാനഡക്ക് തിരിച്ചടിയായത്. ആദ്യപകുതിയിൽ ആധിപത്യം സ്ഥാപിച്ച അർജന്റീനക്കെതിരെ രണ്ടാം പകുതിയിൽ ശക്തമായ പോരാട്ട വീര്യമാണ് കാനഡ പുറത്തെടുത്തത്. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വായ് രണ്ടാം സെമിയിലെ വിജയികളാകും അർജന്റീനയെ കലാശപ്പോരിൽ എതിരിടുക.
ആദ്യപകുതിയിൽ അർജന്റീനൻ ആധിപത്യം
ലയണൽ മെസ്സിയെയും ഹൂലിയൻ അൽവാരസിനെയും മുന്നേറ്റത്തിൽ വിന്യസിച്ച് കളത്തിലിറങ്ങിയ അർജന്റീന ആദ്യ മിനിറ്റുകളിൽ പന്തടക്കത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ഭാവനാസമ്പന്നമായ മുന്നേറ്റങ്ങളൊരുക്കുന്നതിൽ പരാജയപ്പെട്ടു. അതിനിടെ, കൗണ്ടർ അറ്റാക്കിലൂടെ രണ്ടുതവണ അർജന്റീന ഗോൾമുഖത്ത് ഭീതി വിതക്കാൻ കാനഡക്കായി. 11ാം മിനിറ്റിലാണ് അർജന്റീനയുടെ മികച്ച മുന്നേറ്റം കണ്ടത്. വലതു വിങ്ങിലൂടെ പന്തുമായി കുതിച്ച എയ്ഞ്ചൽ ഡി മരിയ മെസ്സിക്ക് ബാൾ കൈമാറിയെങ്കിലും സൂപ്പർ താരത്തിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ലക്ഷ്യം തെറ്റി. തൊട്ടുപിന്നാലെ കാനഡയുടെ രണ്ട് മുന്നേറ്റങ്ങൾക്കും ലക്ഷ്യബോധമില്ലായിരുന്നു.
23ാം മിനിറ്റിലാണ് അർജന്റീന കാത്തിരുന്ന ഗോളെത്തിയത്. റോഡ്രിഗോ ഡി പോൾ നൽകിയ മനോഹര പാസ് ഓടിയെടുത്ത ഹൂലിയൻ അൽവാരസ് മുന്നോട്ടാഞ്ഞ ഗോൾകീപ്പർ മാക്സിം ക്രെപിയുടെ കാലിനിടയിലൂടെ വലക്കുള്ളിലാക്കുകയായിരുന്നു. സ്കോർ 1-0.
വൈകാതെ ക്രിസ്റ്റ്യൻ റൊമേരെയെ മാരകമായി ഫൗൾ ചെയ്തതിന് ജൊനാഥൻ ഡേവിഡ് മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ് കണ്ടു. ലീഡ് ഇരട്ടിപ്പിക്കാൻ മിനിറ്റുകൾക്കകം രണ്ട് അവസരങ്ങൾ അർജന്റീനയെ തേടിയെത്തിയെങ്കിലും ലക്ഷ്യത്തിൽനിന്നകന്നു. ഒരു തവണ ഗോൾകീപ്പർ മുന്നോട്ടുകയറിനിന്ന പോസ്റ്റിലേക്ക് ഡി മരിയ പന്ത് ചിപ്പ് ചെയ്തിട്ടെങ്കിലും പുറത്തേക്കായിരുന്നു. തൊട്ടടുത്ത മിനിറ്റിൽ മെസ്സിയുടെ തകർപ്പൻ പാസ് നിക്കൊളാസ് ടാഗ്ലിയാഫിക്കോയെ തേടിയെത്തിയെങ്കിലും ടൈറ്റ് ആംഗിളിൽനിന്നുള്ള താരത്തിന്റെ ഷോട്ടിന് േബ്ലാക്കിട്ട കാനഡ കോർണർ വഴങ്ങി രക്ഷപ്പെട്ടു. മെസ്സിയെടുത്ത കിക്കിന് ലിസാൻഡ്രൊ മാർട്ടിനസ് തലവെച്ചെങ്കിലും സൈഡ് നെറ്റിലാണ് പതിച്ചത്.
ആദ്യ പകുതി അവസാനിക്കാനിരിക്കെ മെസ്സിക്ക് ലഭിച്ച രണ്ട് സുവർണാവസരങ്ങൾ നിർഭാഗ്യകരമായി പുറത്തായി. ആദ്യതവണ വലതുവിങ്ങിൽനിന്ന് ലഭിച്ച പന്ത് രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് പോസ്റ്റിലേക്കടിച്ചെങ്കിലും പുറത്തേക്കായിരുന്നു. തൊട്ടുടനെ ലഭിച്ച അവസരം ക്രോസ് ബാറിന് മുകളിലൂടെയും പറന്നു. ഉടൻ കാനഡയും ഗോളിനടുത്തെത്തിയെങ്കിലും എമിലിയാനോ മാർട്ടിനസ് തടസ്സംനിന്നതോടെ ആദ്യ പകുതി അർജന്റീനയുടെ ലീഡിൽ അവസാനിക്കുകയായിരുന്നു.
റെക്കോഡിലേക്ക് വലകുലുക്കി മെസ്സി
രണ്ടാംപകുതി തുടങ്ങി ആറ് മിനിറ്റിനകം അർജന്റീന രണ്ടാമതും വല കുലുക്കി. എൻസോ ഫെർണാണ്ടസിന്റെ ഷോട്ട് ഗോൾകീപ്പർ തൊടുംമുമ്പേ ലയണൽ മെസ്സി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഓഫ്സൈഡിനായി കാനഡ താരങ്ങൾ വാദിച്ചെങ്കിലും വി.എ.ആർ പരിശോധനയിൽ ഗോളിന്റെ മാറ്റ് തെളിഞ്ഞതോടെ താരത്തിന്റെ പേരിൽ ടൂർണമെന്റിലെ ആദ്യ ഗോൾ കുറിക്കപ്പെട്ടു. ഇതോടൊപ്പം അന്താരാഷ്ട്ര ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമായും മെസ്സി മാറി. ഇറാന്റെ അലി ദേയിയെയാണ് മറികടന്നത്. 109 ഗോളാണ് മെസ്സിയുടെ പേരിലുള്ളത്. 130 ഗോളുകൾ നേടിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഇനി മെസ്സിക്ക് മുന്നിലുള്ളത്.
അറുപതാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ഹൂലിയൻ അൽവാരസ് സുവർണാവസരം പാഴാക്കി. താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ മാക്സിം ക്രെപിയൊ തടഞ്ഞിടുകയായിരുന്നു. 65ാം മിനിറ്റിൽ കാനഡക്കായി അലി അഹ്മദിന്റെ ഗോൾശ്രമം എമിലിയാനോ മാർട്ടിനസിന് മുന്നിൽ നിഷ്പ്രഭമായി. അവസാന മിനിറ്റുകളിൽ തിരിച്ചുവരാൻ കാനഡ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ പരാജയപ്പെട്ടതോടെ ടൂർണമെന്റിലെ അവരുടെ പോരാട്ടം സെമിയിൽ ഒടുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.