Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചിലിക്കോട്ടയും...

ചിലിക്കോട്ടയും പൊളിച്ച് അർജന്റീന; വീരോചിതം ക്വാർട്ടറിൽ

text_fields
bookmark_border
Lautaro Martínez
cancel
camera_alt

ചിലിക്കെതിരെ വിജയഗോൾ നേടിയ ലൗതാറോ മാർട്ടിനെസിന്റെ ആഹ്ലാദം

ന്യൂജഴ്സി (യു.എസ്): ചിലിയുടെ കരുത്തുറ്റ പ്രതിരോധക്കോട്ടയും കടന്ന് അർജന്റീനയുടെ വിജയഭേരി. നിശ്ചിത സമയം തീരാൻ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗതാറോ മാർട്ടിനെസ് നേടിയ ഗോളിൽ ചിലിയെ 1-0ത്തിനാണ് അർജന്റീന അടിയറവു പറയിച്ചത്. കോപാ അമേരിക്ക ഫുട്ബാളിൽ തുടർച്ചയായ രണ്ടാം ജയവുമായി ലോക ചാമ്പ്യന്മാർ വീരോചിതം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ‘എ’യിൽ ഒരു മത്സരം ബാക്കിയിരിക്കേയാണ് ക്വാർട്ടർ പ്രവേശം.

അവസാന ഘട്ടം വരെ അർജന്റീനയെ സമർഥമായി തടഞ്ഞുനിർത്തിയ ചിലി പ്രതിരോധം ആദ്യപകുതിയിൽ കേമമായിരുന്നു. പന്തിന്മേൽ വ്യക്തമായ ആധിപത്യം പുലർത്തുകയും എതിരാളികളുടെ ഹാഫിലേക്ക് നിരന്തരം കയറിയെത്തുകയും ചെയ്തിട്ടും ഉറച്ച ഗോളവസരങ്ങൾ തുറന്നെടുക്കുന്നതിൽനിന്ന് മെസ്സിയെയും സംഘത്തെയും അവർ ഫലപ്രദമായി തടഞ്ഞു. കരുത്തരായ എതിരാളികൾക്കെതിരെ സമനില ലക്ഷ്യമിട്ട് കളിക്കുന്നതുപോലെയായിരുന്നു ചിലി നീക്കങ്ങൾ. ഇടവേളവരെ ചിലിയുടെ വെറ്ററൻ ഗോളി ക്ലോഡിയോ ബ്രാവോയെ കാര്യമായി പരീക്ഷിക്കാൻ അർജന്റീനക്ക് കഴിഞ്ഞില്ല. ബോക്സിന് പുറത്തുനിന്ന് ഷോട്ടുകൾ തൊടുക്കാനുള്ള ​ഹൂലിയൻ ആൽവാരസിന്റെയും റോഡ്രിഗോ ഡി പോളിന്റേയുമൊക്കെ ശ്രമങ്ങൾ ഏറെ ലക്ഷ്യം തെറ്റി പറക്കുന്നത് പതിവു കാഴ്ചയായി.

13 ഷോട്ടുകൾ ആദ്യപകുതിയിൽ അർജന്റീന പായിച്ചതിൽ ഗോൾവലക്ക് നേരെയെത്തിയത് മൂന്നെണ്ണം മാത്രം. പ്രതിരോധത്തിൽ ശ്രദ്ധയൂന്നിയ ചിലിയാകട്ടെ, ആദ്യപകുതിയിൽ ഒരു ഷോട്ടുപോലും അർജന്റീനയുടെ ഗോൾമുഖത്തേക്ക് പായിച്ചി​ല്ലെന്നത് ശ്ര​ദ്ധേയമായി. ഏയ്ഞ്ചൽ ഡി മരിയയുടെ അഭാവം പ്രകടമായ ആദ്യപകുതിയിൽ നിക്കോളാസ് ഗോൺസാലസിന് ബോക്സിൽ അപകടകാരിയാവാൻ കഴിഞ്ഞില്ല. 35-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് മെസ്സി തൊടുത്ത തകർപ്പൻ ഗ്രൗണ്ടർ വലതു പോസ്റ്റിനിടിച്ചാണ് വഴിമാറിയത്.

​ഇടവേളക്കുശേഷം ഇരുനിരയും ആക്രമണ-പ്രത്യാക്രമണങ്ങൾക്കിറങ്ങിയപ്പോൾ കളി ആവേശകരമായി. 50-ാം മിനിറ്റിൽ മെസ്സിയുടെ പാസിൽ നഹുവേൽ മൊളീനയുടെ കിടിലൻ ഷോട്ട് ശ്രമകരമായാണ് ബ്രാവോ തടഞ്ഞത്. ഇതിനു ലഭിച്ച കോർണർകിക്കിൽ നിന്നുവന്ന നീക്കത്തിൽ ലിസാൻഡ്രോ മാർട്ടിനെസിന്റെ ഷോട്ട് ചിലി ഡിഫൻഡറുടെ കൈകളിൽതട്ടി വഴിമാറിയെങ്കിലും അർജന്റീനയുടെ പെനാൽറ്റി വാദങ്ങളെ റഫറി അംഗീകരിച്ചില്ല. അർജന്റീന ആക്രമണം കനപ്പിച്ചുതുടങ്ങുകയായിരുന്നു. 56-ാം മിനിറ്റിൽ മെസ്സി ബോക്സിലേക്ക് ഉയർത്തിയിട്ട ഫ്രീകിക്കിൽ മക് അലിസ്റ്റർക്ക് ഒന്നുകാൽവെച്ചാൽ വല കുലുക്കാമായിരുന്നു. പ​ക്ഷേ, പന്ത് എത്തിപ്പിടിക്കാനായില്ല. കളി ഒരു മണിക്കൂർ പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും മൂർച്ചയേറിയ ആക്രമണം അർജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. പന്തുമായി ബോക്സിൽ കയറിയ നി​ക്കോളാസ് ഗോൺസാലസിന്റെ ചാട്ടുളി കണക്കേയുള്ള ഷോട്ട് ബ്രാവോയുടെ കൈകളിൽ തട്ടിയശേഷം ഗോൾപോസ്റ്റിനിടിച്ചാണ് ലക്ഷ്യംതെറ്റിയത്.

മധ്യനിരയിൽ എൻസോ ഫെർണാണ്ടസിനെ മാറ്റി അർജന്റീന ജിയോവാനി ലോ ചെൽസോയെ കൊണ്ടുവന്നു. ഗോളെന്ന അജണ്ട മുൻനിർത്തി ഡി മരിയയും ലൗതാറോ മാർട്ടിനെസും പിന്നാലെയെത്തി. ആൽവാരെസും ഗോൺസാലസും തിരിച്ചുകയറി. ഇതോടെ മുന്നേറ്റം ചടുലമായി. ഇതിനിടയിൽ, മത്സരത്തിലെ തങ്ങളുടെ ആദ്യത്തെ ഉറച്ച അവസരം ചിലി തുറന്നെടുത്തത് 71-ാം മിനിറ്റിൽ. റോഡ്രിഗോ എചെവെറിയയുടെ ഷോട്ട് എമിലിയാനോ മാർട്ടിനെസ് ശ്രമകരമായി തടഞ്ഞു. ഇതിന്റെ തനിയാവർത്തനം 76-ാം മിനിറ്റിൽ. ഇക്കുറിയും മാർട്ടിനെസിന്റെ വിശ്വസ്ത കരങ്ങൾ അർജന്റീനയുടെ കൂട്ടിനെത്തി.


അവസാന ഘട്ടത്തിൽ ചിലിയുടെ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങൾക്ക് മൂർച്ചയുണ്ടായിരുന്നു. അർജന്റീയാകട്ടെ, വല ലക്ഷ്യമിട്ട് നിറയൊഴിക്കാനാകാതെ ചിലി ഡിഫൻസിനുമുന്നിൽ നിരന്തരം തോൽവി വഴങ്ങി. ഒടുവിൽ കോർണർ കിക്കിൽനിന്നുവന്ന നീക്കത്തിൽ ലൗതാറോ മാർട്ടിനെസ് വല കുലുക്കിയതോടെ കളത്തിലും ഗാലറിയിലും ആഘോഷം കനക്കുകയായിരുന്നു. വാറിലെ പരിശോധനയിലും വിശുദ്ധമാക്കപ്പെട്ട് ഗോൾ അംഗീകരിച്ചതോടെ മെസ്സിക്കും കൂട്ടർക്കും ആശ്വാസമായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഗോളി മാത്രം നിൽക്കേ രണ്ടാം ഗോളിനുള്ള അവസരം മാർട്ടിനെസ് അവിശ്വസനീയമായി പാഴാക്കിയില്ലെങ്കിൽ അർജന്റീന വിജയം കൂടുതൽ കേമമായേനേ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaLionel MessiLautaro MartínezCopa America 2024
News Summary - Argentina beat Chile 1-0 to qualify for the Copa America knockouts
Next Story