പ്രതിരോധം കനപ്പിച്ച് ഇന്തോനേഷ്യ; ദുർബലരോട് അർജന്റീന ജയിച്ചത് 2-0ത്തിന്
text_fieldsജക്കാർത്ത: സെൻട്രൽ ജക്കാർത്തയിലെ ജെലോറ ബുങ് കർണോ മെയിൻ സ്റ്റേഡിയത്തിൽ ആഗോള ഫുട്ബാൾ പട്ടികയിലെ അതീവ ദുർബലരൊന്നുമായിരുന്നില്ല ഇന്തോനേഷ്യ. ലോകകിരീടത്തിന്റെ പൊൻതിളക്കവുമായി തങ്ങളുടെ മണ്ണിൽ കളിക്കാനെത്തിയ അർജന്റീനയുടെ അതിശക്തമായ താരനിരയെ വിറപ്പിച്ചുതന്നെ അവർ കീഴടങ്ങി. രാജ്യാന്തര സൗഹൃദപ്പോരിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് മുട്ടുകുത്തിയെങ്കിലും അഭിമാനിക്കാവുന്ന പ്രകടനമായിരുന്നു ഇന്തോനേഷ്യയുടേത്. 38-ാം മിനിറ്റിൽ ലിയാൻഡ്രോ പരേഡെസും 55-ാം മിനിറ്റിൽ ക്രിസ്ത്യൻ റൊമേറോയും നേടിയ ഗോളുകളാണ് അർജന്റീനയെ ജയത്തിലെത്തിച്ചത്.
ലയണൽ മെസ്സിയും ഏയ്ഞ്ചൽ ഡി മരിയയും നിക്കോളാസ് ഒടാമെൻഡിയും വിട്ടുനിന്ന അർജന്റീനാനിരയിൽ ലോകം ജയിച്ച താരങ്ങൾ തന്നെയായിരുന്നു കളത്തിലിറങ്ങിയത്. യൂലിയൻ ആൽവാരെസ്. ജിയോവാനി ലോ ചെൽസോ, നിക്കോളാസ് ഗോൺസാലസ്, എസെക്വീൽ പലാസിയോസ്, നാഹുവേൽ മൊളീന തുടങ്ങിയ പ്രല്ഭർ തന്നെയാണ് കളത്തിലെത്തിയത്. ക്രോസ്ബാറിനു കീഴിൽ സാക്ഷാൽ എമിലിയാനോ മാർട്ടിനെസും. എന്നാൽ, ഗോളി എർണാൻഡോ ആരിയുടെ മികവിനൊപ്പം മുഴുവൻ താരങ്ങളും പ്രതിരോധത്തിൽ പടുകോട്ടകെട്ടാനിറങ്ങിയപ്പോൾ ആൽവാരെസ് നയിച്ച അർജന്റീന ആക്രമണം ലക്ഷ്യം കാണാതുഴറി. പന്തിനെ വരുതിയിലാക്കിയിട്ടും ഫിനിഷിങ്ങിൽ അർജന്റീനക്ക് നിരന്തരം പിഴച്ചു. അവസരങ്ങൾ അവശ്വസനീയമായി നഷ്ടമായതിനൊടുവിൽ 38-ാം മിനിറ്റിലായിരുന്നു ലീഡെത്തിയത്. ഇന്തോനേഷ്യൻ പ്രതിരോധത്തിന്റെ സമസ്ത കണക്കുകൂട്ടലും തെറ്റിച്ച പരേഡസിന്റെ തകർപ്പൻ ലോങ് റേഞ്ചർ ആരിയുടെ കൈക്കരുത്തിനെ അതിവേഗംകൊണ്ട് കീഴടക്കി.
മധ്യനിരയെ നയിക്കാൻ റോഡ്രിഗോ ഡി പോളും അർജന്റീനാ നിരയിൽ കളത്തിലിറങ്ങിയിരുന്നില്ല. ആദ്യ മുക്കാൽ മണിക്കൂറിൽ 79 ശതമാനവും സമയവും പന്ത് ലോക ജേതാക്കളുടെ കാലിലായിരുന്നെങ്കിലും ബോക്സിലേക്ക് കയറിയെത്തുമ്പോൾ ഇന്തോനേഷ്യ ഒന്നടങ്കം പ്രതിരോധിക്കാനിറങ്ങുന്നതായിരുന്നു കാഴ്ച. കൈമെയ് മറന്ന് ആതിഥേയർ കാവലൊരുക്കിയപ്പോൾ അർജന്റീനക്ക് ആദ്യപകുതിയിൽ എട്ടു കോർണർകിക്കുകളാണ് ലഭിച്ചത്. 15 ഷോട്ടുകളുതിർത്തതിൽ വലയുടെ നേരെയെത്തിയത് നാലെണ്ണം മാത്രം. ഗോളെന്നുറച്ച അനവധി നീക്കങ്ങൾക്കാണ് ആരി മുനയൊടിച്ചത്. ജിയോവാനി ലോ ചെൽസോയുടെയും ആൽവാരസിന്റെയും പല നീക്കങ്ങളും നിർഭാഗ്യം കൊണ്ടാണ് വലക്കുള്ളിലെത്താതെപോയത്.
സ്വതസിദ്ധമായ ആധികാരികതയും ആസൂത്രണമികവും അർജന്റീന മുന്നേറ്റങ്ങൾക്ക് ഇല്ലാതെ പോയതും ഇന്തോനേഷ്യക്ക് ആശ്വാസമായി. ഇതിനിടയിൽ ചില പ്രത്യാക്രമണങ്ങൾ നടത്തി നിറഗാലറിയെ ത്രസിപ്പിക്കാനും ഇന്തോനേഷ്യക്കാർക്ക് കഴിഞ്ഞു. 55-ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്നു വന്ന ക്രോസിൽ തകർപ്പൻ ഹെഡറുതിർത്താണ് റൊമേറോ ലീഡ് ഇരട്ടിയാക്കിയത്. അവസാന ഘട്ടത്തിൽ ഗാലറിയുടെ പിന്തുണയോടെ ചില മുന്നേറ്റങ്ങൾ നടത്തി ആതിഥേയർ ഗാലറിയിൽ ആരവങ്ങളുയർത്തിയെങ്കിലും അർജന്റീന ഡിഫൻഡിനെ പരീക്ഷിക്കാൻ അത് പര്യാപ്തമായിരുന്നില്ല. പുത്തൻ താരോദയം ഗർണാച്ചോ ഉൾപെടെ യുവതാരങ്ങളെ കോച്ച് ലയണൽ സ്കലോണി അവസാന ഘട്ടത്തിൽ കളത്തിലെത്തിച്ചിട്ടും അർജന്റീനക്ക് ലീഡുയർത്താനായില്ല.
സീനിയർ തലത്തിൽ ചരിത്രത്തിലാദ്യമായാണ് ഇന്തോനേഷ്യക്കെതിരെ അർജന്റീന കളിക്കാനിറങ്ങിയത്. 1979ൽ അണ്ടർ 19 ലോകകപ്പിൽ ഇതിനുമുമ്പ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയപ്പോൾ 5-0ത്തിനായിരുന്നു അർജന്റീനയുടെ ജയം. ഇതിഹാസതാരം ഡീഗോ മറഡോണ രണ്ടു ഗോൾ നേടിയ കളിയിൽ റോമൻ ഡയസ് ഹാട്രിക് കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.