ത്രീ സ്റ്റാർ അർജന്‍റീന; വെനിസ്വേലയെ തകർത്തത് 3-1ന്
text_fieldsകരാകസ് (വെനിസ്വേല): ലോകകപ്പ് യോഗ്യത റൗണ്ടിൽ കോപ അമേരിക്ക ജേതാക്കളായ അർജന്‍റീനക്ക് ഉജ്വല ജയം. ലാറ്റിനമേരിക്കയിൽ അർജന്‍റീന വെനിസ്വേലയെ 3-1ന് തകർത്തു.
ലോതാരോ മാർട്ടിനസ് (45'), ജോക്വിൻ കൊറിയ (71), എയ്ഞ്ചൽ കൊറിയ (74) എന്നിവരാണ് അർജന്‍റീനക്കായി സ്കോർ ചെയ്തത്. ഇഞ്ചുറി സമയത്ത് യെഫേഴ്സൺ സോറ്റെൽഡോയാണ് ആതിഥേയരുടെ ആശ്വാസ ഗോൾ നേടിയത്.
ഏഴ് മത്സരങ്ങളിൽ നിന്ന് 15 പോയിന്‍റുമായി പട്ടികയിൽ രണ്ടാമതാണ് അർജന്‍റീന. 19 പോയിന്‍റുമായി ബ്രസീലാണ് ഒന്നാമത്. ഞായറാഴ്ച കരുത്തരായ ബ്രസീലിനെതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം.
തുടർച്ചയായി ആറ് മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ച് യോഗ്യത മത്സരത്തിനിറങ്ങിയ മെസ്സിക്കും സംഘത്തിനും പിഴച്ചില്ല. രണ്ടുവർഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ പൗളോ ഡിബാലയെ ബെഞ്ചിലിരുത്തിയാണ് അർജന്‍റീന തുടങ്ങിയത്.
മത്സരം തുടങ്ങി 10ാം മിനിറ്റിൽ തന്നെ വെനിസ്വേല 10പേരായി ചുരുങ്ങി. മാരകമായ ഫൗളിനെ തുടർന്നാണ് അഡ്രിയാൻ മാർട്ടിനസിനെ വാർ റിവ്യൂവിലൂടെയാണ് പുറത്തേക്ക് വഴി കാണിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മാർട്ടിനസ് അർജന്‍റീനക്കായി അക്കൗണ്ട് തുറന്നത്. എതിർ ടീം ബോക്സിൽ നിന്ന് ലോ സെൽസോ അളന്ന് മുറിച്ച് നൽകിയ പാസ് മാർട്ടിനസ് പോസ്റ്റിന്‍റെ മൂലയിലേക്ക് കോറിയിട്ടു.
71ാം മിനിറ്റിലായിരുന്നു രണ്ടാമത്തെ ഗോൾ. വൺടച്ച് പാസുകളുടെ പരമ്പരക്കൊടുവിലായിരുന്നു പകരക്കാരനായി ഇറങ്ങിയ കൊറിയയുടെ ഗോൾ. മെസ്സിയുടെ കാലിൽ നിന്ന് മാർട്ടിനസിലെത്തിയ പന്ത് ബോക്സിലേക്ക് ഓടിക്കയറിയ കൊറിയക്ക് ലഭിക്കുകയായിരുന്നു. ഗോൾപോസ്റ്റിന്‍റെ വലത് ഭാഗത്തേക്ക് പന്ത് ഷൂട്ട് ചെയ്ത് കയറ്റിയ താരം ടീമിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.
വെറും മൂന്ന് മിനിറ്റിനുള്ളിൽ അർജന്‍റീന ലീഡുയർത്തി. വെനിസ്വേല ഗോൾകീപ്പർ ഫാറിനസ് തടുത്തിട്ട ശേഷം റീബൗണ്ടായി വന്ന പന്ത് വലയിലാക്കിയാണ് കൊറിയ സ്കോർ ചെയ്തത്. ഇഞ്ച്വറി സമയത്ത് വാറിലൂടെയാണ് ആതിഥേയർക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത സോറ്റെൽഡോക്ക് അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാട്ടിനസിനെ കീഴടക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.