ഇന്തോനേഷ്യയിൽനിന്ന് മാറ്റിയ അണ്ടർ20 ഫുട്ബാൾ ലോകകപ്പ് നടത്താൻ അർജന്റീന
text_fieldsഅണ്ടർ-20 ഫുട്ബാൾ ലോകകപ്പ് വേദിയാകാൻ ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീന. ഇസ്രായേലിനെ കളിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇന്തോനേഷ്യയിൽനിന്ന് മാറ്റിയ ലോകകപ്പ് ആതിഥേയത്വത്തിനാണ് അർജന്റീന സമ്മതം മൂളിയത്. മേയ് 20നാണ് ടൂർണമെന്റ് ആരംഭം. ഒന്നര മാസത്തിലേറെ മാത്രം ബാക്കിനിൽക്കെ ദിവസങ്ങൾക്കുള്ളിൽ ഇതു സംബന്ധിച്ച് ഫിഫ തീരുമാനമെടുക്കും.
അർജന്റീന ഫുട്ബാളിനെ നന്നായി അറിയാമെന്നും ഇത്ര വലിയ ടൂർണമെന്റ് സംഘടിപ്പിക്കാൻ രാജ്യത്തിനാകുമെന്നും ഫിഫ അധ്യഷൻ ഇൻഫാന്റിനോ പറഞ്ഞു. മറ്റു രാജ്യങ്ങളും സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും നിലവിലെ സീനിയർ ചാമ്പ്യൻമാരെന്ന നിലക്ക് അർജന്റീനക്കു തന്നെ നറുക്കു വീഴാനാണ് സാധ്യത.
ലോകകപ്പിനെത്തേണ്ട ഇസ്രായേൽ ടീമിനെ സ്വീകരിക്കാൻ സന്നദ്ധമല്ലെന്ന് ഇന്തോനേഷ്യയിലെ ബാലി ഗവർണർ അറിയിച്ചതിനു പിന്നാലെയാണ് ഫിഫ ഇടപെട്ടത്. ഇസ്രായേലിനെതിരെ കനത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലായിരുന്നു ബാലി പ്രാദേശിക ഭരണകൂടത്തിന്റെ നിലപാട്. ഇന്തോനേഷ്യയിൽ ലോകകപ്പ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിനിൽക്കെ ഫിഫ തീരുമാനം രാജ്യത്ത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഫിഫ വിലക്ക് വന്നതോടെ മറ്റു സോക്കർ മത്സരങ്ങളിലും ടീമിന്റെ പങ്കാളിത്തത്തെ ബാധിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.