2030 ഫുട്ബാൾ ലോകകപ്പ് ലാറ്റിൻ അമേരിക്കയിലാകണം; ഒന്നിച്ച് അപേക്ഷ നൽകി അർജന്റീന, ചിലി, പാരഗ്വെ, ഉറുഗ്വായ്
text_fields2030ലെ ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ താൽപര്യമറിയിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ. 100 വർഷം മുമ്പ് ആദ്യ ലോകകപ്പ് അരങ്ങേറിയ മണ്ണിലേക്ക് കളി തിരിച്ചെത്തണമെന്ന ആവശ്യവുമായി നിലവിലെ ചാമ്പ്യൻമാർക്കൊപ്പം ഉറുഗ്വായ്, ചിലി, പാരഗ്വെ എന്നിവരാണ് സംയുക്ത ആതിഥേയത്വത്തിനൊരുങ്ങുന്നത്. ഉറുഗ്വായ് തലസ്ഥാന നഗരമായ മൊണ്ടേവിഡോയിലായിരുന്നു ആദ്യ സോക്കർ ലോകകപ്പ് അരങ്ങേറിയത്.
അർജന്റീന ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ നാലു രാജ്യങ്ങളുടെയും പ്രതിനിധികൾക്കൊപ്പം ലാറ്റിൻ അമേരിക്കൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് അലിയാേന്ദ്രാ ഡൊമിൻഗസും പങ്കെടുത്തു.
‘‘എല്ലാ ലാറ്റിൻ അമേരിക്കക്കാരുടെയും സ്വപ്നമെന്ന നിലക്കാണ് ലോക ചാമ്പ്യന്മാരായ ഞങ്ങൾ ഈ ദൗത്യം ഏറ്റെടുക്കുന്നത്. ആദ്യ ലോകകപ്പിന്റെ ശതാബ്ദിയായതു കൊണ്ട് മാത്രമല്ല, ഫുട്ബാളിനോട് കാണിക്കുന്ന ആവേശം കൂടി മുൻനിർത്തിയാണിത്’’.
നാലു രാജ്യങ്ങൾക്കു പുറമെ ബൊളീവിയയുടെ പങ്കാളിത്തം കൂടി ഈ സ്വപ്ന മുഹൂർത്തത്തിൽ ആവശ്യപ്പെടുമെന്ന് അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പറഞ്ഞു.
1930ലെ കന്നി ലോകകപ്പിനു ശേഷം 1978ൽ അർജന്റീന, 1962ൽ ചിലി എന്നിവിടങ്ങളിൽ ലോകകപ്പ് നടന്നിട്ടുണ്ട്. പാരഗ്വെ ഒരിക്കലും ആതിഥേയരായിട്ടില്ല. ൃ
യൂറോപ്യൻ പ്രാതിനിധ്യമായി സ്‍പെയിൻ- പോർച്ചുഗൽ രാജ്യങ്ങളും ഏഷ്യ- ആഫ്രിക്കയിൽനിന്ന് മൊറോക്കോ- സൗദി അറേബ്യ രാജ്യങ്ങളും സംയുക്ത ആതിഥേയരാകാൻ നേരത്തെ അപേക്ഷ നൽകിയവരാണ്. മൂന്ന് അപേക്ഷകരിൽനിന്നാകും ഫിഫ ആതിഥേയരെ തെരഞ്ഞെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.