അർജന്‍റീന ഫുട്ബാൾ ടീം കേരളത്തിലേക്ക്; എ.എഫ്.എ അനുമതി ലഭിച്ചതായി സൂചന
text_fieldsതിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ടീം അടുത്ത വർഷം കേരളത്തിലെത്തും. അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) അനുമതി നൽകിയതായാണ് സൂചന.
അര്‍ജന്റീന ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ഏഷ്യയിലെ പ്രമുഖ ടീമിനെത്തന്നെ അർജന്റീനയെ നേരിടാൻ ഇറക്കാനാണു സാധ്യത. ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനങ്ങളിലുള്ള ടീമിനെതിരെയായിരിക്കും കളി. 15ാം സ്ഥാനത്തുള്ള ജപ്പാനാണ് റാങ്കിങ്ങിൽ മുന്നിലുള്ള ഏഷ്യൻ ടീം. ബുധനാഴ്ച രാവിലെ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നടത്തുന്ന വാർത്തസമ്മേളനത്തിൽ ഇതു സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകും.
തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും മത്സരങ്ങൾ നടക്കുക. ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സി ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. മെസ്സി കളിക്കണോ, വേണ്ടയോ എന്ന് എ.എഫ്.എ തീരുമാനിക്കും. അർജന്റീനയും നേരിടാനുള്ള ടീമും കേരളത്തിൽ മത്സരിക്കുന്നതിന്റെ ചെലവു മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണു തീരുമാനം. നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
നേരത്തേ സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബാള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.