അർജന്റീന പരിശീലകൻ ലയണൽ സ്‌കലോനിക്ക് സസ്പെൻഷനും പിഴയും
text_fieldsഅർജന്റീനയുടെ പരിശീലകൻ ലയണൽ സ്‌കലോനിക്ക് ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷനും പിഴയും ചുമത്തി. മത്സരങ്ങൾ പുനരാരംഭിക്കാൻ വൈകിയതിനെ തുടർന്നാണ് കോൺമബോളിന്റെ നടപടി.
കോപ്പയിൽ പെറുവിനെതിരായ ഗ്രൂപ്പ് ഘട്ട അവസാന മത്സരം സ്‌കലോനിക്ക് നഷ്ടമാകും. അസിസ്റ്റൻറ് കോച്ച് പാബ്ലോ ഐമറനായിരിക്കും പകരം ചുമതല.
കാനഡക്കും ചിലിക്കും എതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ ടീം ഇറങ്ങാൻ വൈകിയതിനാണ് പരിശീലകനെ വിലക്കിയത്. 15,000 ഡോളർ പിഴയും ചുമത്തി. പെറുവിനെതിരായ മത്സരത്തിൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാമെങ്കിലും ലോക്കർ റൂമിൽ പ്രവേശിക്കാനോ കളിക്കാരുമായി സംസാരിക്കാനോ സ്കലോനിക്ക് കഴിയില്ല. കൂടാതെ, മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിലും പങ്കെടുക്കാനാകില്ല. സ്കലോനിക്ക് മാത്രമല്ല, ചിലിയുടെ മുഖ്യ പരിശീലകൻ റിക്കാർഡോ ഗരേക്കയും സമാനമായ കാരണങ്ങളാൽ ഒരു മത്സരത്തിൽ സസ്പെൻഷനും പിഴയും ചുമത്തിയിട്ടുണ്ട്.
കോപ്പ അമേരിക്കയിൽ അർജന്റീന ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചിരുന്നു. കാനഡയെ 2-0ന് പരാജയപ്പെടുത്തിയ ശേഷം ചിലിക്കെതിരെ 1-0ന് ജയിച്ചു.
അതേസമയം, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സൂപ്പർതാരം ലയണൽ മെസ്സി പെറുവിനെതിരെ കളിക്കില്ലന്നാണ് റിപ്പോർട്ടുകൾ. ചിലിക്കെതിരായി കളിക്കുമ്പോൾ ചെറിയരീതിയിൽ പനിയും തൊണ്ടവേദനയും ഉണ്ടായിരുന്നതായി മത്സരശേഷം മെസ്സി പറഞ്ഞിരുന്നു. ഇതുകൂടാതെ മത്സരത്തിനിടെ ഉണ്ടായ പരിക്കും താരത്തിന് വിശ്രമം അനിവാര്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.