പെറുവിനെതിരെ ജയം; അർജന്‍റീന ലോകകപ്പ് യോഗ്യതക്ക് തൊട്ടടുത്ത്
text_fieldsബ്വേനസ് ഐറിസ്: പെറുവിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ച് അർജന്‍റീന ലോകകപ്പ് യോഗ്യതക്ക് തൊട്ടടുത്തെത്തി. 43ാം മിനിറ്റിൽ ലോതാരോ മാർട്ടിനസാണ് അർജന്‍റീനയുടെ വിജയഗോൾ നേടിയത്.
ആദ്യ പകുതിയിൽ സന്ദർശകർ അർജന്‍റീനയുടെ ലോകോത്തര നിരയെ പിടിച്ചുകെട്ടിയിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് മുമ്പ് അർജൈന്റൻ നിര കാഴ്ചവെച്ച അത്യുജ്വല പ്രകടനത്തിന് മുമ്പിൽ അവർക്ക് കാഴ്ചക്കാരായി നിൽക്കാനെ സാധിച്ചുള്ളൂ.
റോഡ്രിഗോ ഡിപോൾ നൽകിയ പന്ത് വലതുവിങ്ങിൽ നിന്ന് റൈറ്റ്ബാക്ക് നാഹ്വേൽ മൊളിന ബോക്സിലുണ്ടായിരുന്ന മാർട്ടിനസിന് ഉയർത്തി നൽകി. ഓടിയെത്തിയ മാർട്ടിനസ് പവർഫുൾ ഹെഡ്ഡറിലൂടെ പന്ത് വലയിലേക്ക് തുളച്ച് കയറ്റുകയായിരുന്നു.
മാർട്ടിനസിന്‍റെ ഗോളിന് ശേഷം അർജന്‍റീനക്ക് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. രണ്ടാം പകുതിയിൽ സമനില പിടിക്കാനുള്ള അവസരം പെറുവിന് ലഭിച്ചിരുന്നു. 63ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായ ജെഫേഴ്സൺ ഫർഫാൻ നേടിയ പെനാൽറ്റി യോഷിമാർ യോടുൻ പാഴാക്കി. കിക്ക് ക്രോസ്ബാറിൽ തട്ടി മടങ്ങുകയായിരുന്നു.
88ാം മിനിറ്റിൽ അർജന്‍റീനയുടെ ഗ്വിഡോ റോഡ്രിഗസ് പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ്ൈസഡ് വിളിച്ചു. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ഒരു കോർണർ കിക്കും ലഭിച്ചെങ്കിലും പെറുവിന് അതും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
ലാറ്റിനമേരിക്കയിലെ മറ്റ് മത്സരങ്ങളിൽ ബൊളീവിയ 4-0ത്തിന് പാരഗ്വായ്യെ തകർത്തു. ചിലെ വെനിസ്വേലയെ 3-0ത്തിന് തോൽപിച്ചപ്പോൾ കൊളംബിയയെ ഇക്വഡോർ ഗോൾരഹിത സമനിലയിൽ തളച്ചു. 11 മത്സരങ്ങളിൽ നിന്ന് 25 പോയിന്‍റുമായി അർജന്‍റീന മേഖലയിൽ രണ്ടാമതാണ്. ബ്രസീലാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമത്. 17 പോയിന്‍റുമായി ഇക്വഡോറാണ് മൂന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.