ഇനിയില്ല ആ വിഖ്യാത ജഴ്സി..!; മെസ്സിക്കൊപ്പം 10ാം നമ്പർ ജഴ്സിയും വിരമിച്ചേക്കും
text_fieldsബ്വേനസ് എയ്റിസ്: അർജന്റീനൻ ഇതിഹാസതാരം ലയണൽ മെസ്സി വിരമിച്ചാൽ കൂടെ അർജന്റീനയുടെ ഐകണിക് 10ാം നമ്പർ ജഴ്സിയും വിരമിക്കുമെന്ന് റിപ്പോർട്ട്. മെസ്സിക്കുള്ള ആജീവാനന്ത ആദരവായി ജഴ്സി പിൻവലിക്കുമെന്ന് അർജന്റീന ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ ക്ലോഡിയോ ടാപിയ അർജന്റീനൻ മാധ്യമത്തോട് വ്യക്തമാക്കിയതായി മാർക്ക റിപ്പോർട്ട് ചെയ്തു.
“മെസ്സി ദേശീയ ടീമിൽ നിന്ന് വിരമിക്കുമ്പോൾ, അദ്ദേഹത്തിന് ശേഷം മറ്റാരെയും പത്താം നമ്പർ ധരിക്കാൻ ഞങ്ങൾ അനുവദിക്കില്ല. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ഈ നമ്പർ '10' ആജീവനാന്തം വിരമിക്കും. ഞങ്ങൾക്ക് അവനുവേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്.” എ.എഫ്.എ പ്രസിഡന്റ് വ്യക്തമാക്കി.
അർജന്റീനക്കായി 180 മത്സരങ്ങളിൽ നിന്ന് 106 ഗോളുകൾ നേടിയ മെസ്സി 36 വർഷങ്ങൾക്ക് ശേഷം അർജന്റീനയെ വിശ്വകിരീടത്തിലേക്ക് നയിച്ച നായകൻ കൂടിയാണ്. 2021 ൽ കോപ്പ അമേരിക്കയും ഷോക്കേസിലെത്തിച്ചത് മെസ്സിക്ക് കീഴിലായിരുന്നു. രണ്ടു പതിറ്റാണ്ടോളം ബാഴ്സിലോണയുടെ താരമായിരുന്ന മെസ്സി ഇപ്പോൾ അമേരിക്കൻ മേജർ സോക്കർ ലീഗിലെ ഇന്റർമയാമിയിലാണ് പന്തുതട്ടുന്നത്.
ദേശീയ ടീമിനും ക്ലബുകൾക്കുമായി 800 ലധികം ഗോളുകൾ നേടിയ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻ ഡിഓർ പുരസ്കാരം ഏറ്റവും കൂടുതൽ (എട്ട്) തവണ നേടിയ താരമാണ്.
അതേസമയം, അർജന്റീനയുടെ 10ാം നമ്പർ ജഴ്സി പിൻവലിക്കാനുള്ള ശ്രമം ഇതാദ്യമല്ല എ.എഫ്.എ നടത്തുന്നത്. ഇതിഹാസ താരം ഡീഗോ മറഡോണ ധരിച്ചിരുന്ന ജഴ്സി പിൻവലിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടപ്പായില്ല.
2002 ലോകകപ്പിന് മുമ്പ്, അക്കാലത്ത് എ.എഫ്.എയുടെ പ്രസിഡന്റായിരുന്ന ജൂലിയോ ഗ്രോണ്ടോണയും ചില ഉദ്യോഗസ്ഥരുമാണ് ഡീഗോ മറഡോണയോടുള്ള ആദരവായി ജഴ്‌സി പിൻവലിക്കാൻ ശ്രമം നടത്തിയത്. നമ്പർ ഉപയോഗിക്കണമെന്ന ഫിഫയുടെ നിർദേശത്തെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.