ഫിഫ അവാർഡിലും അർജന്റീനത്തിളക്കം
text_fieldsപാരിസ്: 2022ലെ ഖത്തർ ലോകകപ്പിൽ കിരീടമണിഞ്ഞ അർജന്റീനക്ക് വീണ്ടുമൊരു ആഘോഷ ദിനം. ദ ബെസ്റ്റ് ഫിഫ ഫുട്ബാൾ അവാർഡ് ദാന ചടങ്ങ് എല്ലാം കൊണ്ടും അർജന്റീന മയമായി. മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള പുരസ്കാരം സൂപ്പർ താരം ലയണൽ മെസ്സി സ്വന്തമാക്കിയപ്പോൾ മികച്ച പരിശീലകനുള്ളത് ലോകകപ്പിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച ലയണൽ സ്കലോണിയെ തേടിയെത്തി. മികച്ച പുരുഷ ഗോൾകീപ്പറായി അവരുടെ തന്നെ എമിലിയാനോ മാർട്ടിനസും തെരഞ്ഞെടുക്കപ്പെട്ടു. ഫിഫ ഫാൻ അവാർഡ് സ്വന്തമാക്കിയതാകട്ടെ അർജന്റീന ആരാധകരും.
ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപെ, കരിം ബെൻസേമ എന്നിവരെ വോട്ടെടുപ്പിൽ പിന്തള്ളിയാണ് മെസ്സി മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയത്. മെസ്സിക്ക് 52 പോയന്റ് ലഭിച്ചപ്പോൾ എംബാപ്പെക്ക് 44, ബെൻസേമക്ക് 34 എന്നിങ്ങനെയാണ് നേടാനായത്. ഏഴ് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ 35കാരൻ രണ്ടാം തവണയാണ് ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്. ലോകകപ്പിൽ ഫൈനലിലെ ഇരട്ട ഗോളുകൾ ഉൾപ്പെടെ ഏഴു ഗോളുകൾ നേടിയ മെസ്സി മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ പുരസ്കാരം സ്വന്തമാക്കിയിരുന്നു. അർജന്റീനയെ കിരീട വിജയത്തിലെത്തിക്കുന്നതിലും ഫ്രഞ്ച് ഫുട്ബാൾ ലീഗിൽ പി.എസ്.ജിയെ ജേതാക്കളാക്കുന്നതിലും മെസ്സിയുടെ പങ്ക് നിർണായകമായിരുന്നു.
പെപ് ഗാർഡിയോള, കാർലോ ആൻസലോട്ടി എന്നിവരെ മറികടന്നാണ് ലയണൽ സ്കലോണി മികച്ച പുരുഷ ടീം പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടത്. മൊറോക്കൊയുടെ യാസിൻ ബോനു, ബെൽജിയത്തിന്റെ തിബോ കുർട്ടോ എന്നിവരെ പിന്നിലാക്കിയാണ് മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.