ബ്രസീൽ- അർജന്‍റീന ഫൈനലിൽ നേർക്കുനേർ കൊമ്പുകോർക്കുന്ന താരങ്ങളിൽ മികച്ചവർ ആര്?
text_fieldsസവോപോളോ: ചരിത്രം കാത്തിരുന്ന ആവേശപ്പെയ്ത്തിലേക്ക് കാൽപന്തുലോകമുണരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ബ്രസീലാണോ അർജന്‍റീനയാണോ മുന്നിൽ എന്ന േചാദ്യത്തിൽ വലിയ കഴമ്പില്ല. ഉത്തരമെന്തായാലും എതിർ ടീമിന്‍റെ ആരാധകർ അത് സമ്മതിക്കില്ല എന്നതുതന്നെ ഒന്നാം പ്രശ്നം. സൂപർ താരങ്ങളായ മെസ്സി- നെയ്മർ ദ്വയത്തെ ചൊല്ലിയും ആവേശത്തോടെ തർക്കിക്കാനാണ് പലർക്കും ഇഷ്ടം.
എന്നാൽ, ഇരു ടീമുകളിൽനിന്നും ഓരോ പൊസിഷനിലും കണ്ണുറങ്ങാതെ കളി കണ്ടിരിക്കേണ്ട ഏറ്റവും മികച്ച താരം ആരെന്ന സംശയം പ്രസക്തമാണ്. ഗോൾകീപർ മുതൽ സ്ട്രൈക്കർ വരെ ഇരു ടീമുകളിലും ഇറങ്ങുന്നത് ലോകം ആദരത്തോടെ നോക്കിക്കാണുന്ന പ്രമുഖർ തന്നെയാണെങ്കിലും അവർക്കും ലോകം മാർക്കിടുന്നുണ്ട്.
മെസ്സിയോ നെയ്മറോ...
ഒളിമ്പിക് സ്വർണം മാറ്റിനിർത്തിയാൽ ദേശീയ ജഴ്സിയിൽ ആദ്യ മുൻനിര കിരീടം തേടിയിറങ്ങിയ രണ്ട് സൂപർ താരങ്ങളിൽ മുന്നിൽ ആരാകും? 2019ൽ കോപ കിരീടം നേടിയ ബ്രസീൽ ടീമിലേക്ക് ക്ഷണമുണ്ടായിട്ടും പരിക്ക് വില്ലനായാണ് നെയ്മർ ഇറങ്ങാതിരുന്നതെങ്കിൽ 2014ലെ ലോകകപ്പ് ഫൈനലിൽ ജർമനിയോടും 2015, 16 വർഷങ്ങളിൽ കോപ ഫൈനലിൽ ചിലിയോടും കീഴടങ്ങിയ ടീമുകളിലെ കുന്തമുനയായിരുന്നു മെസ്സി.
നിലവിൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ. അതിലൊരാളേ ഇത്തവണയും കപ്പുമായി മടങ്ങൂ എന്നതാണ് പ്രശ്നം. ഫൈനൽ തലേന്ന് ഓൺലൈൻ പോർട്ടലായ 'ബോലവി.ഐ.പി' നടത്തിയ സർവേയിൽ പക്ഷേ, ഏറെ മുന്നിൽ ലയണൽ മെസ്സിയാണ്. 79 ശതമാനം പേർ മെസ്സിക്കൊപ്പം നിൽക്കുേമ്പാൾ 21 ശതമാനം മാത്രമാണ് നെയ്മറെ പിന്തുണക്കുന്നത്.
എമിലോ എഡേഴ്സണോ....
കൊളംബിയക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമിയിൽ ചോരാത്ത കൈകളുമായി രക്ഷകനായ ആസ്റ്റൺ വില്ല ഗോൾകീപർ എമിലിയാനോ മാർടിനെസും പ്രിമിയർ ലീഗിലെ ഗ്ലാമർ ടീമായ മാഞ്ചസ്റ്റർ സിറ്റിയുടെ കീപർ എഡേഴ്സണും തമ്മിലാണ് ഗോൾകീപർമാർക്കിടയിലെ പോര്. ഓേരാ കളിയിലും ഊർജം ഇരട്ടിയാക്കി ലോകത്തെ ഏറ്റവും മികച്ച ഗോൾകീപർമാരിലൊരാളായാണ് എഡേഴ്സൺ വാഴ്ത്തപ്പെടുന്നത്. എന്നാൽ, ഒറ്റ കളിയിൽ ചരിത്രം വഴിമാറിയവനാണ് എമിൽ. ഇരുവർക്കുമിടയിൽ ആരുമാകാം ഫൈനലിലെ ഹീറോ. സർവേയിൽ പക്ഷേ, പെനാൽറ്റി കാത്ത എമിലിയാനോ തന്നെ മുന്നിൽ- 64 ശതമാനം പേരുടെ പിന്തുണ.
നഹുവ മോളിന- ഡാനിലോ
യൂറോപ്യൻ സോക്കറിലും അർജന്‍റീന ദേശീയ ടീമിലും വൈകി ബൂട്ടുകെട്ടിയ 23 കാരൻ നഹുവൽ മോളിനക്ക് കരുത്തനായ എതിരാളിയാണ് സാംബ പ്രതിരോധ മതിലിലെ കടുപ്പം കൂടിയ താരമായ ഡാനിലോ. യുവന്‍റസ് ജഴ്സിയിൽ കളിക്കുന്ന ഡാനിലോക്ക് ഉശിര് ഇത്തിരി കൂടുമെങ്കിൽ ബൊക്ക ജൂനിയേഴ്സ് വേഷം അഴിച്ചുവെച്ച് ഇറ്റാലിയൻ ക്ലബായ ഉദിനീസിലേക്ക് അടുത്തിടെയാണ് മോളിന ചേക്കേറിയത്. ഡാനിലോക്കൊപ്പമാണ് സർവേയിൽ പങ്കെടുത്തവരിലേറെയും- 63 ശതമാനം.
മാർക്വിഞ്ഞോസ്- പെസല്ല
ബ്രസീൽ പ്രതിരോധത്തിലെ ലോകം നമിക്കുന്ന പേരായ മാർക്വിഞ്ഞോസിന്‍റെ പൊസിഷനിൽ അർജന്‍റീനക്കായി ഇറങ്ങുന്ന ഫിയോറന്‍റീന സെന്‍റർ ബാക്ക് ജർമൻ പെസല്ലയാണ്. കാര്യമായ എതിർപ്പുകളില്ലാതെ മാർക്വിഞ്ഞോസ് തന്നെ സർവേയിൽ ലീഡ് ചെയ്യുന്നു- 72 ശതമാനം പേർ താരത്തിനൊപ്പമുണ്ട്.
തിയാഗോ സിൽവ- ഓട്ടമെൻഡി
പ്രതിരോധത്തിൽ കോട്ട തീർത്ത് ഇരുവശത്തായി ബൂട്ടുകെട്ടുന്ന ലോകോത്തര താരങ്ങളാണ് തിയാഗോ സിൽവയും നികൊളാസ് ഓട്ടമെൻഡിയും. അടുത്തിടെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസി കിരീടത്തിൽ മുത്തമിട്ടപ്പോൾ കൂടെ സിൽവയുമുണ്ടായിരുന്നു. വർഷങ്ങളായി നീലക്കുപ്പായത്തിൽ സജീവ സാന്നിധ്യമായ ഓട്ടമെൻഡി ഈ ടൂർണമെന്‍റിൽ മികച്ച കളിയാണ് കെട്ടഴിച്ചത്. സർവേയിൽ സിൽവക്കാണ് മുന്നിൽ- 59 ശതമാനം.
നികൊളാസ് ടഗ്ലിയാഫികോ- റിനൻ ലോഡി
കാനറികളുടെ വല തുളക്കാതെ ഗോളിയെ സഹായിച്ച് പ്രതിരോധത്തിലെ വലിയ പേരായി നിലയുറപ്പിക്കുന്ന റിനൻ ലോഡിയും മറുവശത്ത് നികൊളാസ് ടഗ്ലിയാഫികോയും മികവു തെളിയിച്ചവർ. മാർകോസ് അക്യൂനക്കു പകരം എത്തിയ ടഗ്ലിയാഫികോയെ വീണ്ടും പരീക്ഷിക്കാനാണ് അർജന്‍റീന കോച്ചിനിഷ്ടമെന്നാണ് സൂചന. മറുവശത്ത് അലക്സ് സാണ്ട്രോയുടെ പകരക്കാരനായ ലോഡിയും ഫൈനലിൽ ഇറങ്ങിയേക്കും. ഇരുവരിൽ ടഗ്ലിയാഫികോക്ക് ഒപ്പമാണ് ആരാധകർ- 73 ശതമാനം.
ഡീ പോൾ- െഫ്രഡ്
മധ്യനിരയിൽ ഇരു ടീമും ലോകത്തെ ഏറ്റവും മികച്ചവരുടെ കളിയിടമാണ്. സാംബ താളം ദ്രുതഗതിയിലാക്കി ഫ്രഡ് ഇറങ്ങുേമ്പാൾ അധികം കരുത്തോടെ അത്ലറ്റികോ താരം ഡി പോൾ അർജന്‍റീനയുടെ മിഡ്ഫീൽഡ് ജനറലായും വേഷം ഗംഭീരമാക്കുന്നു. സർവേയിൽ ഡി പോളിനൊപ്പമാണ് കൂടുതൽ പേർ- 76 ശതമാനം.
ഗൈഡോ റോഡ്രിഗസ്/പരേഡെസ്- കാസെമിറോ
ലയണൽ സ്കേലോണിക്ക് ഇപ്പോഴും കൺഫ്യൂഷൻ തീരാത്ത രണ്ടു പേരാണ് ലിയാൺഡ്രോ പരേഡെസും ഗൈഡോ റോഡ്രിഗസും. പ്രതിരോധത്തിൽ തുടങ്ങി മധ്യനിര കടന്ന് മുന്നേറ്റം വരെ പന്തുമായി 90മിനിറ്റും ഓടാൻ ശേഷിയുള്ള രണ്ടുപേർ. ബ്രസീൽ ടീമിൽ പകരക്കാരനെ വേണ്ടാത്തയാളായി കാെസമിറോയുമുണ്ട്. മൂവരിൽ ഒന്നാമൻ കാസെമിറോ- 55 ശതമാനം വോട്ട്. അർജന്‍റീനക്കാരിൽ പരേഡെസിനാണ് കൂടുതൽ പേർ- 31 ശതമാനം.
ലോ സെൽസോ- ലുകാസ് പാക്വറ്റ
പാസിങ്ങിലെ അതികൃത്യതയാണ് അർജന്‍റീന താരം ലോ സെൽസോയുടെ സവിശേഷത. മെസ്സിക്ക് ഏറ്റവും മികച്ച കൂട്ടും. ഈ കോപയിലെ അതിമിടുക്കരായ മിഡ്ഫീൽഡ് ജനറൽമാരിൽ മുന്നിലാണ് ബ്രസീലിന്‍റെ പാക്വറ്റ. അവരിൽ ഒരാളെ തെരഞ്ഞെടുക്കേണ്ടിവരുേമ്പാൾ പക്ഷേ, ലോ സെൽസോക്കാണ് നറുക്ക്- 62 ശതമാനം വോട്ട്.
നികൊളാസ് ഗോൺസാലസ്- എവർടൺ
സ്കേലോണിയുടെ ഇഷ്ട താരങ്ങളിലൊന്നാണ് അർജന്‍റീന മുന്നേറ്റത്തിന്‍റെ കുന്തമുനകളിലൊന്നായ ഗോൺസാലസ്. ദേശീയ ജഴ്സിയിൽ പക്ഷേ, ഈ കോപയിൽ കന്നിക്കാരൻ. ബ്രസീലിന്‍റെ എവർടണെ അറിയാത്തവർ കുറവാകും. സർവേയിൽ ബഹുദൂരം മുന്നിൽ ഗോൺസാലസാണ്.
റിച്ചാർലിസൺ- ലോടറോ മാർടിനെസ്
ഇന്‍റർ മിലാൻ മുന്നേറ്റം ഭരിച്ച് യൂറോപിൽ ഏറെ ശ്രദ്ധ നേടിയ ലോടറോ മാർടിനെസ് കോപയിൽ അതിവേഗം ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. ഇതുവരെ കുറിച്ചത് മൂന്നു ഗോളുകൾ. മറുവശത്ത്, ബ്രസീൽ ജഴ്സിയിൽ ക്ലാസിക് നമ്പറായ ഒമ്പത് ആണ് റിച്ചാർലിസന്‍റെ വേഷം. കോപയിൽ ബ്രസീൽ ആക്രമണത്തിന്‍റെ കരുത്തും കരുതലും. ഇരുവരിൽ മാർടിനെസിനൊപ്പമാണ് ബഹുഭൂരിപക്ഷവും- 79 ശതമാനം പേർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.