'സമനില'യായ കളി അർജന്‍റീന തോറ്റതെങ്ങനെ? പാരീസിൽ നടന്നത് വൻ ട്വിസ്റ്റ്
text_fieldsപാരീസ്: ഒളിംപിക്സ് മെൻസ് ഫുട്ബാളിലെ ആവേശകരമായ മത്സരത്തിൽ മൊറോക്കോക്കെതിരെ അവസാന മിനിറ്റിൽ നേടിയ തകർപ്പൻ ഗോളിലൂടെ അർജന്‍റീന തോൽവിയുടെ മുഖത്ത് നിന്ന് സമനില നേടിയെന്ന ആശ്വാസത്തിലായിരുന്നു ആരാധകർ. എന്നാൽ, കളി കഴിഞ്ഞെന്ന് കരുതിയതിന് ഒരു മണിക്കൂറിന് ശേഷം 'ട്വിസ്റ്റ്' വന്നു. അർജന്‍റീനയുടെ സമനില ഗോൾ ഓഫ് സൈഡായിരുന്നു. ഇതോടെ, ഒളിംപിക്സിലെ ആദ്യ മത്സരത്തിൽ അർജന്‍റീനക്ക് 1-2ന്‍റെ തോൽവി.
16 മിനിറ്റ് നീണ്ട ഇൻജുറി ടൈമിലാണ് അത്യന്തം നാടകീയ രംഗങ്ങൾ സംഭവിച്ചത്. 2-1ന് പിന്നിട്ടുനിന്ന അർജന്‍റീന ഗോൾ മടക്കാൻ കഠിന നീക്കങ്ങൾ നടത്തി. ഒടുവിൽ അവസാന മിനിറ്റിൽ ക്രിസ്റ്റ്യൻ മെഡീനയുടെ ഗോളിലൂടെ അർജന്‍റീന സമനില പിടിച്ചു. ഇത് ഓഫ് സൈഡാണെന്ന വാദവുമുയർന്നു. ഇതോടെ, മൊറോക്കോ ആരാധകരും കാണികളും ഗ്രൗണ്ടിലേക്കിറങ്ങി മത്സരം തടസ്സപ്പെട്ടു. ടീമുകൾ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയതോടെ അർജന്‍റീന-മൊറോക്കോ മത്സരം 2-2ന് സമനിലയിൽ അവസാനിച്ചെന്ന് എല്ലാവരും കരുതി.
പിന്നീടാണ് ട്വിസ്റ്റുണ്ടായത്. മത്സരം യഥാർഥത്തിൽ അവസാനിച്ചിരുന്നില്ല. കാണികൾ ഗ്രൗണ്ടിലിറങ്ങിയതോടെ നിർത്തിവെച്ചതായിരുന്നു. ദീർഘനേരത്തെ വാർ പരിശോധനയിൽ മെഡീന നേടിയ ഗോൾ ഓഫ് സൈഡാണെന്ന് റഫറി വിളിച്ചു. അപ്പോഴേക്കും അർജന്‍റീന ടീം ഡ്രസ്സിങ് റൂമിൽ തിരികെയെത്തി ഒരു മണിക്കൂർ പിന്നിട്ടിരുന്നു.
പിന്നീട്, അവശേഷിച്ച മൂന്ന് മിനിറ്റ് കൂടി കളിച്ച് മത്സരം പൂർത്തിയാക്കാനുള്ള നിർദേശം വന്നു. കാണികളെ മുഴുവൻ ഒഴിപ്പിച്ച ശേഷം കളി മൂന്ന് മിനിറ്റ് തുടർന്നെങ്കിലും അർജന്‍റീനക്ക് ഗോൾ കണ്ടെത്താനായില്ല. ഇതോടെ മത്സരത്തിൽ മൊറോക്കോക്ക് 2-1ന്‍റെ വിജയം.
മൂന്ന് സീനിയർ താരങ്ങൾക്ക് മാത്രം അധികമായി അവസരമുള്ള അണ്ടർ 23 ടീമുകൾ മാറ്റുരച്ച ഒളിമ്പിക് പോരാട്ടത്തിൽ ശക്തമായ പോരാട്ടമാണ് ഇരുടീമും കാഴ്ചവെച്ചത്. ആദ്യവസാനം പന്തിന്റെ നിയന്ത്രണം നിലനിർത്താൻ അർജന്റീനയും ഗോൾമുഖം തുറക്കാൻ മൊറോക്കോയും മത്സരിച്ചപ്പോൾ ഗോൾ പിറക്കാൻ ആദ്യ പകുതിയുടെ അവസാനംവരെ കാത്തുനിൽപ് തുടർന്നു.
ആദ്യം ഗോൾവല കുലുക്കിയത് മൊറോക്കോയാണ്. മനോഹരമായ നീക്കത്തിനൊടുവിൽ അഖോമാഷ് നൽകിയ ബാക്ഹീൽ പാസ് പിടിച്ചെടുത്ത അസൂസി പോസ്റ്റിനു മുന്നിൽ കാത്തുനിന്ന സുഫിയാൻ റഹീമിയെ കണക്കാക്കി പായിച്ച ക്രോസ് അനായാസം വലയിലെത്തിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച പാരിസ് മൈതാനത്തെ സാക്ഷി നിർത്തി രണ്ടാം പകുതിയുടെ തുടക്കത്തിൽ മൊറോക്കോ വീണ്ടും വലകുലുക്കി. ഇത്തവണ പെനാൽറ്റി ബോക്സിൽ മൊറോക്കോ താരത്തെ കൈവെച്ചുവീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലായിരുന്നു ലീഡ് ഉയർന്നത്. കിക്കെടുത്ത റഹീമി പായിച്ച ഗ്രൗണ്ടർ ഗോളിയെ കീഴടക്കി വലയിൽ.
ഇതോടെ, ആക്രമണം കനപ്പിച്ച അർജന്റീനയുടെതായിരുന്നു പിന്നീട് ഊഴം. 68ാം മിനിറ്റിൽ സിമോൺ വക ടീം ഒരു ഗോൾ മടക്കി. പിന്നീടും പലവട്ടം മൊറോക്കോ ഗോൾമുഖം വിറച്ചപ്പോഴൊക്കെയും നീട്ടിപ്പിടിച്ച ചോരാകൈകളുമായി ഗോളി രക്ഷകനായി.
16 മിനിറ്റ് നീണ്ട ഇഞ്ച്വറി സമയം അവസാനിക്കാനിരിക്കെയായിരുന്നു നാടകീയ നിമിഷങ്ങൾ. മെഡീന പന്ത് ഗോൾവലയിലെത്തിച്ചതോടെ അർജന്‍റീന അവസാന നിമിഷം സമനില നേടിയെന്ന് എല്ലാവരും കരുതി. ഗോൾ ഓഫ് സൈഡാണെന്ന് വാദിച്ച്, അർഹിച്ച ജയം നിഷേധിക്കപ്പെട്ടെന്ന ആധിയുമായി മൊറോക്കോ ആരാധകർ മൈതാനം കൈയേറി. കാണികൾ ഗ്രൗണ്ട് കയ്യേറിയതോടെ ടീമുകൾ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പിന്നീടാണ് മത്സരം പൂർത്തിയായതല്ലെന്നും നിർത്തിവെക്കുകയായിരുന്നെന്നും വ്യക്തമായത്. വാർ പരിശോധനയിൽ മെഡീനയുടെ ഗോൾ ഓഫ് സൈഡാണെന്ന് വിധിക്കുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷമാണ് ടീമുകൾ തിരികെയെത്തി മൂന്ന് മിനിറ്റ് കളിച്ച് മത്സരം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.