മെസ്സിക്ക് 'ഇരട്ടഗോൾ' നഷ്ടമായത് തലനാരിഴക്ക്; ഒടമെൻഡിയുടെ മിന്നുംഗോളിൽ പരഗ്വെയെ വീഴ്ത്തി അർജന്റീന
text_fieldsബ്വേനസ് എയ്റിസ്: ലോകകപ്പ് യോഗ്യത റൗണ്ടിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ ജൈത്രയാത്ര തുടരുന്നു. പരഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ലാറ്റിനമേരിക്കൻ യോഗ്യത പട്ടികയിൽ അർജന്റീന ഒന്നാമതെത്തിയത്. നിക്കോളസ് ഒടമെൻഡിയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ഇതിഹാസ താരം ലയണൽ മെസ്സിയെ ബെഞ്ചിലിരുത്തിയാണ് അർജന്റീന ആദ്യ ഇലവനിൽ ഇറങ്ങിയത്.
ഹൂലിയൻ ആൽവാരസും നിക്കോളസ് ഗോൺസാലസും ലൗതാരോ മാർട്ടിനസുമാണ് അർജന്റീനൻ മുന്നേറ്റ നിര നയിച്ചത്. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ അർജന്റീന ലീഡെടുത്തു. ഡീപോളിന്റെ കോർണർ കിക്കിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഒടാമെൻഡി തകർപ്പൻ ആംഗുലർ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. സ്റ്റാർട്ടിങ് ലൈനപ്പിൽ മെസ്സി ഇല്ലാത്തതിനാൽ ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞായിരുന്നു ഒടാമെൻഡിയുടെ വിധിനിർണായക ഗോൾ. നിരവധി അവസരങ്ങളിലൂടെ കടന്നുപോയ ആദ്യ പകുതിയിൽ പിന്നെ ഗോളൊന്നും പിറന്നില്ല. റോഡ്രിഗോ ഡി പോളിന്റെ ഷോട്ട് ഒരു തവണ പോസ്റ്റിനെ പ്രകമ്പനം കൊള്ളിച്ചാണ് ഗതിമാറിയകന്നത്.
രണ്ടാം പകുതിയിൽ 53ാം മിനിറ്റിലാണ് മെസ്സി മൈതാനത്തെത്തിയത്. ഹൂലിയൻ ആൽവരസിനെ പിൻവലിച്ച് കോച്ച് ലയണൽ സ്കലോണി ഇതിഹാസ താരത്തെ കളത്തിലിറക്കുകയായിരുന്നു. മിന്നും പ്രകടനത്തിലൂടെ കളം ഭരിച്ച മെസ്സിക്ക് നിർഭാഗ്യം വിനയായി. ഇരട്ടഗോൾ കാണാനുള്ള അവസരമാണ് മെസ്സി ആരാധകർക്ക് നഷ്ടമായത്. മെസ്സിയെടുത്ത മഴവില്ല് കണക്കെയുള്ള കോർണർ കിക്ക് ബാറിൽ തട്ടി തെറിക്കുകയായിരുന്നു. കളി തീരാൻ മിനുറ്റുകൾ മാത്രം ശേഷിക്കെ ലഭിച്ച ഫ്രീകിക്കും പോസ്റ്റിൽ തട്ടി വഴിമാറി. മൂന്ന് ഗോളിന്റെ വ്യത്യാസത്തിൽ ജയിക്കാമായിരുന്ന മത്സരം അങ്ങനെ 1-0 ന് അവസാനിച്ചു.
ഈ ജയത്തോടെ ബ്രസീലിനെ പിന്തള്ളി അർജന്റീന ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത പട്ടികയിൽ ഒന്നാതെത്തി. മൂന്നിൽ മൂന്നും ജയിച്ച അർജന്റീനക്ക് ഒമ്പത് പോയിന്റാണുള്ളത്. രണ്ട് ജയവും ഒരു സമനിലയുമായി ഏഴു പോയിന്റുള്ള ബ്രസീലാണ് രണ്ടാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.