കോപ അമേരിക്ക ഫൈനലിൽ അർജന്റീന നാളെ കൊളംബിയക്കെതിരെ
text_fieldsമയാമി: മൂന്നുവർഷത്തിനിടെ, മൂന്നാമത്തെ വമ്പൻ കിരീടം ടീമിന് സമ്മാനിക്കാനൊരുങ്ങി സൂപ്പർ താരം ലയണൽ മെസ്സി. 2021ലെ കോപ, 2002ലെ ലോകകപ്പ് പോരാട്ടങ്ങളിൽ രാജ്യത്തിന് കിരീടം ചാർത്തിക്കൊടുത്ത മെസ്സിക്ക് മറ്റൊരു കിരീടം കരിയറിന്റെ അസ്തമയ നാളിൽ മറ്റൊരു വർണക്കാഴ്ചയാകും.
ടൂർണമെന്റിൽ സ്ഥിരതയാർന്ന പ്രകടനം തുടർന്ന കൊളംബിയയാണ് തിങ്കളാഴ്ച രാവിലെ 5.30ന് നടക്കുന്ന ഫൈനലിലെ എതിരാളികൾ. തുടർച്ചയായി മൂന്ന് കിരീടങ്ങൾ അർജന്റീനക്ക് ഒരിക്കൽ മാത്രമാണ് ലഭിച്ചത്. 1945, 46, 47 വർഷങ്ങളിൽ കോപ അമേരിക്ക നേടിയതാണ് ഇതിന് മുമ്പുള്ള നേട്ടം.
സെമിഫൈനലിൽ കാനഡക്കെതിരെ ഗോൾ നേടിയ മെസ്സി ഫൈനലിലും ഗോൾ നേടുമെന്ന പ്രതീക്ഷയിലാണ് ടീം. ആറ് കോപ ചാമ്പ്യൻഷിപ്പുകളിൽ ഗോൾ നേടിയ താരമെന്ന ബഹുമതിയാണ് സെമിയിൽ മെസ്സി സ്വന്തമാക്കിയത്. 2007 മുതൽ 2024 വരെയാണ് മെസ്സിയുടെ ഗോളടി. ആറ് പതിറ്റാണ്ടുമുമ്പ് സിസിഞ്ഞോയാണ് ഈ നേട്ടത്തിനുടമയായ ആദ്യ താരം. 17 വർഷം മുമ്പ് പെറുവിനെതിരെയായിരുന്നു മെസ്സിയുടെ ആദ്യഗോൾ.
‘മാലാഖ’ക്ക് ഒരു കിരീടം
വർഷങ്ങളായി ഉറ്റ കൂട്ടുകാരനായ ഏയ്ഞ്ചൽ ഡി മരിയക്കുവേണ്ടി ഈ ഫൈനൽ ജയിച്ചേ മതിയാകൂവെന്ന് മെസ്സി കഴിഞ്ഞ ദിവസം കാനഡക്കെതിരായ സെമി ഫൈനലിനുശേഷം വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഫൈനലിനു ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്ന് ഡി മരിയ പ്രഖ്യാപിച്ചിരുന്നു. 2008ലെ ഒളിമ്പിക്സിലും 2021ലെ കോപയിലും 2022ലെ ഖത്തർ ലോകകപ്പിലും ഫെനലിസീമയിലും അർജൻറീന ജേതാക്കളായപ്പോൾ ഗോളടിച്ചത് മരിയയായിരുന്നു.
അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ച ശേഷം ബെൻഫിക്കയിൽ 2025 വരെ ക്ലബ് ഫുട്ബാളിൽ ഡി മരിയ തുടരും. 144 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഡി മരിയ 31 ഗോളുകൾ നേടിയിട്ടുണ്ട്. 32 അസിസ്റ്റന്റുകളുമുണ്ട്. കണക്കിൽ അർജന്റീനയാണ് മുന്നിൽ. അവസാനമായി ഏറ്റുമുട്ടിയ 12 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് കൊളംബിയക്കുള്ളത്. ആറെണ്ണം അർജൻറീന ജയിച്ചു.
അഞ്ച് കളികൾ സമനിലയായി. കഴിഞ്ഞ കോപ സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജൻറീന കൊളംബിയയെ തോൽപിച്ചത്. ഇത്തവണ എക്വഡോറിനെ ഷൂട്ടൗട്ടിൽ കീഴടക്കിയ അർജന്റീനയെ മുമ്പ് മൂന്ന് തവണ പെനാൽറ്റി ചതിച്ചിട്ടുണ്ട്, 2004ലും 2015ലും 2016ലും.
അർജൻറീനയുടെ തുടക്ക ലൈനപ്പിൽ മാറ്റമുണ്ടാകില്ല. ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് തഗ്ലിയാഫിക്കോ എന്നിവർ പ്രതിരോധത്തിലുണ്ടാകും.എൻസോ ഫെർണാണ്ടസും റോഡ്രിഗോ ഡി പോളും മിഡ്ഫീൽഡിലുണ്ടാകും.
വിടവാങ്ങൽ പോരാട്ടത്തിൽ ഏയ്ഞ്ചൽ ഡി മരിയക്കും അവസരം ലഭിച്ചേക്കും. ജുലിയൻ അൽവാരസാകും മെസിക്കൊപ്പം അറ്റാക്കിങ്ങിൽ. ഗോൾഡൻ ബൂട്ട് നേടാൻ സാധ്യതയുള്ള ലൗതാരോ മാർട്ടിനസ് ഫൈനലിലും പകരക്കാരനാകും.
ആക്രമണത്തിലും പ്രതിരോധത്തിലും ഇത്തവണ കരുത്തുറ്റ സംഘമാണ് കൊളംബിയ. 12 ഗോളുകളാണ് നെസ്റ്റർ ലോറെൻസോ പരിശീലിപ്പിക്കുന്ന ടീം നേടിയത്. രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്. ക്യാപ്റ്റൻ ജെയിംസ് റോഡ്രിഗസും ലൂയിസ് ഡയസും ജോൺ എരിയാസും ജോൺ കൊർഡോബയുമടക്കമുള്ള മിടുക്കരായ താരങ്ങൾ അർജന്റീനക്ക് കടുത്ത വെല്ലുവിളിയാകും. ലോക റാങ്കിങ്ങിൽ അർജൻറീന ഒന്നാമതും കൊളംബിയ 12ാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.