മാറക്കാനയിൽ അർജന്റീനൻ വിജയഭേരി; ബ്രസീലിനെ വീഴ്ത്തിയത് ഒരു ഗോളിന്
text_fieldsറിയോ ഡെ ജനീറോ: ഫുട്ബാൾ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിലെ ആവേശ പോരാട്ടത്തിൽ അർജന്റീനക്ക് ജയം. ബ്രസീലിനെ അവരുടെ തട്ടകമായ ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിൽ ഏകപക്ഷീയ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. 63ാം മിനിറ്റിൽ നിക്കോളസ് ഓട്ടമെൻഡിയാണ് അർജന്റീക്കായി ഏക ഗോൾ കണ്ടെത്തിയത്. സ്റ്റേഡിയത്തിലെ അക്രമങ്ങളെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് നിശ്ചിത സമയത്തിനും അര മണിക്കൂർ കഴിഞ്ഞാണ് മത്സരം ആരംഭിച്ചത്.
ലയണൽ മെസ്സി-ഹൂലിയൻ ആൽവാരസ് എന്നിവർ നയിച്ച അർജന്റീനയുടെ മുന്നേറ്റ നിരക്കൊപ്പം മാക് അലിസ്റ്റർ, ഡിപോൾ, എൻസോ ഫെർണാണ്ടസ്, ലോസെൽസോ എന്നിവരാണ് അണിനിരന്നത്.
ഗബ്രീയൽ ജീസസിനൊപ്പം റാഫീഞ്ഞ, റോഡ്രിഗോ, മാർട്ടിനല്ലി എന്നിവരാണ് ബ്രസീൽ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ഇരുടീമിനും ഗോളുറപ്പിച്ച നിരവധി മുന്നേറ്റങ്ങളുണ്ടായെങ്കിലും വലകുലുക്കാനായില്ല. രണ്ടാം പകുതിയിൽ 63ാം മിനിറ്റിൽ ലോസെൽസോയുടെ ഒന്നാന്തരം കോർണർ കിക്കിൽ ഉഗ്രൻ ഹെഡറിലൂടെ ഓട്ടമെൻഡി വലയിലാക്കുകയായിരുന്നു.
തുടർന്ന് ഗോൾ മടക്കാനുള്ള ബ്രസീൽ ശ്രമങ്ങൾക്ക് അർജന്റീനയുടെ പ്രതിരോധം ഭേതിക്കാനായില്ല. 81ാം മിനിറ്റിൽ ഡിപ്പോളിനെ ഫൗൾ ചെയ്ത് വീഴത്തിയതിന് ബ്രസീൽ മിഡ്ഫീൽഡർ ജോളിൻടൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 72ാം മിനിറ്റിൽ മെഗൽഹാസിന് പകരക്കാരനായാണ് ജോളിൻടൺ കളിത്തിലിറങ്ങുന്നത്. തുടർന്ന് പത്ത് പേരായി ചുരുങ്ങിയ ബ്രസീൽ അവസാനം നിമിഷം വരെ പോരാടിയെങ്കിലും ഫലം കണ്ടില്ല.
ഈ മത്സരത്തിലെ വിജയത്തോടെ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിലെ പോയിന്റ് പട്ടികയിൽ അർജന്റീന ഒന്നാമതെത്തി. ആറ് മത്സരങ്ങളിൽ അഞ്ചും ജയിച്ച അർജന്റീനക്ക് 15 പോയിന്റാണുള്ളത്. മൂന്ന് തോൽവികൾ ഏറ്റു വാങ്ങിയ ബ്രസീൽ ഏഴ് പോയിന്റുമായി ആറാം സ്ഥാനത്താണ്. 13 പോയിന്റുള്ള ഉറുഗ്വെയാണ് രണ്ടാമത്.
അനിഷ്ട സംഭവങ്ങൾ; മത്സരം ആരംഭിച്ചത് അരമണിക്കൂർ വൈകി
ബ്രസീൽ-അർജന്റീന പോരാട്ടം നടക്കുന്ന മാറക്കാന സ്റ്റേഡിയത്തിൽ ആരാധകർ ഏറ്റുമുട്ടി. മത്സരം ആരംഭിക്കുന്നതിന് മുൻപ് തുടങ്ങിയ ഗ്യാലറിയിലെ അസ്വാരസ്യങ്ങൾ അതിരുവിട്ടതിനെ തുടർന്ന് പൊലീസ് ആരാധകരെ അടിച്ചോടിക്കുകയായിരുന്നു.
കളി ആരംഭിക്കാനായി ഇരു ടീമും ഗ്രൗണ്ടിൽ അണിനിരന്ന സമയത്താണ് ഗ്യാലറിയിൽ ആരാധകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടാകുന്നത്. ദേശീയ ഗാനം ആലപിക്കുമ്പോൾ ബ്രസീൽ ആരാധകർ കൂവി വിളിച്ചെതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്നാണ് റിപ്പോർട്ട്. ഇരു ടീം അംഗങ്ങളും ഗ്യാലറിക്കരികിലെത്തി ആരാധകരോട് ശാന്തരാകാൻ നിർദേശിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല. തുടർന്ന് കളിക്കാനാകില്ലെന്ന് അറിയിച്ച് അർജന്റീനൻ ടീം ഡ്രസ്സിങ് റൂമിലേക്ക് തന്ന തിരിച്ചുപോയി. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ അരമണിക്കൂർ കഴിഞ്ഞാണ് മറക്കാനയിൽ മത്സരം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.