‘ഫ്രാൻസ് കരച്ചിൽ നിർത്തൂ’; ഫൈനൽ വീണ്ടും നടത്തണമെന്ന ഹരജിക്ക് മറുപടിയുമായി അർജന്‍റീനയിലും ഒപ്പുശേഖരണം
text_fieldsഖത്തർ ലോകകപ്പ് ഫൈനലിലെ തോൽവി സമ്മതിക്കാൻ ഫ്രഞ്ച് ആരാധകർ ഇനിയും തയാറായിട്ടില്ല. ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആരാധകർ ഇന്‍റർനെറ്റിലൂടെ ഒപ്പുശേഖരണം നടത്തുകയാണ്.
രണ്ടു ലക്ഷം പേരാണ് ഇതിനകം ഹരജിയിൽ ഒപ്പിട്ടിരിക്കുന്നത്. ഈ ഹരജി ഫിഫക്ക് സമർപ്പിക്കാനാണ് തീരുമാനം. എന്നാൽ, ഫ്രഞ്ച് ആരാധകരുടെ ഒപ്പുശേഖരണത്തിന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് അർജന്‍റീനയുടെ ആരാധകർ. ‘വാലന്റൈൻ ഗോമസ്’ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഒപ്പുശേഖരണം നടത്തുന്നത്. ഒരു മണിക്കൂറിനുള്ളിൽ നാലു ലക്ഷത്തിലധികം പേരാണ് ഹരജിയിൽ ഒപ്പിട്ടിരിക്കുന്നത്.
‘ലോകകപ്പ് ഫൈനൽ വീണ്ടും നടത്താനായി ഫ്രഞ്ചുകാർ ഒപ്പ് ശേഖരിക്കുന്നതിനാൽ, ഈ നിമിഷം അർജന്റീനക്കാർ ഒന്നിച്ചുനിൽക്കണമെന്നും ഒപ്പുകൾ ശേഖരിക്കണമെന്നും ഞാൻ നിർദേശിക്കുന്നു, അങ്ങനെ ഫ്രഞ്ചുകാർ കരയുന്നത് അവസാനിപ്പിക്കാനും ഒപ്പുകളുടെ ലോകകപ്പ് നേടാനുമാകും’ -ഗോമസ് എന്ന ട്വിറ്റർ അക്കൗണ്ട് പറയുന്നു.
സമൂഹമാധ്യമങ്ങളിലടക്കം ഫ്രാൻസിനെ വിമർശിച്ച് നിരവധി പേരാണ് പോസ്റ്റിട്ടിരിക്കുന്നത്. ശരിയായ ജേതാക്കൾ അർജന്‍റീന തന്നെയാണെന്നും കരച്ചിൽ നിർത്തൂവെന്നുമാണ് ഇവരുടെ അപേക്ഷ. ലോകകപ്പ് ഫൈനലിൽ ഞങ്ങൾ അവരെ തോൽപ്പിച്ചത് മുതൽ, അർജന്റീന ലോക ചാമ്പ്യൻ ആണെന്ന് ഫ്രഞ്ചുകാർ അംഗീകരിച്ചിട്ടില്ല. അവർ കരയുകയും പരാതിപ്പെടുകയുമാണെന്നും ഒരു അർജന്‍റീന ആരാധകൻ പരിഹസിച്ചു.
അർജന്‍റീനക്ക് പെനാൽറ്റി വിധിച്ചത് ശരിയായ തീരുമാനമല്ലെന്നും എയ്ഞ്ചൽ ഡി മരിയ ഗോളടിക്കുന്നതിനു മുമ്പായി കിലിയൻ എംബാപ്പെയെ ഫൗൾ ചെയ്തെന്നുമാണ് ഫ്രഞ്ച് ആരാധകരുടെ വാദം. അതിനാൽ ഫൈനൽ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടാണ് ഇന്‍റർനെറ്റിലൂടെ ഒപ്പുശേഖരണം നടത്തുന്നത്.
നിശ്ചിത സമയത്ത് 2-2 സ്കോറുമായി ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് കടന്നു. എക്സ്ട്രാ ടൈമും സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലൂടെ വിധി നിർണയിച്ചത്. 4-2 എന്ന സ്കോറിനായിരുന്നു അർജന്‍റീനയുടെ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.