അർജന്റീനയിൽ സ്വന്തം ടീമിന്റെ ബസിന് കല്ലെറിഞ്ഞ് ആരാധകർ
text_fieldsമൈതാനത്തെ ‘യുദ്ധം’ ബദ്ധവൈരികളായ രണ്ടു ടീമുകൾ തമ്മിലാകുമ്പോൾ അലയൊലികൾ പുറത്തും സ്വാഭാവികം. ബ്രസീൽ ക്ലബായ സവോപോളോയും അർജന്റീനയിലെ അറ്റ്ലറ്റികോ ടൈഗറും തമ്മിൽ മുഖാമുഖം വരുമ്പോൾ തീർച്ചയായും. കോപ സുദമേരിക്കാനയിൽ ഇരുടീമുകളും തമ്മിലെ മത്സരത്തിന് മുമ്പാണ് വിചിത്ര സംഭവം.
അറ്റ്ലറ്റിക്കോ ടൈഗർ ടീം സഞ്ചരിച്ച ബസിനു നേരെ സ്വന്തം ആരാധകർ തന്നെ കല്ലെറിയുകയായിരുന്നു. ബസിന്റെ ചില്ലുതകർന്ന് അകത്തുകയറിയ കല്ല് ടൈഗർ മിഡ്ഫീൽഡർ അഗസ്റ്റിൻ കാർഡോസോയാണ് സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ഇത് നമ്മൾ തന്നെ’യാണ് എന്ന അടിക്കുറിപ്പോടെയാണ് കല്ലേറിന്റെ ചിത്രം നൽകിയത്. താരം പിന്നീട് ചിത്രം പിൻവലിച്ചെങ്കിലും സമൂഹ മാധ്യമങ്ങളിലും അർജന്റീനയിലെ മാധ്യമങ്ങളും ഇവ പുറത്തുവിട്ടു. എതിർ ടീമായ സവോ പോളോ സഞ്ചരിച്ച ബസ് ആണെന്നു കരുതിയാണ് ടൈഗർ ആരാധകർ ആക്രമണം നടത്തിയതെന്നാണ് സംശയം.
ഏറെയായി കടുത്ത ശത്രുത നിലനിൽക്കുന്ന ഇരു ടീമുകളും തമ്മിലെ മത്സരം പൊലീസിന് കടുത്ത സുരക്ഷ പ്രശ്നം ഉയർത്തുന്നതാണ്. 2012ൽ ഇതേ ടൂർണമെന്റിന്റെ ഫൈനൽ ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ടു ഗോളിന് സവോ പോളോ മുന്നിലെത്തിയതോടെ ഇടവേള കഴിഞ്ഞ് എതിരാളികൾ കളിക്കാനെത്താതെ വന്നത് സംഭവമായിരുന്നു. കളി നടന്ന മൊറുംബി മൈതാനത്ത് സുരക്ഷ ഉദ്യോഗസ്ഥർ തങ്ങൾക്കു നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ടീം രണ്ടാം പകുതിയിൽ കളിക്കാനില്ലെന്ന് അറിയിച്ചത്. റഫറി പിന്നീട് സവോ പോളോയെ ജേതാക്കളായി പ്രഖ്യാപിച്ചു.
വ്യാഴാഴ്ചത്തെ മത്സരത്തിലും സവോ പോളോയായിരുന്നു ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.