Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Argentine wonderkid Facundo Farías set to join Lionel Messi
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സിക്കൊപ്പം പന്തു...

മെസ്സിക്കൊപ്പം പന്തു തട്ടാൻ ഫകുന്ദോ ഫരിയാസ്; അർജന്‍റീൻ ‘വണ്ടർകിഡ്’​ ഇന്റര്‍ മിയാമിയിലേക്ക്​

text_fields
bookmark_border

ഇന്‍റർ മയാമിയുടെ പിങ്ക് ജഴ്സിയിൽ ഇതിഹാസ താരം ലയണൽ മെസ്സി നിൽക്കുന്ന ചിത്രം കഴിഞ്ഞദിവസമാണ്​ പുറത്തുവന്നത്​. യൂറോപ്യൻ ഫുട്ബാൾ കളിക്കളം വിട്ട സൂപ്പർതാരം അമേരിക്കൻ മേജർ ലീഗിലെ ഇന്റർ മയാമി ക്ലബിലാണ്​ ഇനിമുതൽ കളിക്കുക. ക്ലബിന്‍റെ പത്താം നമ്പർ പിങ്ക് ജഴ്സിയും ധരിച്ചു നിൽക്കുന്ന മെസ്സിയുടെ ചിത്രവും വിഡിയോയും ക്ലബ് ഔദ്യോഗികമായി അവരുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​. മെസ്സിയുടെ പ്രവേശനത്തിന് പിന്നാലെ ഇന്റര്‍ മയാമിയിലേക്ക് താരങ്ങളുടെ ഒഴുക്ക് തുടരുകയാണെന്നാണ്​ റിപ്പോർട്ട്​.

അർജന്‍റീൻ യുവതാരം ഫകുന്ദോ ഫരിയാസ് ഇന്റര്‍ മയാമിയില്‍ ചേരാനൊരുങ്ങുന്നെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ഫരിയാസ് നിലവില്‍ അർജന്‍റീൻ ക്ലബ്ബായ അത്‌ലറ്റികോ കോളന്റെ പത്താം നമ്പര്‍ താരമാണ്. നേരത്തെ സൂപ്പര്‍ താരം സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ഇന്റര്‍ മയാമിയുമായി ധാരണയിലെത്തിയിരുന്നു.


‘അർജന്‍റീൻ വണ്ടര്‍ കിഡ്’ എന്നറിയപ്പെടുന്ന ഫരിയാസിനെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ 5.5 മില്യൺ ഡോളർ കോളന് നല്‍കാന്‍ ഇന്റര്‍ മയാമി തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്‌ലറ്റികോ കോളന് വേണ്ടി മികച്ച പ്രകടനമാണ് ഈ 20 വയസുകാരന്‍ കാഴ്ചവെക്കുന്നത്. ഇത്രയും ചെറിയ പ്രായത്തിനുള്ളില്‍ കോളന് വേണ്ടി നൂറിനടുത്ത് മത്സരങ്ങളിലാണ് ഫരിയാസ് ബൂട്ടണിഞ്ഞിട്ടുള്ളത്.

2025 വരെയാണ് മെസ്സിയും ഇന്റര്‍ മയാമിയും തമ്മിലുള്ള കരാർ. മെക്സിക്കന്‍ ക്ലബ്ബായ ക്രുസ് അസുലുമായി ഈ മാസം 21നാണ് മെസ്സിയുടെ ഇന്റര്‍ മയാമിയിലെ അരങ്ങേറ്റ മത്സരം. മെസ്സി ഭാര്യക്കും മൂന്നു മക്കൾക്കുമൊപ്പം കഴിഞ്ഞദിവസം ഫ്ലോറിഡയിലെത്തിയിരുന്നു. ക്ലബിന്‍റെ ഹോംഗ്രൗണ്ടായ ഫോർട്ട് ലോഡർഡേലിലെ ഡി.ആർ.വി പിങ്ക് സ്റ്റേഡിയത്തിൽ ഇന്ന്​ ആരാധകർക്കു മുമ്പിൽ മെസ്സിയെ അവതരിപ്പിക്കും.

‘ദി അൺവീൽ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി പ്രാദേശിക സമയം രാത്രി എട്ടിനാണ്. രണ്ടര വർഷത്തേക്കാണ് മെസ്സി മുൻ ഇംഗ്ലീഷ് സൂപ്പർതാരം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബുമായി കരാറിലെത്തിയത്. കരാറിന്‍റെ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഏകദേശം ആറു കോടി യു.എസ് ഡോളർ (492 കോടി രൂപ) ആയിരിക്കും വാർഷിക പ്രതിഫലമെന്നാണ് സൂചന.


സ്പാനിഷ് ഭാഷയിൽ ‘സ്വാഗതം 10’ എന്ന ക്യാപ്ഷനൊപ്പമാണ് മെസ്സി ക്ലബിന്‍റെ ജഴ്സിയും ധരിച്ചുനിൽക്കുന്ന ചിത്രം ഇന്‍റർ മയാമി അവരുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കൂടാതെ, ഒരു ചെറു വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഇന്റർ മയാമി ക്ലബും മേജർ ലീഗ് സോക്കറും തെരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് എം.എൽ.എസ് കമീഷണർ ഡോൺ ഗാർബർ അറിയിച്ചു.

മെസ്സിയുടെ തീരുമാനം അമേരിക്കൻ ലീഗിനും വടക്കേ അമേരിക്കയിലെ ഫുട്ബാളിനും ഊർജം നൽകും. മെസ്സിയുടെ വരവോടെ ലോകത്തെ മികച്ച കളിക്കാർക്ക് തെരഞ്ഞെടുക്കാനുള്ള ലീഗമായി എം.എൽ.എസ് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiFacundo FaríasArgentine
News Summary - Argentine wonderkid Facundo Farías set to join Lionel Messi at Inter Miami
Next Story