'ദോഹ തെരുവിൽ അർജന്റീനക്കാർ ഒഴുകിയെത്തും'
text_fieldsദോഹ: ഒാരോ ലോകകപ്പ് വേദിയിലും ലോകമെങ്ങുമുള്ള കാണികൾ കാണാൻ ആഗ്രഹിക്കുന്ന ആരാധകക്കൂട്ടങ്ങളിൽ ഒന്നാണ് അർജന്റീന. തെക്കു വടക്കൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുമെത്തി പാട്ടും പതാകയും വാദ്യമേളങ്ങളുമായി സ്റ്റേഡിയങ്ങളിലും നിരത്തുകളിലും രാവും പകലുമായി ആടിത്തിമിർക്കുന്ന അവരുടെ സാന്നിധ്യമാണ് ലോകകപ്പിന്റെ ചന്തം. ഇക്കുറി, ഏറെ അകലെയാണെങ്കിലും ഖത്തറിലേക്ക് അർജന്റീനയിൽ നിന്ന് ആരാധകർ ഒഴുകിയെത്തുമെന്ന് അംബാസഡർ ഗിയേർമോ നികോളസ് സാക്ഷ്യപ്പെടുത്തുന്നു.
35,000ത്തോളം അർജന്റീന ആരാധകരെ ഖത്തറിൽ ലോകകപ്പ് കാണികളായി പ്രതീക്ഷിക്കുന്നതായി ദോഹയിലെ അർജന്റീന നയതന്ത്രപ്രതിനിധി വ്യക്തമാക്കി.ഫിഫയുടെ കണക്കുകൾ പ്രകാരം കൂടുതൽ ലോകകപ്പ് മാച്ച് ടിക്കറ്റുകൾ വാങ്ങിയ രാജ്യങ്ങളിൽ ഒന്നാണ് അർജന്റീന. രണ്ടു തവണ ലോക കിരീടമണിഞ്ഞ സംഘം ഇത്തവണ മെക്സികോ, പോളണ്ട്, സൗദി അറേബ്യ എന്നിവരടങ്ങിയ ഗ്രൂപ് 'സി'യിലാണ് ഇടംപിടിച്ചത്.നവംബർ 22ന് അറേബ്യൻ പവർഹൗസായ സൗദി അറേബ്യയുമായി ലുസൈൽ സ്റ്റേഡിയത്തിലാണ് അർജന്റീനയുടെ ആദ്യ മത്സരം.
തങ്ങളുടെ ഇതിഹാസതാരം ഡീഗോ മറഡോണയില്ലാത്ത ആദ്യ ലോകകപ്പിന്റെ വേദനയിലാണ് ഓരോ അർജന്റീനക്കാരനുമെന്ന് അംബാസഡർ പറയുന്നു. ''ഈ ലോകകപ്പിലെ വലിയ അസാന്നിധ്യമാണ് ഡീഗോ.ഓരോ അർജന്റീന ആരാധകനും അദ്ദേഹത്തിന്റെ അസാന്നിധ്യമൊരു നഷ്ടബോധമാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഞങ്ങളുടെ ദേശീയ ടീമിനെ വരവേൽക്കുന്നത്. നാട്ടിൽ നിന്നും 35,000ത്തോളം ആരാധകരും എത്തുമെന്ന് പ്രതീക്ഷിക്കുന്നു''-അംബാസഡർ പറഞ്ഞു.
അർജന്റീന സർക്കാർ, വിദേശകാര്യ മന്ത്രാലയം, ഖത്തർ ഭരണകൂടം എന്നിവരുമായി സഹകരിച്ച് ആരാധകർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. എംബസിയുടെ പ്രത്യേക കോൺസുലാർ സേവനവും സർവിസ് സെന്ററിൽ പ്രവർത്തന സജ്ജമാണ് -അദ്ദേഹം വിശദീകരിച്ചു.ദോഹ തെരുവിനെ ഞങ്ങളുടെ രാജ്യക്കാരും ലോകമെങ്ങുമുള്ള ആരാധകരുമെല്ലാം അർജന്റീന ദേശീയ പതാകയുടെ നിറംകൊണ്ട് അലങ്കരിക്കുമെന്ന ഉറപ്പിലാണ് അംബാസഡർ. ലയണൽ മെസ്സിയെയും ഡീഗോ മറഡോണയെയും ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ ഒരേ ആവേശത്തോടെ നെഞ്ചേറ്റുന്നത് അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം പറയുന്നു.
ലോകകപ്പിന്റെ ചരിത്രത്തിലെ മികച്ച മറ്റൊരു ടൂർണമെന്റിനാണ് ഖത്തർ വേദിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഓരോ ലോകകപ്പും അതിന്റേതായ ചരിത്രം കുറിക്കാറുണ്ട്. ഇത്തവണ ഖത്തറിനാണ് ആ അവസരം. തയാറെടുപ്പിലും ഒരുക്കത്തിലുമുള്ള ഖത്തറിന്റെ മികവ് അഭിനന്ദനാർഹമാണ്'-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.