പ്രീമിയർ ലീഗിൽ ജയത്തുടക്കവുമായി സിറ്റിയും ഗണ്ണേഴ്സും
text_fieldsലണ്ടൻ: ലണ്ടൻ: കഴിഞ്ഞ സീസണിൽ 52 വട്ടം വല കുലുക്കി ഗോൾ റെക്കോഡുകളേറെയും കടപുഴക്കിയ നോർവേ താരം എർലിങ് ഹാലൻഡിന്റെ മികവിൽ സിറ്റിക്ക് സീസൺ അരങ്ങേറ്റം. ബേൺലിക്കെതിരായ മത്സരത്തിൽ കാൽ ഡസൻ ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാർ ആദ്യ മത്സരം ജയിച്ചപ്പോൾ സാകയും എൻകെറ്റിയയും നേടിയ ഗോളുകൾക്ക് ആഴ്സനൽ നോട്ടിങ്ഹാം ഫോറസ്റ്റിനെയും വീഴ്ത്തി.
മാന്ത്രികക്കാലുകളുമായി എതിർ ബോക്സിൽ വട്ടമിട്ടുനിന്ന ഹാലൻഡ് ആദ്യ വിസിൽ മുഴങ്ങി 185 സെക്കൻഡ് പൂർത്തിയാകുമ്പോൾ അക്കൗണ്ട് തുറന്നു. റോഡ്രിയുടെ അസിസ്റ്റിലായിരുന്നു മനോഹര ഗോൾ. നാലാം മിനിറ്റിൽ വല തുളഞ്ഞ ആഘാതത്തിൽനിന്ന് ഒരിക്കലും കരകയറാനാകാതെ തളർന്ന ബേൺലി വലയിൽ 36ാം മിനിറ്റിൽ അൽവാരസ് അസിസ്റ്റിൽ ഹാലൻഡ് പിന്നെയും വെടി പൊട്ടിച്ചു. പരിക്കേറ്റ് ഡിബ്രുയിൻ മടങ്ങിയ ആദ്യ പകുതിക്കുശേഷവും കളി നയിച്ച് സിറ്റി മാത്രമായിരുന്നു ചിത്രത്തിൽ. അവസാന ഗോൾ റോഡ്രിയുടെ വകയായിരുന്നു.
ഇരട്ട ഗോളുകളുടെ സന്തോഷവുമായി ആദ്യ പകുതി പിരിഞ്ഞ ഹാലൻഡിനെ കണക്കിനു ശകാരിച്ച് ഗാർഡിയോളയുടെ ഇടപെടലും ശ്രദ്ധേയമായി. രണ്ടാമത്തെ മത്സരത്തിൽ ദുർബലരായ നോട്ടിങ്ഹാം ഫോറസ്റ്റിനെ 2-1ന് വീഴ്ത്തി ഗണ്ണേഴ്സും തുടക്കം ഗംഭീരമാക്കി. ആദ്യ പകുതിയിൽ എൻകെറ്റിയ (26), സാക (32) എന്നിവരായിരുന്നു സ്കോറർമാർ. അവോനിൽ നോട്ടിങ്ഹാമിനായി ആശ്വാസ ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.