ഗോളടിച്ചുകൂട്ടി വീണ്ടും ഗണ്ണേഴ്സ്; ന്യൂകാസിലിനെ തകർത്തത് 4-1ന്; പ്രവചനാതീതം പ്രീമിയർ ലീഗ് കിരീടപോരാട്ടം
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരാളികളുടെ വലനിറച്ച് വീണ്ടും ആഴ്സണലിന്‍റെ തേരോട്ടം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ന്യൂകാസിലിനെ ഗണ്ണേഴ്സ് തകർത്തത്.
കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ പോർട്ടോയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയത് ടീമിന്‍റെ ആത്മവിശ്വാസത്തെ ഒട്ടും ബാധിച്ചിട്ടില്ല. ലീഗിൽ ആഴ്സണലിന്‍റെ തുടർച്ചയായ ആറാം ജയമാണിത്. ആറു മത്സരങ്ങളിൽനിന്നായി എതിരാളികളുടെ വലയിൽ 25 ഗോളുകളാണ് മൈക്കൽ അർറ്റേറ്റയും സംഘവും അടിച്ചുകൂട്ടിയത്. വഴങ്ങിയത് മൂന്നു ഗോളുകൾ മാത്രം.
ക്ലബിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ടീം ഒരു കലണ്ടർ വർഷത്തിന്‍റെ തുടക്കത്തിൽ തുടർച്ചയായ ആറു മത്സരങ്ങളും ജയിക്കുന്നത്. കായ് ഹാവെർട്സ് (24ാം മിനിറ്റ്), ബുക്കായോ സാക (65), ജേക്കബ് കിവിയോർ (69) എന്നിവരാണ് ആഴ്സണലിനായി ഗോൾ നേടിയത്. ഒന്ന് 18ാം മിനിറ്റിൽ ന്യൂകാസിൽ താരം സ്വെൻ ബോട്ട്മാന്‍റെ വക സെൽഫ് ഗോളായിരുന്നു. ജോസഫ് വില്ലോക്കാണ് (84ാം മിനിറ്റിൽ) ന്യൂകാസിലിന്‍റെ ആശ്വാസ ഗോൾ നേടിയത്.
കരിയറിൽ ആദ്യമായാണ് ഇംഗ്ലീഷ് താരം സാക തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ ഗോൾ നേടുന്നത്. ഇയാൻ റൈറ്റിനുശേഷം ആഴ്സണലിനായി തുർച്ചയായ അഞ്ചു മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ഇംഗ്ലീഷ് താരവുമായി. ലീഗിൽ കിരീടപോരാട്ടവും ഇതോടെ പ്രവചനാതീതമായി.
ലീഗിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ ക്ലബുകൾ തമ്മിൽ ഒരു പോയന്‍റിന്‍റെ മാത്രം വ്യത്യാസമാണുള്ളത്. 26 മത്സരങ്ങളിൽനിന്ന് 60 പോയന്‍റുള്ള ലിവർപൂൾ ഒന്നാമതും 59 പോയന്‍റുമായി സിറ്റി രണ്ടാമതും 58 പോയന്‍റുമായി ആഴ്സണൽ മൂന്നാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.