ബാഴ്‌സലോണയെ 5-3 ന് തകർത്ത് ആഴ്സണൽ
text_fieldsലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസ് സോഫി സ്റ്റേഡിയത്തിൽ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ബാഴ്‌സലോണക്കെതിരെ ആഴ്സണലിന് 5-3 ന്റെ മിന്നും ജയം. ഏഴാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കിയിലൂടെ ബാഴ്‌സയാണ് ആദ്യം ലീഡെടുത്തത്. 13 മത്തെ മിനിറ്റിൽ മികച്ച നീക്കത്തിന് ഒടുവിൽ ബുകയോ സാക ആഴ്‌സണലിന് വേണ്ടി സമനില ഗോൾ നേടി. 23ാമത്തെ മിനിറ്റിൽ ആഴ്‌സണലിന് പെനാൽട്ടി ലഭിച്ചെങ്കിലും സാക പുറത്തേക്ക് അടിക്കുകയായിരുന്നു.
34ാമത്തെ മിനിറ്റിൽ റഫീഞ്ഞോയെടുത്ത് ഫ്രീകിക്കിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. 43ാമത്തെ മിനിറ്റിൽ മാർട്ടിൻ ഒഡഗാർഡിന്റെ പാസിൽ കായ് ഹാവർട്സ് ആഴ്‌സണലിനെ വീണ്ടും ഒപ്പമെത്തിച്ചു. 55 മത്തെ മിനിറ്റിൽ ട്രൊസാർഡ് ആഴ്‌സണലിനെ ആദ്യമായി മത്സരത്തിൽ മുന്നിലെത്തിച്ചു.
78ാമത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ടിയേർണിയുടെ മികച്ച പാസിൽ നിന്നു വീണ്ടുമൊരു മികച്ച ഗോളിലൂടെ ട്രൊസാർഡ് ആഴ്‌സണലിന് നാലാം ഗോളും സമ്മാനിച്ചു. 88ാമത്തെ മിനിറ്റിൽ ഡെമ്പെലയുടെ പാസിൽ നിന്നു ഫെറാൻ ടോറസ് ബാഴ്‌സക്ക് ആയി ഒരു ഗോൾ മടക്കി. തൊട്ടടുത്ത മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫാബിയോ വിയേര തകർപ്പൻ ഷോട്ടിലൂടെ ആഴ്‌സണലിന്റെ വിജയം ഉറപ്പിച്ചു.
ബാഴ്‌സലോണയുടെ ആദ്യ പ്രീ-സീസൺ സൗഹൃദ മത്സരമായിരുന്നു അമേരിക്കയിൽ നടന്നത്. എന്നാൽ ആഴ്സണലിന്റെ അഞ്ചാമത്തെ മത്സരമാണ്. ഇന്നത്തെ വിജയത്തോടെ രണ്ടു ജയവും രണ്ടുസമനിലയും ഒരു തോൽവിയുമാണ് ആഴ്സണൽ നേരിട്ടത്. ജൂലൈ 22ന് 2-0 ന് മാഞ്ചസ്റ്റർ യുണൈറ്റഡാണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.