എമിറേറ്റ്സിൽ ഗണ്ണേഴ്സ് രാജ്! ചെൽസിയെ ഒറ്റ ഗോളിന് വീഴ്ത്തി ആഴ്സനൽ
text_fieldsലണ്ടൻ: നീലക്കുപ്പായക്കാർ മുഖാമുഖം നിന്ന എമിറേറ്റ്സ് മൈതാനത്ത് ഒറ്റ ഗോൾ ജയവുമായി ഗണ്ണേഴ്സ്. ഒപ്പം നിന്ന് കളിക്കുകയും അവസരങ്ങൾ പലത് സൃഷ്ടിക്കുകയും ചെയ്ത് എതിരാളികൾ കളി കനപ്പിച്ച ദിനത്തിൽ മൈക്കൽ മെറിനോ നേടിയ ഗോളിനായിരുന്നു ആഴ്സനൽ ജയം. പ്രിമിയർ ലീഗിൽ പോരാട്ടം അവസാനഘട്ടത്തിലേക്ക് നീങ്ങിയതോടെ ആദ്യ സ്ഥാനങ്ങൾക്കു വേണ്ടിയുള്ള അങ്കം മുറുകിയതിനിടെയായിരുന്നു ആഴ്സനൽ ഹോം ഗ്രൗണ്ടിൽ ചെൽസി വീഴ്ച.
മൂന്നാം മിനിറ്റിൽ ഗണ്ണേഴ്സിനായി ട്രോസാർഡിന്റെ മുന്നേറ്റത്തോടെയാണ് കളിയുണർന്നത്. അപകടമുണ്ടാക്കാതെ പോയ നീക്കത്തിനു പിറകെ ഒമ്പതാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ വലംകാലൻ ഷോട്ട് ആധി വിതച്ചെങ്കിലും ഗോൾ പിറന്നില്ല. തുടർന്നും ചെൽസി ബോക്സിനരികെയായിരുന്നു നീക്കങ്ങൾ. വൈകാതെ ഗോളെത്തുകയും ചെയ്തു. ആറുവാര അകലെനിന്ന് മൈക്കൽ മെറിനോയുടെ ഹെഡർ ഗോളിയുടെ കൈകൾക്ക് മുകളിലൂടെ പോസ്റ്റിന്റെ ഇടത് മൂലയിൽ ഊർന്നിറങ്ങിയതോടെ സ്കോർ ബോർഡ് ചലിച്ചു.
മാർട്ടിൻ ഓഡിഗാഡായിരുന്നു അസിസ്റ്റ്. അതോടെ ഉണർന്ന ചെൽസിക്കായി ആദ്യം പെഡ്രോ നെറ്റോയും പിറകെ ക്രിസ്റ്റഫർ എൻകുൻകുവും അതേ മിനിറ്റിൽ മാർക് കുകുറേലയും ഗോളിനരികെയെത്തി. ഡേവിഡ് റായയെന്ന ആഴ്സനൽ ഗോളി ഇരുകൈകളും നീട്ടിപ്പിടിച്ച് കീഴടക്കാനാവാതെ വലവിരിച്ചപ്പോൾ നീലക്കുപ്പായക്കാർക്ക് നിരാശ മാത്രമായി ഫലം. പ്രതിരോധം കളി മാറ്റുമെന്ന് മനസ്സിലാക്കിയ ആതിഥേയർ കാലുകളിൽ പന്തുമായി എതിർ ഹാഫിലേക്ക് ഇരമ്പിക്കയറിയതോടെ അവസരങ്ങൾ ആഴ്സനലിന് അനുകൂലമായും ഏറെ പിറന്നു. എന്നാൽ, ഗോൾ മാത്രം പിറന്നില്ല. ജയത്തോടെ രണ്ടാം സ്ഥാനത്ത് ആഴ്സനൽ നില ഭദ്രമാക്കി.
മറ്റൊരു കളിയിൽ ടോട്ടൻഹാം ഹോട്സ്പർ ഏകപക്ഷീയമായ രണ്ട് ഗോളിന് ഫുൾഹാമിനോട് തോറ്റു. റോഡ്രിഗോ മൂനിസ്, സെസെഗ്നൺ എന്നിവർ നേടിയ ഗോളുകളിലാണ് കരുത്തരായ ടോട്ടൻഹാമിനെ എതിരാളികൾ വീഴ്ത്തിയത്. ആദ്യ പത്തിൽ നിന്ന് നേരത്തെ പുറത്തായ ടോട്ടൻഹാമിന് തോൽവി മുന്നോട്ടുള്ള കുതിപ്പ് കൂടുതൽ ദുഷ്‍കരമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.