ടോട്ടൻഹാമിനെ വീഴ്ത്തി കിരീടപ്പോര് കനപ്പിച്ച് ആഴ്സനൽ
text_fieldsലണ്ടൻ: നോർത്ത് ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാമിനെ വീഴ്ത്തി കിരീടപ്പോര് കനപ്പിച്ച് ആഴ്സനൽ. രണ്ടിനെതിരെ മൂന്നുഗോൾ ജയത്തോടെയാണ് ഒന്നാം സ്ഥാനത്ത് ഗണ്ണേഴ്സ് ഇടമുറപ്പിച്ചത്. ആദ്യ പകുതിയിൽ കാൽ ഡസൻ ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റിയ ആഴ്സനൽ ഇടവേളക്കുശേഷം രണ്ടെണ്ണം തിരിച്ചുവാങ്ങിയെങ്കിലും ജയം വിട്ടുകൊടുത്തില്ല.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും തോറ്റ് മടങ്ങാനായിരുന്നു ടോട്ടൻഹാമിന്റെ വിധി. 15ാം മിനിറ്റിൽ ബുകായോ സാക എടുത്ത കോർണർ കിക്ക് പിയറി ഹോബ്ജെർഗ് സ്വന്തം വലയിൽ എത്തിച്ചതോടെയാണ് ആഴ്സണൽ ലീഡ് പിടിച്ചത്. 27ാം മിനിറ്റിൽ കായ് ഹാവെർട്സിന്റെ അസിസ്റ്റിൽ ബുകായോ സാകയും 38ാം മിനിറ്റിൽ ഹാവെർട്സും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി ആഴ്സണലെടുത്തു.
എന്നാൽ, രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ആക്രമിച്ചു കളിച്ച ടോട്ടൻഹാമിന് 64ാം മിനിറ്റിൽ അതിന്റെ ഫലവും ലഭിച്ചു. ക്രിസ്റ്റ്യൻ റൊമേറൊയായിരുന്നു ആഴ്സണൽ വല കുലുക്കിയത്. നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ബെൻ ഡേവിസിനെ ഡെക്ലാൻ റൈസ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സൺ ഹ്യൂങ് മിൻ രണ്ടാം ഗോളും നേടിയെങ്കിലും തുടർന്ന് ആഴ്സണൽ പ്രതിരോധം ഭേദിക്കാൻ സ്പർശിനായില്ല.
അതേസമയം, നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി കിരീടപ്പോരിൽ പിന്നോട്ടില്ലെന്നറിയിച്ചു. 32ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോളും 71ാം മിനിറ്റിൽ സൂപ്പർ താരം എർലിങ് ഹാലണ്ടുമാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. ഇരു ഗോളിനും വഴിയൊരുക്കിയത് കെവിൻ ഡിബ്രൂയിൻ ആയിരുന്നു.
35 മത്സരങ്ങളിൽ 80 പോയന്റാണ് ആഴ്സണലിനുള്ളത്. ഒരു മത്സരം കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി 79 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. നിർണായക മത്സരങ്ങളിൽ തുടർതോൽവിയും സമനിലയുമായി പിറകിലായിപ്പോയ ലിവർപൂൾ 75 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. 60 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടൻഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.