തുടർ തോൽവികളുമായി ആഴ്സനൽ; ആർടേറ്റക്കെതിരെ പടയൊരുക്കം
text_fieldsലണ്ടൻ: കൊട്ടിഘോഷിച്ച് ചുമതലയേറ്റ് കൃത്യം ഒരു വർഷം തികയുേമ്പാൾ ആഴ്സനലിൽ കോച്ച് മൈകൽ ആർടേറ്റക്കെതിരെ പടയൊരുക്കം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടീം നിരന്തരം തോൽവികളിൽ വഴിമുട്ടിയതോടെയാണ് ആരാധകർ മുൻ സൂപ്പർ താരമായ കോച്ചിനെതിരെ തിരിയുന്നത്. ലീഗിൽ കഴിഞ്ഞ രാത്രിയിൽ ഗൂഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ എവർട്ടനെതിരെയും ആഴ്സനൽ തോറ്റതോടെ (1-2) പ്രതിഷേധം ശക്തമായി.
സീസണിൽ പീരങ്കിപ്പടയുടെ എട്ടാം തോൽവിയാണിത്. 14 കളിയിൽ നാല് ജയം മാത്രമുള്ള ആഴ്സനൽ 14 പോയൻറുമായി 15ാം സ്ഥാനത്താണിപ്പോൾ. കളിയുടെ 22ാം മിനിറ്റിൽ ബോബ് ഹോൾഡിങ് സമ്മാനിച്ച സെൽഫ് ഗോളിലൂടെയാണ് എവർട്ടൻ മുന്നിലെത്തിയത്. യെറി മിന (45) ആദ്യ പകുതിയിൽ തന്നെ രണ്ടാം ഗോളും നേടി. ഇതിനിടയിൽ നികോളസ് പെപെയുടെ പെനാൽറ്റി ഗോളിലൂടെ (35) ഒപ്പമെത്തിയെങ്കിലും കളി ജയിക്കാൻ കഴിഞ്ഞില്ല.
2019 ഡിസംബർ 20നായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി അസി. കോച്ച് കുപ്പായത്തിൽനിന്നും ആർടേറ്റ ആഴ്സനൽ ഹെഡ്കോച്ചായി സ്ഥാനമേറ്റത്. എഫ്.എ കപ്പ്, കമ്യൂണിറ്റി ഷീൽഡ് കിരീടങ്ങളോടെ തുടക്കം ഗംഭീരമാക്കിയെങ്കിലും ലീഗ് സീസണിലെ മോശം പ്രകടനമാണ് ആരാധക വിമർശനത്തിന് വഴിവെച്ചത്.
ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർസിറ്റി സതാംപ്ടനെ (1-0) തോൽപിച്ചു. ന്യൂകാസിൽ-ഫുൾഹാം മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.