പൊരുതിക്കയറി ആഴ്സനൽ; സിറ്റിക്കും ചെൽസിക്കും ജയം
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടു ഗോളിനു പിന്നിൽനിന്നശേഷം പൊരുതിക്കയറി ആഴ്സനൽ. ബേൺമൗത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഗണേഴ്സ് വീഴ്ത്തിയത്.
ജയത്തോടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ ഫിലിപ് ബില്ലിങ്ങിലൂടെ ബേൺമൗത്ത് മുന്നിലെത്തി. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഗോളാണിത്. ആദ്യ പകുതിയിൽ ഗോൾ മടക്കാനായി ആഴ്സനൽ കിണഞ്ഞുശ്രമിച്ചെങ്കിലും നടന്നില്ല. 57ാം മിനിറ്റിൽ മാർകോസ് സെനേസി ബേൺമൗത്തിനായി രണ്ടാം ഗോളും നേടി.
തോൽവി മണത്ത ഗണ്ണേഴ്സ് പിന്നീട് ഉണർന്നുകളിക്കുകയായിരുന്നു. 62ാം മിനിറ്റിൽ തോമസ് പാർട്ടിയിലൂടെ ഗണേഴ്സ് ഒരു ഗോൾ മടക്കി. തുടരെ തുടരെ ബേൺമൗത്ത് ഗോൾമുഖത്ത് ആക്രമണം നടത്തിയ ആഴ്സനൽ 70ാം മിനിറ്റിൽ ബെൻ വൈറ്റിലൂടെ സമനില പിടിച്ചു. ഇൻജുറി സമയത്ത് കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ റീസ് നെൽസണിലൂടെ (90+7) വിജയ ഗോളും നേടി.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം സ്ഥാനക്കാരായ ന്യൂകാസിൽ യുനൈറ്റഡിനെ തോൽപിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. ഇരുപകുതികളിലുമായി ഫിൽ ഫോഡൻ (15), ബെർണാഡോ സിൽവ (67) എന്നിവരാണ് ഗോളുകൾ നേടിയത്.
ചെൽസി ഏകപക്ഷീയമായ ഒരു ഗോളിന് ലീഡ്സ് യുനൈറ്റഡിനെ പരാജയപ്പെടുത്തി. 53ാം മിനിറ്റിൽ ഫ്രഞ്ച് താരം വെസ്ലി ഫൊഫാനയാണ് ചെൽസിക്കായി വിജയ ഗോൾ നേടിയത്. മറ്റു മത്സരങ്ങളിൽ ആസ്റ്റൺ വില്ല 1-0ത്തിന് ക്രിസ്റ്റൽ പാലസിനെയും ബ്രൈറ്റൺ 4-0ത്തിന് വെസ്റ്റ് ഹാമിനെയും വൂൽവ്സ് 1-0ത്തിന് ടോട്ടൻഹാമിനെയും സതാംപ്ടൺ 1-0ത്തിന് ലെസ്റ്ററിനെയും പരാജയപ്പെടുത്തി.
26കളികളിൽ 63 പോയൻറുള്ള ആഴ്സനലാണ് ലീഗിൽ തലപ്പത്ത്. രണ്ടാമതുള്ള സിറ്റിക്ക് 26 മത്സരങ്ങളിൽനിന്ന് 58 പോയന്റായി. 24 മത്സരങ്ങളിൽ 49 പോയന്റുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് മൂന്നാമതും. ആരാധകർ കാത്തിരിക്കുന്ന പോരിൽ ഞായറാഴ്ച മാഞ്ചസ്റ്റർ യുനൈറ്റഡും ലിവർപൂളും ഏറ്റുമുട്ടും.
കിരീടപ്രതീക്ഷ നിലനിർത്താൻ യുനൈറ്റഡിനും മോശം ഫോമിൽനിന്ന് കരകയറാൻ ലിവർപൂളിനും നിർണായകമാണ് മത്സരം. 24 മത്സരങ്ങളിൽ 39 പോയന്റുമായി ആറാം സ്ഥാനത്താണ് ലിവർപൂൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.