വീണ്ടും അടിതെറ്റി ആഴ്സണൽ; ഇത്തവണ പണികൊടുത്തത് ഫുൾഹാം
text_fieldsലണ്ടൻ: 2023ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാന മത്സരത്തിൽ ആഴ്സണലിന് ഞെട്ടിപ്പിക്കുന്ന തോൽവി. ഫുൾഹാമിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗണ്ണേഴ്സ് കീഴടങ്ങിയത്. പ്രീമിയർ ലീഗിലെ ടേബ്ൾ ടോപ്പറായി ജൈത്രയാത്ര നടത്തിയിരുന്ന ആഴ്ണലിന്റെ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണ്.
കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ്ഹാമിനെതിരെ ഏകപക്ഷീയമായ രണ്ടുഗോളിന് പരാജയപ്പെട്ടിരുന്നു. ഇതോടെ 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഒരു മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റർ സിറ്റി 40 പോയിൻുറമായി മൂന്നാമതാണ്. 42 പോയിന്റ് വീതമുള്ള ലിവർപൂളും അസ്റ്റൺ വില്ലയുമാണ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ഫുൾഹാമിന്റെ ക്രാവൻ കോട്ടേജ് മൈതാനത്ത് നടന്ന മത്സരത്തിൽ പന്തിൻമേലുള്ള ആധിപത്യം കൂടുതൽ ആഴ്സണലിനായിരുന്നെങ്കിലും ഗോളടിക്കാനായില്ല. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ബുകായോ സാക്കയുടെ ഗോളിലൂടെ ആഴ്സണലാണ് ആദ്യ ലീഡെടുക്കുന്നത്.
29ാം മിനിറ്റിൽ റൗൾജിമനസിലൂടെ ഫുൾഹാം മറുപടിഗോൾ നേടി(1-1). രണ്ടാം പകുതിയിൽ 59ാം മിനിറ്റിലാണ് ബോബി ഡെകൊർഡോവ ഫുൾഹാമിനായി വിജയഗോൾ നേടുന്നത്. ജയത്തോടെ ഫുൾഹാം 24 പോയിന്റുമായി 13ാം സ്ഥാനത്തേക്ക് ഉയർന്നു.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഒന്നിനെതിരെ മൂന്ന് ഗോളിന് ബോൺമൗത്തിനെ കീഴടക്കി. പാപ് മാതാർസർ, സൺ ഹ്യൂങ്മെൻ, റിച്ചാലിസൺ എന്നിവരാണ് ടോട്ടൻഹാമിനായി ഗോൾ കണ്ടെത്തിയത്. 84ാം മിനിറ്റിൽ അലെക്സ് സ്കോട്ടാണ് ബോൺമൗത്തിനായി ആശ്വാസഗോൾ നേടിയത്. 20 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി പട്ടികയിൽ അഞ്ചാമതാണ് ടോട്ടൻഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.