ഈ ഗണ്ണേഴ്സിനു മുന്നിൽ രക്ഷയില്ല; കാൽഡസൻ ഗോളിന് ജയിച്ച് വീണ്ടും ലീഡ് കൂട്ടി ആഴ്സണൽ
text_fieldsപ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാനില്ലെന്ന പ്രഖ്യാപനം ആവർത്തിച്ച് ഗണ്ണേഴ്സ് വിളയാട്ടം. ഫുൾഹാമിനെതിരെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത കാൽഡസൻ ഗോളുകൾക്ക് കളി ജയിച്ചാണ് ആഴ്സണൽ വീണ്ടും ഒന്നാം സ്ഥാനത്ത് ലീഡ് അഞ്ചാക്കി ഉയ
ർത്തിയത്. ശനിയാഴ്ച മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനോട് ജയിച്ച് ലീഡ് അകലം കുറച്ചിരുന്നെങ്കിലും 24 മണിക്കൂറിനിടെ മൈക്കൽ ആർട്ടേറ്റയുടെ കുട്ടികൾ തത്സ്ഥിതി തിരിച്ചുപിടിക്കുകയായിരുന്നു.
ഗോളടിച്ചില്ലെങ്കിലും എല്ലാറ്റിനും പന്തെത്തിച്ച് ഞായറാഴ്ച കളിയിലെ ഹീറോ ആയത് ബെൽജിയൻ താരം ലിയാൻഡ്രോ ട്രോസാർഡ്. 21ാം മിനിറ്റിൽ ട്രോസാർഡ് എടുത്ത കോർണറിൽ തലവെച്ച് ഗബ്രിയേൽ ആദ്യ ഗോൾ കുറിച്ചു. അതിന് മുമ്പ് മാർടിനെല്ലി പന്ത് വലയിലെത്തിച്ചിരുന്നെങ്കിലും ‘വാറി’ൽ നഷ്ടമായതിന്റെ കടം തീർത്തായിരുന്നു ഗോൾ. കടുത്ത ആക്രമണവുമായി എതിർവല കുലുക്കാൻ ഫുൾഹാം നടത്തിയ ശ്രമങ്ങളെ വെറുതെയാക്കി അതിമനോഹര നീക്കങ്ങൾക്കൊടുവിൽ മാർടിനെല്ലി ലീഡുയർത്തി. ക്യാപ്റ്റൻ മാർടിൻ ഒഡീഗാർഡ് വകയായിരുന്നു ആദ്യ പകുതി അവസാനിക്കാനിരിക്കെ അവസാന ഗോൾ.
വൻ ലീഡിനു മുന്നിൽ തളർന്നുപോയ എതിരാളികളെ കളിക്കാൻ വിടാതെ രണ്ടാം പകുതിയിലും പിടിച്ചുകെട്ടിയ ഗണ്ണേഴ്സ് ആധിപത്യം നിലനിർത്തിയെങ്കിലും കൂടുതൽ ഗോൾ പിറന്നില്ല. കാൽഡസൻ ഗോൾ വിജയവുമായി ഇതോടെ സന്ദർശകർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
ഓരോ കളിയിലും പുറത്തെടുക്കുന്ന കളിക്കരുത്തും മൈതാനത്തെ ആധിപത്യവും അപൂർവ ടീം ഗെയിമുമാണ് ആഴ്സണലിനെ ചാമ്പ്യൻപട്ടത്തിലേക്ക് അടുത്തുനിർത്തുന്നത്. കഴിഞ്ഞ ജനുവരിയിൽ ബ്രൈറ്റണിൽനിന്ന് ചേക്കേറിയ ട്രോസാർഡ് ഓരോ കളി കഴിയുന്തോറും സാന്നിധ്യം കൂടുതൽ മെച്ചപ്പെടുത്തുന്നത് ടീമിനെ കൂടുതൽ കരുത്തരാക്കിയിട്ടുണ്ട്. ബോൺമൗത്തിനെതിരെ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം 97ാം മിനിറ്റിൽ കുറിച്ച മൂന്നാം ഗോളിലായിരുന്നു കഴിഞ്ഞ കളിയിൽ ഗണ്ണേഴ്സ് ജയിച്ചത്.
ലണ്ടൻ ഡെർബികളിൽ ഒറ്റ ഗോൾ പോലും വഴങ്ങാതെ തുടർച്ചയായ അഞ്ചു ജയമെന്ന റെക്കോഡും ഇതോടെ ടീം സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.