അവസരങ്ങൾ പാഴാക്കി ആഴ്സണൽ; എമിറേറ്റ്സിൽ ലിവർപൂളിന്റെ വിജയഭേരി
text_fieldsലണ്ടൻ: എഫ്.എ കപ്പിൽ കരുത്തരുടെ പോരാട്ടത്തിൽ ആഴ്സണലിനെ തറപറ്റിച്ച് ലിവർപൂൾ. ആഴ്സണൽ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജുർഗൻ ക്ലോപ്പ് സംഘത്തിന്റെ വിജയഭേരി. കളിയുടെ അവസാന മിനിറ്റുകളിൽ ജാകുബ് കിവിയോറിന്റെ ഓൺഗോളും ലൂയിസ് ഡയസിന്റെ സൂപ്പർ ഫിനിഷുമാണ് വിധി നിർണയിച്ചത്. കളിയിൽ മേധാവിത്തം പുലർത്തിയിട്ടും ഗോളടിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഗണ്ണേഴ്സിന് തിരിച്ചടിയായത്.
ആഫ്രിക്കൻ നേഷൻസ് കപ്പിന് തിരിച്ചതിനാൽ സൂപ്പർ താരം മുഹമ്മദ് സലാഹും അസുഖം കാരണം ക്യാപ്റ്റൻ വിർജിൽ വാൻഡൈകും ഇല്ലാതെയാണ് മൂന്നാം റൗണ്ട് മത്സരത്തിന് ചെമ്പട ഇറങ്ങിയത്. കളി തുടങ്ങിയയുടൻ ആഴ്സണലിന് അക്കൗണ്ട് തുറക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ റീസ് നെൽസൺ പാഴാക്കി. പത്ത് മിനിറ്റ് പിന്നിട്ടയുടൻ അവസരപ്പെരുമഴ ഉണ്ടായെങ്കിലും ലിവർപൂൾ പ്രതിരോധ താരങ്ങളും ക്രോസ്ബാറുമെല്ലാം വഴിയടച്ചു. തുടർന്നും ആഴ്സണൽ ലിവർപൂൾ പോസ്റ്റിന് സമീപം വട്ടമിട്ടുകൊണ്ടിരുന്നു. 38ാം മിനിറ്റിൽ സാകയുടെ മനോഹര പാസിൽ ബെൻ വൈറ്റിന്റെ പൊള്ളുന്ന ഷോട്ട് അലിസൺ ബെക്കർ ഉയർന്നുചാടി കുത്തിയകറ്റി. ഒന്നാം പകുതിയുടെ അവസാന നിമിഷത്തിൽ അലക്സാണ്ടർ ആർനോൾഡ് ലിവർപൂളിന് ലീഡ് സമ്മാനിച്ചെന്ന് തോന്നിച്ചെങ്കിലും തകർപ്പൻ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങി.
രണ്ടാം പകുതി 15 മിനിറ്റ് പിന്നിട്ടപ്പോൾ കായ് ഹാവർട്സിന്റെ ഷോട്ട് എതിർതാരത്തിന്റെ ദേഹത്ത് തട്ടി പോസ്റ്റിന് നേരെ നീങ്ങിയെങ്കിലും ലിവർപൂൾ ഗോൾകീപ്പർ ഒരിക്കൽകൂടി രക്ഷകനായി. തുടർന്ന് പന്ത് കിട്ടിയ സാകക്കും അവസരം മുതലാക്കാനായില്ല. 75ാം മിനിറ്റിൽ ലൂയിസ് ഡയസിന്റെ കിടിലൻ ഷോട്ടിന് മുന്നിൽ ആഴ്സണൽ ഗോൾകീപ്പറും തടസ്സംനിന്നു.
എന്നാൽ, 80ാം മിനിറ്റിൽ ലിവർപൂൾ ലക്ഷ്യത്തിലെത്തി. അലക്സാണ്ടർ ആർനോൾഡ് എടുത്ത ഫ്രീകിക്ക് ആഴ്സണൽ താരം ജാകുബ് കിവിയോറിന്റെ തലയിൽതട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു. ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനിറ്റിൽ രണ്ടാം ഗോളുമെത്തി. ലിവർപൂൾ താരങ്ങളുടെ കൂട്ടായ ആക്രമണത്തിനൊടുവിൽ ഡിയോഗോ ജോട്ട നൽകിയ ക്രോസ് ലൂയിസ് ഡയസ് പിഴവില്ലാതെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആഴ്സണലിന്റെ നാലാം തോൽവിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.