ന്യൂകാസിലിനെ കീഴടക്കി കിരീടപ്പോര് കനപ്പിച്ച് ആഴ്സണൽ
text_fieldsന്യൂകാസിൽ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീടപ്പോര് ശക്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലീഗിൽ മൂന്നാമതുള്ള ന്യൂകാസിലിനെ തകർത്തത്. ഒപ്പത്തിനൊപ്പം ആക്രമിച്ചു കളിച്ച ഇരുടീമിനും അവസരങ്ങൾ ഏറെ കിട്ടിയെങ്കിലും ഗോൾകീപ്പർമാരുടെ മികച്ച പ്രകടനമാണ് ഗോളെണ്ണം കുറച്ചത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ന്യൂകാസിൽ ലീഡ് നേടേണ്ടതായിരുന്നു. എന്നാൽ, ജേക്കബ് മർഫിയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു.
പതിനാലാം മിനിറ്റിൽ മാർട്ടിൻ ഒഡേഗാർഡിന്റെ ഗോളിൽ ആഴ്സണൽ മുന്നിലെത്തി. 21ാം മിനിറ്റിൽ മാർട്ടിനെല്ലിയുടെ ഷോട്ട് ന്യൂകാസിൽ ഗോൾകീപ്പർ പോപെ പണിപ്പെട്ട് തടഞ്ഞപ്പോൾ ബാളെത്തിയത് ഒഡോഗാർഡിന്റെ കാലിലായിരുന്നു. എന്നാൽ, താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ ഡൈവ് ചെയ്ത് പുറത്തേക്ക് തട്ടി. മൂന്ന് മിനിറ്റിന് ശേഷം സാകയുടെ ഷോട്ടിനും പോപെ വിലങ്ങിട്ടു. 27ാം മിനിറ്റിൽ ന്യൂകാസിലിന് ലഭിച്ച സുവർണാവസരം ആഴ്സണൽ ഗോൾകീപ്പർ റംസ്ഡെയ്‍ലും തട്ടിയകറ്റി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലീഡ് ഉയർത്താൻ ഒഡേഗാർഡിന് സുവർണാവസരം ലഭിച്ചെങ്കിലും ഗോളെന്നുറച്ച ഷോട്ട് ന്യൂകാസിൽ ഗോൾ കീപ്പർ തട്ടിയകറ്റി. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റിനകം രണ്ട് സുവർണാവസരങ്ങളാണ് ന്യൂകാസിനലിന് നഷ്ടമായത്. ഒന്ന് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ മറ്റൊന്ന് ഗോൾകീപ്പർ തടയുകയായിരുന്നു. 52ാം മിനിറ്റിൽ ആഴ്സണൽ താരം മാർട്ടിനെല്ലിയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. എഴുപത്തിയൊന്നാം മിനിറ്റിൽ ആഴ്സനൽ നടത്തിയ പ്രത്യാക്രമണത്തിൽ മാർട്ടിനെല്ലിയുടെ ഷോട്ട് തടയാൻ ശ്രമിച്ച പ്രതിരോധ നിരക്കാരൻ ഫാബിയൻ ഷാറിന് പിഴച്ചപ്പോൾ പന്ത് പതിച്ചത് സ്വന്തം വലയിലായിരുന്നു. ഇതോടെ ആഴ്സണൽ ജയമുറപ്പിച്ചു.
വിജയത്തോടെ ആഴ്സനലിന് സിറ്റിയുമായുള്ള പോയന്റ് വ്യത്യാസം ഒന്നായി കുറക്കാൻ കഴിഞ്ഞു. 34 മത്സരങ്ങളിൽ 82 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ലീഗിൽ ഒന്നാമത്. ഒരു മത്സരം അധികം കളിച്ച ആഴ്സണലിന് 81 പോയന്റാണുള്ളത്. അതേസമയം, ആഴ്സണലിനോടുള്ള തോൽവി ന്യൂകാസിലിന് കനത്ത തിരിച്ചടിയായി. 34 മത്സരങ്ങളിൽ 65 പോയന്റുള്ള അവർക്ക് തൊട്ടുപിന്നിൽ അത്രയും മത്സരങ്ങളിൽ 63 പോയന്റുമായി മാഞ്ചസ്റ്റർ യുനൈറ്റഡും ഒരു മത്സരം കൂടുതൽ കളിച്ച് 62 പോയന്റുമായി ലിവർപൂളുമുണ്ട്. ആദ്യ നാല് സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.