ലിവർപൂളിനെയും കീഴടക്കി ആഴ്സണലിന്റെ കുതിപ്പ്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിനെയും കീഴടക്കി ആഴ്സണലിന്റെ കുതിപ്പ്. ഞായറാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആതിഥേയർ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലിവർപൂളിനെ മറികടന്നത്. ഇതോടെ പോയന്റ് പട്ടികയിൽ ഗണ്ണേഴ്സ് ഒന്നാം സ്ഥാനത്തെത്തി. വിംഗർ ബുക്കായോ സാക്കയുടെ ഇരട്ട ഗോളുകളാണ് ആഴ്സണലിന് ജയം സമ്മാനിച്ചത്.
കളി തുടങ്ങി 58 സെക്കന്റായപ്പോഴേക്കും ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡിന്റെ മനോഹരമായ പാസ് വലയിലെത്തിച്ച് ഗബ്രിയേൽ മാർട്ടിനെല്ലി ചെമ്പടയെ ഞെട്ടിച്ചെങ്കിലും 34ാം മിനിറ്റിൽ ഡാർവിൻ ന്യൂനസിലൂടെ ലിവർപൂൾ സമനില പിടിച്ചു. എന്നാൽ, ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ബുകായോ സാക ഗണ്ണേഴ്സിന് വീണ്ടും ലീഡ് സമ്മാനിച്ചു. ഇടവേളക്ക് ശേഷം ലീഡ് ഉയർത്താനുള്ള സുവർണാവസരം ഒഡെഗാർഡ് നഷ്‌ടപ്പെടുത്തി. 53ാം മിനിറ്റിൽ റോബർട്ടോ ഫിർമിഞ്ഞോ ലിവർപൂളിനായി ലക്ഷ്യം കണ്ടതോടെ സ്കോർ വീണ്ടും തുല്യനിലയിലായി.
76ാം മിനിറ്റിൽ ഗബ്രിയേൽ ജീസസിനെ തിയാഗോ അൽകന്റാര ഫൗൾ ചെയ്‌തതിന് ലഭിച്ച പെനാൽറ്റി സാക പിഴവില്ലാതെ വലയിലേക്ക് തട്ടിയിട്ടതോടെ ആഴ്സണൽ വീണ്ടും ലീഡെടുത്തു. തുടർന്ന് തിരിച്ചടിക്കാനുള്ള ലിവർപൂളിന്റെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.
ലീഗിൽ ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ ആഴ്സണൽ 24 പോയന്റോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയന്റ് മാത്രം മുന്നിൽ. അതേസമയം എട്ട് കളിയിൽ 10 പോയന്റ് മാത്രമുള്ള ലിവർപൂർ പത്താം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.