ഫുട്ബാൾ ജീവിതം കഴിഞ്ഞാലും ഓർമയിലുണ്ടാവും ഈ രാത്രി
text_fieldsകോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസൺ പൂർത്തിയാക്കിയ ആഷിഖ് കുരുണിയന്റെ കൈകളിലേക്ക് ഒടുവിൽ സ്വപ്നകിരീടം വന്നണഞ്ഞിരിക്കുന്നു. രണ്ടു സീസണിൽ പുണെ സിറ്റി എഫ്.സിയിലും തുടർന്ന് മൂന്നു വർഷം ബംഗളൂരുവിലും കളിച്ചിട്ടും ലഭ്യമാവാത്ത നേട്ടം. എ.ടി.കെ മോഹൻബഗാനിലേക്ക് ചേക്കേറിയതിനുശേഷം ഐ.എസ്.എല്ലിൽ ആഷിഖ് മധ്യനിരയിലിറങ്ങിയ സംഘം ഗോവ ഫട്ടോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ബംഗളൂരു എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ജേതാക്കളായത്. 54ാം മിനിറ്റിൽ തിരിച്ചുവിളിക്കുന്നത് വരെ ഉജ്വല ഫോമിൽ കളംനിറഞ്ഞുകളിച്ചു ആഷിഖ്. കുടുംബാംഗങ്ങളെ സാക്ഷിയാക്കിയായിരുന്നു കീരീടനേട്ടം. കരിയറിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണിതെന്ന് മലപ്പുറം പട്ടർക്കടവ് സ്വദേശിയായ ആഷിഖ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മനസ്സിൽ എക്കാലവും സൂക്ഷിക്കുന്ന കിരീടം
എ.ടി.കെയും മോഹൻബഗാനും മെർജ് ചെയ്ത് എ.ടി.കെ മോഹൻബഗാനായ ശേഷം രണ്ടാം തവണയാണ് ടീം ഫൈനലിലെത്തുന്നതെങ്കിലും ചാമ്പ്യൻസാവുന്നത് ആദ്യമാണ്. എന്നെ സംബന്ധിച്ച് ഐ.എസ്.എല്ലിൽ കളിക്കാൻ തുടങ്ങിയശേഷം ആദ്യ ഫൈനലാണിത്. കഴിഞ്ഞ സീസൺ വരെ ഞാൻ ബംഗളൂരു എഫ്.സിയുടെ ഭാഗമായിരുന്നു. അവരോട് ഫൈനലിൽ ഏറ്റുമുട്ടാനും കിരീടം നേടാനുമായി. ഫുട്ബാൾ ലൈഫ് കഴിഞ്ഞാലും ഓർമയിലുണ്ടാവും കഴിഞ്ഞ ദിവസത്തെ ആ രാത്രിയും മത്സരവും ആരവവും കിരീടം ഏറ്റുവാങ്ങിയതുമെല്ലാം. ഒരു പ്ലെയർക്ക് ജീവിതത്തിൽ എക്കാലവും സൂക്ഷിച്ചുവെക്കാവുന്ന നിമിഷങ്ങളാണത്.
പഴക്കവും പാരമ്പര്യവും ആരാധകരും
130ൽ അധികം വർഷത്തെ പഴക്കവും പാരമ്പര്യവുമുള്ള ക്ലബാണ് മോഹൻബഗാൻ. ഇന്ത്യയിൽ മാത്രമല്ല ഒരുപക്ഷേ, ഏഷ്യയിൽപോലും 19ാം നൂറ്റാണ്ടിൽ തുടങ്ങി വിജയകരമായി സർവൈവ് ചെയ്ത് 21ാം നൂറ്റാണ്ടിലും തിളങ്ങിനിൽക്കുന്ന ഫുട്ബാൾ ക്ലബുകൾ ഉണ്ടാവാനിടയില്ല. മറിനേഴ്സ് സംഘത്തിൽ എത്തിപ്പെടാൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമായി കണക്കാക്കുന്നയാളാണ് ഞാൻ. പ്രതിഭാധനരായ പരിശീലകരും താരങ്ങളുമാണ് ഈ ടീമിന്റെ മുതൽക്കൂട്ട്. ക്ലബിന്റെ ആസ്ഥാനമായ കൊൽക്കത്തയിൽ മാത്രമല്ല പുറത്തും ഏറ്റവുമധികം ആരാധകരുള്ള സംഘം കൂടിയാണ് എ.ടി.കെ മോഹൻബഗാൻ.
ഏഷ്യൻ കപ്പ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തണം
കരിയറിൽ ആഗ്രഹങ്ങൾ ഇനിയും ബാക്കി കിടക്കുന്നുണ്ട്. അതിനായി കഠിനാധ്വാനം തുടരും. കുറെ നാളുകൾക്കുശേഷം വീടണയുകയാണ് ഞാൻ. കേരളത്തിൽ എന്റെ ടീമും പങ്കെടുക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കാൻ പോവുന്നു. ഇന്ത്യൻ സീനിയർ ടീം ജഴ്സി എന്ന മോഹം നാലു വർഷം മുമ്പ് സഫലമായി. ഇഞ്ചുറി കാരണം ഇടക്കൊരു ഗാപ് വന്നെങ്കിലും മുപ്പതോളം മത്സരങ്ങൾ രാജ്യത്തിനായി കളിച്ചു. ഇന്ത്യൻ ടീമിന്റെ അടുത്ത ഏറ്റവും വലിയ അസൈൻമെന്റ് 2024 ആദ്യത്തിൽ നടക്കാൻ പോവുന്ന എ.എഫ്.സി ഏഷ്യൻ കപ്പാണ്. അതിനു മുമ്പായി ടീമിൽ തിരിച്ചെത്തണം. ഏഷ്യൻ കപ്പിൽ ഒരിക്കൽക്കൂടി കളിക്കാൻ ആഗ്രഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.