ഗാലറിയിലും പുറത്തും ആവേശം നയിച്ച് ‘മഞ്ഞപ്പട’
text_fieldsദോഹ: പൂരം കേമമാകണമെങ്കിൽ പഞ്ചാരിമേളവും പാണ്ടിമേളവും കൊട്ടിക്കയറണമെന്നപോലെ, ഖത്തറിൽ പന്തുരുണ്ടു തുടങ്ങിയാൽ ആവേശം കൊടുമുടിയേറണെമങ്കിൽ ‘മഞ്ഞപ്പട’യുടെ മേളവും വേണം. ഇവിടെ ലോകകപ്പായാലും ഏഷ്യൻ കപ്പായാലും മൈതാനമധ്യത്ത് പന്തുരുണ്ടു തുടങ്ങും മുേമ്പ സ്റ്റേഡിയത്തിനു പുറത്ത് താളം മുറുകും. മുടിയഴിച്ചിട്ട് ഏണസ്റ്റോയും കൂട്ടുകാരും നിറഞ്ഞാടുന്ന ബാൻഡ് വാദ്യത്തോടെയാണ്ഖത്തറിലെ ഏത് കളിയാരവവുമുയരുന്നത്.
ഇത്തവണ ഏഷ്യൻ കപ്പിന് കിക്കോഫ് വിസിൽ മുഴങ്ങിയപ്പോഴും പതിവ് തെറ്റുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ കിക്കോഫ് കുറിച്ച ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ആദ്യദിനത്തിൽതന്നെ പലനാടുകളിൽ നിന്നെത്തിയ ആരാധകരുടെ ആവേശം നയിക്കാനുള്ള നിയോഗം പ്രവാസി മലയാളികൾ നയിക്കുന്ന ‘ഖത്തർ മഞ്ഞപ്പട’എന്ന സംഘത്തിനാണ്. വൈകുന്നേരം അഞ്ചിനായിരുന്നു ഉദ്ഘാടന ചടങ്ങുകളുടെ തുടക്കമെങ്കിലും ഏണസ്റ്റോയും സവാദും ഉൾപ്പെടെയുള്ളവർ ഉച്ചയോടെതന്നെ ലുസൈലിൽ കൊട്ട് തുടങ്ങി. മൈതാനത്തെ പന്തൊഴുക്കിനൊത്ത് ഗാലറിയിൽ ഓളം സൃഷ്ടിക്കുക എന്നതിനൊപ്പം, സംഘാടകർക്ക് ക്രൗഡ് മാനേജ്മെൻിറലും ഇവരുടെ റോൾ പ്രധാനമാണ്. 80,000ത്തിന് മുകളിൽ കാണികളെത്തുന്ന വേദികളിൽ മത്സരത്തിനു മുമ്പും ശേഷവുമെല്ലാം തിരക്കൊഴിവാക്കാൻ സ്റ്റേഡിയത്തിനു പുറത്തെ ഇവരുടെ സാന്നിധ്യം പ്രധാനമാകും.
കഴിഞ്ഞ ദിവസം, ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിനും ഗാലറിയിലും പുറത്തും ആവേശം നയിക്കാൻ മഞ്ഞപ്പടക്കാരുണ്ടായിരുന്നു. ഉച്ചക്ക് 2.30ന് തുടങ്ങുന്ന മത്സരത്തിന് രാവിലെ എട്ടരക്കുതന്നെ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യുകയും 11 മണിയോടെ സ്റ്റേഡിയത്തിന് പുറത്ത് ബാൻഡ് വാദ്യം ആരംഭിക്കുകയും ചെയ്തു. മണിക്കൂറുകളാണ് കൈ കുഴക്കാതെ ഇവർ കൊട്ടിത്തീർക്കുന്നത്.
ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെയും പ്രാദേശിക സംഘാടകരുടെയും ക്ഷണപ്രകാരമാണ് ഒാരോ വേദിയിലും ഇവരെത്തുന്നത്. ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ, ഇന്ത്യ, ഖത്തർ ടീമുകളുടെ മത്സരങ്ങൾ എന്നിവക്കും പുറമെ പ്രത്യേക ഷെഡ്യൂൾ അനുസരിച്ചും വിവിധ വേദികളിൽ ബാൻഡ് വാദ്യം അവതരിപ്പിക്കുമെന്ന് ഏണസ്റ്റ് ഫ്രാൻസിസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
2017ലാണ് ഇന്ത്യൻ സൂപ്പർലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക സംഘമായി ഏണസ്റ്റ്, കണ്ണൂർ സ്വദേശി സവാദ്, ഷാജിമോൻ എന്നിവരുെട നേതൃത്വത്തിൽ ‘ഖത്തർ മഞ്ഞപ്പട എന്ന പേരിൽ ഗ്രൂപ്പ് രൂപവത്കരിക്കുന്നത്. ബാൻഡും ഉപകരണങ്ങളും നാട്ടിൽ നിന്ന് എത്തിച്ച് കൊട്ടിപ്പഠിച്ച് തുടങ്ങിയവർ അധികം വൈകാതെ ലോകകപ്പ് പ്രദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി കൈകോർത്തു. ഖത്തർ സ്റ്റാർസ് ലീഗ്, അമീർ കപ്പ്, ഫിഫ അറബ് കപ്പ് എന്നിവയുടെ ഭാഗമായി വേദികളിൽ ഓളം തീർത്തവർ, 2021 നവംബറിൽ നടന്ന ഔദ്യോഗിക കൗണ്ട് ഡൗൺ ചടങ്ങിലും ക്ഷണിക്കപ്പെട്ട കലാകാരന്മാരായിരുന്നു. കഴിഞ്ഞ ലോകകപ്പോടെ സംഘത്തിന്റെ കൊട്ടും ആവേശവും ലോകത്തോളം പ്രശസ്തമായി. വിവിധ വേദികളിലും ഫാൻ സോണുകളിലുമായി സജീവമായവർ അന്താരാഷ്ട്ര മാധ്യമങ്ങളിലും വാർത്തകളിൽ നിറഞ്ഞു.
3000ത്തോളം അംഗങ്ങളുള്ള മഞ്ഞപ്പട ഗ്രൂപ്പിൽ 70 പേരാണ് ബാൻഡ് വാദ്യ സംഘത്തിലുള്ളത്. വാരാന്ത്യ അവധിദിനങ്ങളിൽ ദോഹയിൽനിന്ന് വിദൂര സ്ഥലങ്ങളിൽപോയി പരിശീലിച്ചാണ് ഓരോരുത്തരും നല്ല വാദ്യക്കാരായി മാറുന്നത്. നാസിക് ഡോൽ, സൈഡ് ഡ്രം ആയ താഷ തുടങ്ങി വിവിധ വാദ്യ ഉപകരണങ്ങളിലാണ് ഇവരുടെ അഭ്യാസങ്ങൾ. ഖത്തറിലെ കളിമൈതാനങ്ങളിലൂടെ ശ്രദ്ധേയമായി മാറിയ ടീമിന് ഇനി ഐ.എസ്.എല്ലിൽ കേരളത്തിലെത്തിയും പ്രകടനം നടത്തണമെന്നാണ് പ്ലാൻ. രക്തദാന ക്യാമ്പ് ഉൾപ്പെടെ സാമൂഹിക പ്രവർത്തനങ്ങളുമായും ഇവർ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.