ഏഷ്യൻ കപ്പ്: ചാമ്പ്യൻപകിട്ടുമായി ആതിഥേയർ
text_fieldsപലപ്പോഴും സമ്മർദങ്ങളിലൂടെയായിരുന്നു ഖത്തർ ദേശീയ ഫുട്‌ബാൾ ടീം മുന്നോട്ടുനീങ്ങിയിരുന്നത്. 2019ലെ എ.എഫ്.സി ഏഷ്യൻ കപ്പ് അതിൽനിന്നൊരു അപവാദമായിരുന്നു. യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിൽ ആവേശപ്പോരാട്ടങ്ങൾക്കൊടുവിൽ കന്നിക്കിരീടവുമായായിരുന്നു ഖത്തർ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയത്. 18ാമത് ഏഷ്യൻ കപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ അൽ അന്നാബി എന്നറിയപ്പെടുന്ന ഖത്തറിന് ഇത്തവണയും വെല്ലുവിളി സമ്മർദങ്ങളായിരിക്കും. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായാണ് ബെർത്തലോം മാർക്വിസ് ലോപ്പസിന്റെ ഖത്തർ എ.എഫ്.സി കപ്പിൽ ബൂട്ട് കെട്ടുന്നത്. ടൂർണമെന്റ് ആരംഭിക്കുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പാണ് ദേശീയ പരിശീലകനായിരുന്ന പോർചുഗീസുകാരൻ കാർലോസ് ക്വിറോസിനെ മാറ്റി ലോപ്പസിനെ പരിശീലകനാക്കിയത്.
ഗ്രൂപ് എയിൽ ലബനാൻ, തുർക്മെനിസ്താൻ, ചൈന എന്നിവർക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം. സമ്മർദങ്ങൾക്കിടയിലും സംഘടിതവും ആക്രമണാത്മകവുമായ കേളീശൈലിയിലാണ് ഖത്തറിന്റെ പ്രതീക്ഷകളും വിശ്വാസവും. ഏഷ്യൻ ഫുട്‌ബാളിലെ അതികായരെല്ലാം ഇത്തവണയും വൻകരയുടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയിട്ടുണ്ടെങ്കിലും സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റ് എന്ന മുൻതൂക്കവും അതോടൊപ്പം സമ്മർദവും അന്നാബികൾക്ക് മേലുണ്ട്. ആരാധകരെല്ലാം ഒരിക്കൽ കൂടി ഖത്തറിന്റെ ഏഷ്യൻ കപ്പ് കിരീടധാരണത്തിനായി കാത്തിരിക്കുകയാണ്.
പരിചയസമ്പന്നരും പുത്തൻ താരനിരയും
ദിവസങ്ങൾക്ക് മുമ്പാണ് ഏഷ്യൻ കപ്പിനുള്ള 26 അംഗ ആതിഥേയ ടീമിനെ പരിശീലകൻ ലോപ്പസ് പ്രഖ്യാപിച്ചത്. ഗോൾവല കാക്കുന്ന സഅദ് അൽ ശീബ് മുതൽ മധ്യനിരയിൽ ഹസൻ അൽ ഹൈദൂസും മുന്നേറ്റനിരയിൽ അൽ മുഇസ് അലിയും വരെയുള്ള പരിചയസമ്പന്നരും, മിഷാൽ ബർഷിം മുതൽ മധ്യനിരയിൽ ഹുമാം അഹ്മദ്, മുന്നേറ്റത്തിൽ യൂസുഫ് അബ്ദു റസാഖ് വരെയുള്ള പുതുരക്തവും ചേർന്ന ശക്തരായ നിരയെ തന്നെയാണ് ലോപ്പസ് തയാറാക്കിയിരിക്കുന്നത്. ശീബിനും ബർഷിമിനുമൊപ്പം വലകാക്കാൻ സലാഹ് സകരിയ്യയാണ് മൂന്നാമൻ.
പെഡ്രോ, അൽമഹ്ദി, താരിഖ് സൽമാൻ, ബസാം റാവി, ബൂഅലാം ഖൗഖി, ജാസിം ജാബിർ, ലുകാസ് മെൻഡസ് എന്നിവർ പ്രതിരോധത്തിൽ കോട്ട കെട്ടുമ്പോൾ, മുഹമ്മദ് വഅദ്, ഹാതിം, അലി അസദ്, ഇസ്മായിൽ മുഹമ്മദ്, അഹ്മദ് ഫാതി, ഖാലിദ് എം സലാഹ് എന്നിവർ മധ്യനിര അടക്കിവാഴും. മുഇസ് അലിക്കും യൂസുഫിനും പുറമേ, അഹ്മദ് അലാദ്ദീൻ, ഖാലിദ് മആസീദ്, അക്രം അഫീസ് എന്നിവർ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കും.
അക്രം അഫീഫ്-അൽ മുഇസ് അലി സഖ്യം
2019ൽ അയൽരാജ്യമായ യു.എ.ഇ ആതിഥ്യം വഹിച്ച ഏഷ്യൻ കപ്പിൽ ഖത്തർ ജേതാക്കളായപ്പോൾ റെക്കോർഡുകൾ തകർത്ത പ്രകടനമായിരുന്നു ഫോർവേഡുകളായ അൽ മുഇസ് അലിയും അക്രം അഫീഫും കാഴ്ചവെച്ചത്. ഒമ്പത് ഗോളുകൾ നേടി ടോപ്‌സ്‌കോററായ മുഇസ് അലി, ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ആദ്യ താരവുമായി. 10 അസിസ്റ്റുകൾ നേടിയ അക്രം അഫീഫും ആ വർഷത്തെ ഏഷ്യൻ കപ്പിൽ പുതിയ റെക്കോഡ് കുറിച്ചു. ഇരുവരും ചേർന്ന് നേടിയത് 10 ഗോളുകളും 11 അസിസ്റ്റുകളും. വീണ്ടുമൊരു ഏഷ്യൻ കപ്പ് കൂടി ഖത്തറിലെത്തുമ്പോൾ അൽ അന്നാബികളുടെയും ഖത്തർ ആരാധകരുടെയും പ്രതീക്ഷകളും ഈ താരങ്ങളിൽ തന്നെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.