വൻകരയുടെ പട്ടാഭിഷേകം ലുസൈലിൽ
text_fieldsദോഹ: ലയണൽ മെസ്സിയും സംഘവും ലോകകിരീടമുയർത്തിയ ലുസൈലിന്റെ മണ്ണിൽ നിന്നുതന്നെ വൻകരയുടെ ചാമ്പ്യന്മാരും ഉദിച്ചുയരും. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്ക് ലുസൈൽ സ്റ്റേഡിയം വേദിയാകുമെന്ന് സംഘാടകർ പ്രഖ്യാപിച്ചു.
നേരത്തേ പ്രഖ്യാപിച്ച എട്ടു വേദികളിൽ ലുസൈൽ സ്റ്റേഡിയമില്ലായിരുന്നു. പരിഷ്കരിച്ച പുതിയ മത്സര ഫിക്സ്ചറുകളിൽ ലുസൈലിനെയും ഉൾപ്പെടുത്തിയാണ് പുതിയ വേദികൾ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ലോകകപ്പ് വേദികളായ അൽ ബെയ്ത് സ്റ്റേഡിയം, അൽ ജനൂബ്, അൽ തുമാമ, അഹമ്മദ് ബിൻഅലി, എജുക്കേഷൻ സിറ്റി, ഖലീഫ ഇൻറർനാഷനൽ എന്നീ സ്റ്റേഡിയങ്ങളും ഏഷ്യൻ കപ്പിന് വേദിയാകും.
ഇവക്കു പുറമെ, അൽ സദ്ദിന്റെ ഹോം ഗ്രൗണ്ടായ ജാസിം ബിൻ ഹമദ്, അൽ ദുഹൈലിന്റെ ഹോം ഗ്രൗണ്ടായ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയങ്ങളും ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് സാക്ഷിയാകും. ആകെ ഒമ്പതു വേദികളിലായാണ് 24 ടീമുകളുടെ ഉശിരൻ പോരാട്ടങ്ങൾ നടക്കുന്നത്.
നാലു ടീമുകൾ വീതമുള്ള ആറു ഗ്രൂപ്പുകളായാവും ആദ്യ ഘട്ടങ്ങളിലെ മത്സരങ്ങൾ. ആതിഥേയരായ ഖത്തറും ലബനാനും തമ്മിലാണ് ഉദ്ഘാടന മത്സരം.
കിക്കോഫ്: ഖത്തർ x ലബനാൻ
2024 ജനുവരി 12ന് ലുസൈൽ സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറും ലബനാനും തമ്മിലെ മത്സരത്തോടെ വൻകരയുടെ അങ്കത്തിന് കിക്കോഫ് കുറിക്കും. നേരത്തേ അൽ ബെയ്തിൽ ഉദ്ഘാടന മത്സരം നടത്തുമെന്നായിരുന്നു അറിയിപ്പ്. 88,000ത്തിലേറെ കാണികൾക്ക് ഇരിപ്പിടശേഷിയുള്ള ലുസൈൽ സ്റ്റേഡിയം വേദിയാകുന്നതോടെ ഏഷ്യൻ കപ്പ് ചരിത്രത്തിൽതന്നെ ഏറ്റവും വലിയ ആരാധകരെ സാക്ഷിയാക്കിയുള്ള ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്കാവും ഇത്തവണ വേദിയാകുന്നത്.
ജനുവരി 12ന്റെ ഉദ്ഘാടനമത്സരത്തിനും ഫെബ്രുവരി 10ന്റെ ഫൈനൽ മത്സരത്തിനും മാത്രമാണ് ലുസൈൽ വേദിയാകുന്നത്. ഗ്രൂപ് ‘ബി’യിൽ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി 13ന് ആസ്ട്രേലിയക്കെതിരെ അഹമ്മദ് ബിൻഅലി സ്റ്റേഡിയത്തിലാണ്. ലോകകപ്പിനുശേഷം, ഖത്തറിലെ കളിമുറ്റങ്ങൾ വീണ്ടും ആവേശപ്പോരാട്ടത്തിന് വേദിയാകാൻ ഒരുങ്ങുകയാണെന്ന് ഏഷ്യൻ കപ്പ് പ്രാദേശിക സംഘാടക സമിതി സി.ഇ.ഒ ജാസിം അൽ ജാസിം പറഞ്ഞു.
‘ഗാലറികൾ വീണ്ടും ഉണരാൻ ഒരുങ്ങുകയാണ്. വൻകരയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഫുട്ബാൾ ആരാധകർ ഒന്നിക്കും. ഏറ്റവും മികച്ച ഫുട്ബാൾ ടൂർണമെന്റിന് മൂന്നാം തവണയും ആതിഥേയരാവാനുള്ള ഒരുക്കത്തിലാണ് ഖത്തർ’ -അദ്ദേഹം പറഞ്ഞു.
1988ലും 2011ലുമായിരുന്നു നേരത്തേ ഖത്തർ വേദിയായത്. 2019ൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിൽ കിരീടമുയർത്തി നിലവിലെ ജേതാക്കൾ എന്ന പെരുമയുമായാണ് ഖത്തർ വൻകരയുടെ അങ്കത്തിന് വേദിയൊരുക്കുന്നത്. ഗ്രൂപ് ‘എ’യിൽ ചൈന, താജികിസ്താൻ, ലബനാൻ എന്നിവർക്കൊപ്പമാണ് ഖത്തർ. ഉദ്ഘാടനമത്സരം രാത്രി ഏഴിനും ജനുവരി 14ന് 5.30ന് താജികിസ്താനെതിരെയും 25ന് ആറിന് ചൈനക്കെതിരെയുമാണ് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.