ഏഷ്യൻ കപ്പ് ഫുട്ബാളിന് ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ കിക്കോഫ്
text_fieldsദോഹ: ഇന്നുമുണ്ട് ലുസൈൽ സ്റ്റേഡിയത്തിന്റെ അന്തരീക്ഷത്തിൽ അന്നത്തെ ആ പോരാട്ടവീര്യത്തിന്റെ ദീർഘനിശ്വാസങ്ങൾ. ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും ഗോളടിയും ചാട്ടുളി വേഗത്തിൽ കുതിച്ചുപാഞ്ഞ കിലിയൻ എംബാപ്പെ നേടിയ മിന്നും ഗോളുകളിൽ ഫ്രാൻസിന്റെ തിരിച്ചുവരവും മുതൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പത്തു കൈകളുമായി എമിലിയാനോ മാർട്ടിനസ് നിറഞ്ഞാടിയതും ഒടുവിൽ അർജന്റീനയുടെ നായകന് ആതിഥേയനാടിന്റെ ആദരവായി ഖത്തർ അമീർ ധരിപ്പിച്ച ബിഷ്തും ഉൾപ്പെടെ എല്ലാം...
ലോകം കണ്ണിമ ചിമ്മാതെ കണ്ട പോരാട്ടമണ്ണിലേക്ക് 390 ദിവസത്തിനു ശേഷം വീണ്ടും കാൽപന്ത് എത്തുകയാണ്. സമ്മോഹനമായ കളിയഴകിന്റെ വേദിയായ ലോകകപ്പ് ഫുട്ബാളിന് ലോങ് വിസിൽ മുഴങ്ങിയ അതേ പച്ചപ്പുൽ മൈതാനിയിൽതന്നെ വൻകരയുടെ വീറുറ്റ അങ്കത്തിന് കിക്കോഫ് വിസിൽ മുഴങ്ങുന്നു. 18ാമത് ഏഷ്യൻ കപ്പിന്റെ പോരിശയേറും പോരാട്ടത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമെന്ന പകിട്ടിൽ ഖത്തർ ബൂട്ടുകെട്ടുമ്പോൾ മറുപാതിയിൽ ലബനാൻ അണിനിരക്കും. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴിന് (ഇന്ത്യൻ സമയം 9.30നാണ്) ഉദ്ഘാടന മത്സര കിക്കോഫ്. ആദ്യദിനം ഒരു കളിയിൽ അവസാനിക്കുമ്പോൾ, രണ്ടാം ദിനം മുതൽ കളി മുറുകും. ഇന്ത്യയും ആസ്ട്രേലിയയും തമ്മിലേത് ഉൾപ്പെടെ മൂന്ന് മത്സരങ്ങളാണ് ശനിയാഴ്ച ഏഷ്യൻ കപ്പിൽ അരങ്ങു തകർക്കുന്നത്.
ചാമ്പ്യൻ വെല്ലുവിളിയുമായി ഖത്തർ
ആതിഥേയരും ഒപ്പം നിലവിലെ ചാമ്പ്യന്മാരുമെന്നത് ഖത്തറിന് വെല്ലുവിളി കൂടിയാണ്. ഗാലറിയിൽ ആർത്തിരമ്പുന്ന ആരാധകർക്കു നടുവിൽ വർധിത ഊർജത്തോടെ കളിക്കാം എന്നതിനൊപ്പം, നാലു വർഷം മുമ്പ് യു.എ.ഇയിൽ നേടിയ കിരീടം നിലനിർത്താനുള്ള സമ്മർദവും ആതിഥേയർക്കുണ്ട്. ലോകകപ്പിനൊരുങ്ങുന്ന രാജ്യമെന്ന നിലയിൽ ഏറെ ശ്രദ്ധേയമായിരുന്നു 2019ലെ ഖത്തറിന്റെ കിരീടനേട്ടം. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ, പക്ഷേ ഒരു ജയം പോലുമില്ലാതെ ഗ്രൂപ്പ് റൗണ്ടിൽ കീഴടങ്ങാനായിരുന്നു വിധി. പുതു പരിശീലകനും പരിചയ സമ്പന്നരും പുതുമുഖക്കാരും ചേർന്ന ടീമുമായാണ് ഖത്തർ ഏഷ്യൻ കപ്പിന് ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു പോർചുഗലുകാരനായ കോച്ച് കാർലോസ് ക്വിറോസ് ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. എന്നാൽ, അപ്രതീക്ഷിത നീക്കത്തിലൂടെ ഒരുമാസം മുമ്പ് ക്വിറോസിന്റെ കസേര തെറിച്ചു. ഖത്തർ ഫുട്ബാളിൽ സുപരിചിതനായ സ്പാനിഷുകാരൻ മാർക്വേസ് ലോപസിനു കീഴിലാണ് ഹസൻ ഹൈദോസും അക്രം അഫിഫും അടങ്ങുന്ന ടീം കളിക്കാനിറങ്ങുന്നത്.
നിലവിലെ ജേതാക്കളെന്നത് ഒരു സമ്മർദമാണെന്ന് വ്യക്തമാക്കിയ ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസ്, പക്ഷേ, ആ വെല്ലുവിളി ടീം തോളിലേറ്റുമെന്ന് മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. പുതുതലമുറ താരങ്ങൾകൂടി അണിനിരക്കുന്ന ടീമുമായി ഏറ്റവും മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകുന്നു. ഗ്രൂപ്പിൽ ചൈന, തജികിസ്താൻ എന്നിവരാണ് മറ്റു ടീമുകൾ. പ്രീക്വാർട്ടർ വരെയുള്ള യാത്രകൾ കൂടുതൽ എളുപ്പമായിരിക്കുമെന്ന പ്രതീക്ഷയും ടീമിനുണ്ട്. ഫിഫ റാങ്കിങ്ങിൽ ഖത്തർ 58ാം സ്ഥാനത്താണെങ്കിൽ 107ാം സ്ഥാനക്കാരാണ് ലബനാൻ. ലോകകപ്പിനു പിന്നാലെ കോൺകകാഫ് ഗോൾഡ് കപ്പിലും ജോർഡനിൽ നടന്ന ചതുർരാഷ്ട്ര ടൂർണമെന്റുകളിലും മാറ്റുരച്ച ഖത്തറിന് ഏറ്റവും ഒടുവിൽ ലോകകപ്പ് യോഗ്യത മത്സരത്തിലും സൗഹൃദ മത്സരങ്ങളിലും വിജയം സ്വന്തമാക്കാനായി. 2019 ഏഷ്യൻ കപ്പിൽ ഒമ്പത് ഗോൾ നേടി ഗോൾഡൻ ബൂട്ടിന് അവകാശിയായ അൽ മുഈസ് അലി, ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന അക്രം അഫിഫ്, ക്യാപ്റ്റൻ ഹസൻ ഹൈദോസ്, യൂസുഫ് അബ്ദുൽ റസാഖ് എന്നിവരുൾപ്പെടെ കളി നയിക്കാൻ ഒരുപിടി താരങ്ങളുമുണ്ട്.
ഫസ്റ്റ് ഇൻ ഏഷ്യൻ കപ്പ്
ദോഹ: ഏഷ്യൻ കപ്പ് ഒരുപിടി കാര്യങ്ങളിൽ പുതിയ തുടക്കവുമായാണ് കിക്കോഫ് കുറിക്കുന്നത്. സാങ്കേതിക വിദ്യക്കൊത്ത് മാറുന്ന അന്താരാഷ്ട്ര ഫുട്ബാളിനൊപ്പം മാറി എ.എഫ്.സിയും ഖത്തറിൽ ചരിത്രം കുറിക്കുന്നു.
ലോകകപ്പ് വേദിയിൽ ആദ്യം
ലോകകപ്പിന് അരങ്ങൊരുക്കിയ വേദിയിൽ ആദ്യമായാണ് ഒരു ഏഷ്യൻ കപ്പ് മത്സരം നടക്കുന്നതെന്ന പ്രത്യേകത ഖത്തറിനുണ്ട്. കഴിഞ്ഞ ലോകകപ്പിന് ഉപയോഗിച്ച എട്ടിൽ ഏഴ് സ്റ്റേഡിയങ്ങളിലും കളി നടക്കും. ഇതിനുപുറമെ രണ്ടു വേദികൾ ഉൾപ്പെടെ ഒമ്പത് സ്റ്റേഡിയങ്ങളിലാണ് കളി.
ഓഫ് സൈഡ് പിടിക്കാൻ എസ്.എ.ഒ.ടി
ലോകകപ്പിൽ ഉപയോഗിച്ച സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജിക്ക് ഏഷ്യൻ കപ്പിലും അരങ്ങേറ്റമാകും. ഗാലറിയിൽ സ്ഥാപിച്ച 12 കാമറകൾ വഴിയാണ് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ഇവ കളിക്കാരുടെ ശരീരത്തിലെ 29 പോയന്റുകൾ ട്രാക് ചെയ്യും. പന്തിനുള്ളിലെ സെൻസറിന്റെ കൂടി സഹായത്തിൽ ഓഫ് സൈഡ് കൃത്യമായി തിരിച്ചറിയാം.
ഫുൾ ‘വാർ’
2019ൽ ഭാഗികമായാണ് വിഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനം ഉപയോഗിച്ചത്. ഇത്തവണ പൂർണമായും ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.