ഓർമകളിൽ ചോര ചിന്തുന്നു
text_fieldsദോഹ: ഏറ്റവും ഒടുവിൽ അവരെ തേടിയെത്തിയത് അബൂ അൽ ആബിദ് എന്ന് സ്നേഹത്തോടെ വിളിക്കുന്ന തങ്ങളുടെ പരിശീലകൻ ഹാനി അൽ മസ്ദറും രക്തസാക്ഷിയായെന്ന വാർത്തയാണ്. ഏഷ്യൻ കപ്പ് ഫുട്ബാളിൽ ആ നാടിന്റെ തലയെടുപ്പാവാനെത്തിയ ഫലസ്തീൻ ടീമിന്റെ ക്യാമ്പിലേക്ക് അഞ്ചു ദിവസം മുമ്പാണ് ഗസ്സയിൽനിന്ന് അബു അൽ ആബിദിന്റെ മരണവാർത്തയെത്തുന്നത്.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം മൂന്നു മാസം തികഞ്ഞ ജനുവരി ഏഴിന് തലേ ദിനമായിരുന്നു ഫലസ്തീൻ ഒളിമ്പിക് ടീമിന്റെ പരിശീലകനും ദേശീയ ഫുട്ബാളിലെ പ്രമുഖ താരവുമായിരുന്ന ഹാനി അൽ മസ്ദർ എന്ന 42കാരനും കൊല്ലപ്പെടുന്നത്. മുൻ കളിക്കാരനും പരിശീലകനുമായി ടീമംഗങ്ങൾക്ക് പ്രിയങ്കരനായ ഹാനിയും കൊല്ലപ്പെട്ട വാർത്ത നെഞ്ചുപൊട്ടും വേദനയോടെ കേൾക്കാനേ ഏഷ്യൻ കപ്പിനുള്ള ഒരുക്കത്തിനിടെ കോച്ച് മക്രം ദബൂബിനും കളിക്കാർക്കും കഴിയൂ...
ഓരോ ദിവസവും പരിശീലനവും സന്നാഹമത്സരവും കഴിഞ്ഞാൽ മരണവീടുപോലെ മൂകമാണ് ടീം ക്യാമ്പെന്നായിരുന്നു ദോഹയിലേക്ക് പുറപ്പെടുംമുമ്പ് കോച്ച് മക്രം ദബൂബ് പറഞ്ഞത്.
‘ഗസ്സയിൽനിന്നുള്ള വാർത്തകൾ അറിയാനായി അവരെല്ലാം ഫോണിലായിരിക്കും. ബസിലും ഹോട്ടൽ മുറിയിലും തീന്മേശയിലുമായിരിക്കുമ്പോഴും അവർ നാട്ടിൽനിന്നുള്ള വിവരങ്ങൾ പരതുകയാവും. ഗസ്സയിലെ പ്രിയപ്പെട്ടവരിൽ ആരെല്ലാം ജീവനോടെ ബാക്കിയുണ്ട് എന്ന ആധിയിലാണ് അവരെല്ലാം. പലരുടെയും കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടവരിലുണ്ട്. മുന്നേറ്റനിരയിലെ താരമായ മഹ്മൂദ് വാദിയുടെയും പ്രതിരോധനിരക്കാരൻ മുഹമ്മദ് സാലിഹിന്റെയുമെല്ലാം ബന്ധുക്കൾ കൊല്ലപ്പെട്ടവരിൽപെടും. പലരുടെയും വീടുകൾ ഇസ്രായേൽ അധിനിവേശസേനയുടെ ബോംബാക്രമണത്തിൽ തകർന്നു.
കുടുംബങ്ങൾ സുരക്ഷ തേടി അതിർത്തികളിലേക്ക് പലായനംചെയ്ത് അഭയാർഥി ക്യാമ്പുകളിൽ താമസമാക്കുന്നു’ -ഫലസ്തീൻ ടീം ക്യാമ്പിലെ അവസ്ഥയെക്കുറിച്ച് ദോഹയിലേക്ക്പറക്കുംമുമ്പ് കോച്ച് മക്രം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഈ പ്രതിസന്ധികൾക്കിടയിൽ തന്റെ ജോലികൾ ഇരട്ടിയാകുന്നുവെന്ന് നെടുവീർപ്പിടുകയാണ് പരിശീലകൻ.
കഴിഞ്ഞ ജൂണിലായിരുന്നു വൻകരയിലെ മികച്ച ടീമുകളിൽ ഒന്നായി ഫലസ്തീൻ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. അന്ന്, ആ നാടൊന്നാകെ തെരുവിലിറങ്ങി ആഘോഷിച്ചു. ഒന്നുമില്ലായ്മയിലും ഫുട്ബാൾ കളിച്ച് മികവ് തെളിയിച്ചതിനുള്ള അംഗീകാരമായിരുന്നു തുടർച്ചയായി മൂന്നാം തവണയും തേടിയെത്തിയ ഏഷ്യൻ കപ്പ് യോഗ്യത.
നൂറു ദിവസമാകുന്ന ആക്രമണങ്ങളിൽ സ്വന്തം നാട് മരണപ്പറമ്പായി മാറുമ്പോൾ അന്താരാഷ്ട്ര വേദിയിൽ ഫലസ്തീൻ എന്ന രാജ്യത്തിന്റെ അഭിമാനമുയർത്തുകയാണ് ഈ സംഘം. വിമാനത്താവളത്തിൽ നൽകിയ വരവേൽപിലും പരിശീലന മൈതാനത്ത് ആശംസയുമായെത്തുന്ന കാണികളും ദോഹയിലെ ഫലസ്തീൻ സ്കൂളുകളിൽ വിദ്യാർഥികൾ ഒരുക്കുന്ന സ്വീകരണങ്ങളിലുമെല്ലാമുണ്ട് ഈ നാടിനോടുള്ള കരുതലും സ്നേഹവും.
ഗ്രൂപ് ‘സി’യിൽ ഞായറാഴ്ചയാണ് ഫലസ്തീന്റെ ആദ്യ മത്സരം. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇറാനാണ് എതിരാളികൾ. മത്സരത്തിന്റെ ഫലമെന്തായാലും ഗാലറിയും മൈതാനവും ഫലസ്തീന്റെ ഐക്യദാർഢ്യവേദിയാകും. പോരാട്ടഭൂമിയിൽ സഹോദരങ്ങൾ രക്തസാക്ഷിയായി വീഴുമ്പോൾ, കളിമൈതാനത്ത് ഏറ്റവും മികച്ച പ്രകടനത്തിലൂടെ നാടിന്റെ അഭിമാനമാകാനുള്ള തയാറെടുപ്പിലാണ് വെസ്റ്റ്ബാങ്ക് പ്രീമിയർ ലീഗിലും വിവിധ രാജ്യങ്ങളിലുമായി പന്തുതട്ടുന്ന താരങ്ങൾ ഉൾപ്പെടുന്ന ഫലസ്തീൻ സംഘം.
ഇതുവരെയായി ഫുട്ബാൾ താരങ്ങൾ ഉൾപ്പെടെ ആയിരത്തോളം കായികതാരങ്ങൾ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ പറയുന്നത്. ഏതാനും ദിവസം മുമ്പ് ഗസ്സയിലെ ഫുട്ബാൾ അസോസിയേഷന്റെയും ഒളിമ്പിക് കമ്മിറ്റിയുടെയും ആസ്ഥാനവും തകർത്തു. 1939ൽ സ്ഥാപിച്ച മേഖലയിലെതന്നെ ഏറ്റവും പഴക്കമേറിയ യർമൂഖ് സ്റ്റേഡിയം ഉൾപ്പെടെ കളിമൈതാനങ്ങളും അധിനിവേശസേന നശിപ്പിച്ചു. യർമൂഖ് സ്റ്റേഡിയം സൈന്യം ജയിലാക്കിമാറ്റിയതും അന്താരാഷ്ട്ര കായികലോകത്ത് ഏറെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.