ഏഷ്യൻ കപ്പ്: ഉദ്ഘാടനവും ഫൈനലും ലുസൈൽ സ്റ്റേഡിയത്തിൽ
text_fieldsദോഹ: ലയണൽ മെസ്സിയും സംഘവും ലോകകിരീടമുയർത്തിയ ലുസൈലിന്റെ മണ്ണിൽ നിന്നു തന്നെ വൻകരയുടെ ചാമ്പ്യന്മാരും ഉദിച്ചുയരും. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്ക് ലുസൈൽ സ്റ്റേഡിയം വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
നേരത്തെ പ്രഖ്യാപിച്ച എട്ടു വേദികളിൽ ലുസൈൽ സ്റ്റേഡിയമില്ലായിരുന്നു. പരിഷ്കരിച്ച പുതിയ മത്സര ഫിക്സ്ചറുകളിൽ ലുസൈലിനെയും ഉൾപ്പെടുത്തിയാണ് പുതിയ വേദികൾ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ലോകകപ്പ് വേദികളായ അൽ ബെയ്ത് സ്റ്റേഡിയം, അൽ ജനൂബ്, അൽ തുമാമ, അഹമ്മദ് ബിൻഅലി, എജുക്കേഷൻ സിറ്റി, ഖലീഫ ഇൻറർനാഷനൽ എന്നീ സ്റ്റേഡിയങ്ങളും ഏഷ്യൻ കപ്പിന് വേദിയാകും.
ഇവക്ക് പുറമെ, അൽ സദ്ദിന്റെ ഹോം ഗ്രൗണ്ടായ ജാസിം ബിൻ ഹമദ്, അൽ ദുഹൈലിന്റെ ഹോം ഗ്രൗണ്ടായ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയങ്ങളും ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് സാക്ഷിയാകും. ആകെ, ഒമ്പത് വേദികളിലായാണ് 24 ടീമുകളുടെ ഉശിരൻ പോരാട്ടങ്ങൾ നടക്കുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാവും ആദ്യ ഘട്ടങ്ങളിലെ മത്സരങ്ങൾ. ആതിഥേയരായ ഖത്തറും ലെബനാനും തമ്മിലാണ് ഉദ്ഘാടന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.