പ്രതിരോധം മാത്രം പോരാ, ഗോളും വേണം
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് വ്യാഴാഴ്ച നിർണായക അങ്കം. ഇന്ത്യൻ സമയം രാത്രി എട്ടിന് (ഖത്തർ സമയം 5.30ന്) അഹ്മദ് ബിൻഅലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഉസ്ബകിസ്താനാണ് എതിരാളി. ആദ്യമത്സരത്തിൽ ആസ്ട്രേലിയക്കെതിരെ പ്രതിരോധം കരുത്താക്കി പിടിച്ചുനിന്ന് തോൽവിയുടെ ഭാരം കുറച്ച ബ്ലൂ ടൈഗേഴ്സിന് രണ്ടാം അങ്കത്തിൽ പക്ഷേ, അതുകൊണ്ടുമാത്രം കാര്യമില്ല. ഗോളടിപ്പിക്കാതിരിക്കുക എന്ന തന്ത്രംപോലെ, ഗോളടിക്കാനുള്ള വഴികളും ഇന്ന് പ്രധാനമാണ്.
ആദ്യമത്സരത്തിൽ ലോകകപ്പ് പ്രീക്വാർട്ടർ ഫൈനലിസ്റ്റും ശക്തരുമായ ആസ്ട്രേലിയക്കെതിരെ കോച്ച് ഇഗോർ സ്റ്റിമാക് നടപ്പാക്കിയ തന്ത്രങ്ങൾ പകുതിയോളം വിജയംകണ്ടുവെന്ന് ആശ്വസിക്കുന്നവരാണ് ഏറെയും. ആദ്യ പകുതിയിൽ ടീമിനെ ഗോൾ വഴങ്ങാതെ പിടിച്ചുനിർത്താനും മികച്ച ടാക്ലിങ്ങുകളിലൂടെ സോക്കറൂസിന്റെ കരുത്തരായ മുന്നേറ്റക്കാരെ തടയാനുമെല്ലാം കഴിഞ്ഞു. എന്നാൽ, രണ്ടാം പകുതിയിൽ പ്രതിരോധത്തിലെ വീഴ്ചകൾ രണ്ടു ഗോളുകളായി വീണത് ടീമിന് തിരിച്ചടിയായി. എങ്കിലും, ആദ്യകളിയിൽ ഏറ്റവും ശക്തരായ എതിരാളിയെ വിറപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ് കഴിഞ്ഞയാഴ്ച സന്ദേശ് ജിങ്കാനും രാഹുൽ ഭേകെയും കളംവിട്ടത്.
ഉസ്ബകിസ്താൻ ചെറുതല്ല
ഫിഫ റാങ്കിങ്ങിൽ 68ാം സ്ഥാനക്കാരായ ഉസ്ബകിസ്താൻ ആസ്ട്രേലിയയോളംതന്നെ ഭീഷണിയാണ് ഇന്ത്യക്കും. ഗ്രീക്, ടർക്കിഷ്, ഫ്രഞ്ച് ലീഗുകളിൽ കളിക്കുന്ന ഒരു പിടി താരങ്ങളും ഒപ്പം മുൻനിര ഉസ്ബകിസ്താൻ ക്ലബുകളുടെയും താരങ്ങളുമായാണ് അവർ ഇറങ്ങുന്നത്. ശാരീരിക കരുത്തിലും അന്താരാഷ്ട്ര മത്സരപരിചയത്തിലുമെല്ലാം ഇന്ത്യയേക്കാൾ മികച്ചു നിൽക്കുന്നവർ.
ആസ്ട്രേലിയയെ നേരിട്ടപോലെതന്നെ കൂടുതൽ ജാഗ്രതയും ഗെയിംപ്ലാനുമുണ്ടെങ്കിലേ പിടിച്ചു നിൽക്കാനാവൂ എന്നു സാരം.ഇതിനകം ഇന്ത്യയും ഉസ്ബകും ഏറ്റുമുട്ടിയത് ആറു തവണയാണ്. എന്നാൽ, കഴിഞ്ഞ 23 വർഷത്തിനിടെ ഇരു ടീമുകളും പരസ്പരം കളിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ 2001 ജൂണിൽ മെർദേക കപ്പിൽ കളിച്ചപ്പോൾ 2-1നായിരുന്നു ഉസ്ബകിസ്താന്റെ ജയം. ആകെ ആറു കളിയിൽ രണ്ടു സമനിലയും ബാക്കി നാലിലും ഉസ്ബകിസ്താൻ ജയവും സ്വന്തമാക്കി.
ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ സിറിയയോട് സമനില വഴങ്ങിയ ഉസ്ബകിസ്താന് മുന്നേറാൻ ജയം അനിവാര്യമാണെന്നതും ഇന്ത്യക്കുമേൽ സമ്മർദമായേക്കും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സിറിയയും ആസ്ട്രേലിയയും ഇന്ന് കളിക്കുന്നുണ്ട്.
കുരുക്കഴിയാത്ത മധ്യനിര
ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യ ഏറെ ബുദ്ധിമുട്ടിയത് പന്തിനെ സ്വന്തം ഹാഫ് കടത്തിയെടുക്കുക എന്നതിനായിരുന്നു. മധ്യനിരയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ടീമിന്റെ കരുത്തായി മാറിയ താരങ്ങളുടെയെല്ലാം അസാന്നിധ്യം പ്രശ്നമായി. ഒപ്പം പ്രതിരോധത്തിൽ ശ്രദ്ധ നൽകിയതോടെ പന്ത് മുന്നോട്ടുനയിക്കാൻ ആളില്ലാതായി.
ഇതേ വെല്ലുവിളികൾ ഉസ്ബകിസ്താനെതിരെയും കാത്തിരിക്കുന്നുവെന്നതാണ് ഇന്ത്യൻ ടീമിനെ അലട്ടുന്നത്. ആഷിഖ് കുരുണിയൻ, ജീക്സൻ സിങ്, അൻവർ അലി എന്നിവർ നേരത്തേതന്നെ പുറത്താണ്. മധ്യനിരയിലെ മിന്നുംതാരം സഹൽ അബ്ദുസ്സമദ് ഇന്നും കളിക്കാൻ സാധ്യതയില്ല. കഴിഞ്ഞ ദിവസങ്ങളിൽ സഹൽ പരിശീലനത്തിൽ സജീവമായിരുന്നെങ്കിലും സിറിയക്കെതിരായ അവസാന മത്സരത്തിൽ മാത്രമായിരിക്കും കോച്ച് സഹലിനെ ഉപയോഗപ്പെടുത്തുന്നത്.
അതേസമയം, സാഹചര്യത്തിനനുസരിച്ച് കളിക്കാരെ മാറിമാറി ഉപയോഗിക്കുമെന്ന സൂചനയാണ് കോച്ച് സ്റ്റിമാക് വാർത്തസമ്മേളനത്തിൽ നൽകിയത്. കഴിഞ്ഞ കളിയിൽ പകരക്കാരായിറങ്ങിയ അനിരുഥ് ഥാപ്പ, ആകാശ് മിശ്ര, ലിസ്റ്റൻ കൊളാസോ എന്നിവരെ ആദ്യ പകുതിയിലെത്തിച്ച് മധ്യനിര ചടുലമാക്കാനും ശ്രമിച്ചേക്കും. പരിശീലനത്തിനിടെ ആകാശിനേറ്റ പരിക്ക് ഭേദമായാൽ െപ്ലയിങ് ഇലവനിൽ ഇടംനേടിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.