ഏഷ്യൻ കപ്പ്: ഇന്ത്യ ഇന്ന് സിറിയക്കെതിരെ; സഹൽ കളിക്കും
text_fieldsദോഹ: ‘അൽ ബെയ്ത് സ്റ്റേഡിയം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാകും. അവിടെ ഗോൾ നേടും. ആരാധകർക്ക് സന്തോഷം പകരുന്ന ഫലമുണ്ടാകും’-ഏഷ്യൻ കപ്പിലെ അവസാന ഗ്രൂപ് മത്സരത്തിൽ സിറിയക്കെതിരെ ചൊവ്വാഴ്ച ബൂട്ടുകെട്ടാൻ ഒരുങ്ങുംമുമ്പ് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാകിന്റെ വാക്കുകൾ. നിർണായകമായ മത്സരത്തിനുള്ള ഒരുക്കത്തിനിടെ ദോഹ മുശൈരിബിലെ മീഡിയ സെന്ററിൽ പ്രീമാച്ച് വാർത്ത സമ്മേളനത്തിൽ കോച്ച് ഇതു പറയുമ്പോൾ അരികിലിരുന്ന് നായകൻ സുനിൽ ഛേത്രിയും ശരിവെക്കുന്നു.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ശക്തരായ എതിരാളികൾക്കു മുന്നിൽ ഗോളുകൾ വാങ്ങിക്കൂട്ടി തോൽവി വഴങ്ങിയ ഇന്ത്യക്ക് പ്രതീക്ഷയുടെ അവസാന കടമ്പയാണ് ചൊവ്വാഴ്ച സിറിയക്കെതിരായ അങ്കം. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിന് (ഖത്തർ സമയം ഉച്ച 2.30ന്) ലോകകപ്പ് ഫുട്ബാളിന്റെ ഉദ്ഘാടന വേദിയെന്ന നിലയിൽ ശ്രദ്ധേയമായ അൽ ബെയ്ത് സ്റ്റേഡിയത്തിന്റെ മുറ്റത്താണ് ഇന്ത്യയുടെ വീറുറ്റ അങ്കം.
ആദ്യമത്സരത്തിൽ ആസ്ട്രേലിയയോട് 2-0ത്തിനും രണ്ടാം അങ്കത്തിൽ ഉസ്ബകിസ്താനെതിരെ 3-0ത്തിനും തോറ്റ ഇന്ത്യക്ക് ജയിക്കാനോ പോയന്റ് നേടാനോ ആയില്ല എന്നതിനപ്പുറം ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ലെന്ന നാണക്കേടുമുണ്ട്. ഇതിന് മൂന്നാം അങ്കത്തിൽ പരിഹാരം കാണുമെന്നാണ് കോച്ചിന്റെ വാക്ക്.
ആദ്യ മത്സരത്തിൽ ടീം പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ് കരുത്തരായ സോക്കറൂസിനെതിരെ തോൽവിയുടെ ആഘാതം കുറച്ചുവെങ്കിലും, രണ്ടാം അങ്കത്തിൽ തീർത്തും പിടിവിട്ടു. മൂന്നു മാറ്റങ്ങളുമായി മധ്യനിരയിൽ മുന്നേറിക്കളിക്കാൻ ശേഷിയുള്ള താരങ്ങളുമായിറങ്ങിയെങ്കിലും ടീമിന് 3-0ത്തിനായിരുന്നു ഉസ്ബകിനെതിരെ തോൽവി. ഇതോടെ, ഗ്രൂപ്പിൽ നിന്നും രണ്ടു ജയങ്ങളുമായി ആസ്ട്രേലിയ പ്രീക്വാർട്ടർ ഉറപ്പിച്ചു. നാല് പോയന്റുമായി ഉസ്ബകിസ്താനും സേഫ് സോണിലാണ്. എന്നാൽ, ഒരു പോയന്റുള്ള സിറിയക്കും ‘സീറോ’ബാലൻസുമായി കാത്തിരിക്കുന്ന ഇന്ത്യക്കും ഇന്ന് ജയിച്ചാലേ നാണക്കേട് മായ്ക്കാൻ കഴിയൂ. ജയിച്ച് മൂന്ന് പോയന്റ് നേടിയാലും മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിക്കാനുമാവില്ല.
സഹൽ തിരികെയെത്തും
പരിക്കു കാരണം കഴിഞ്ഞ രണ്ടു കളിയിൽ നിന്നും വിട്ടുനിന്ന മലയാളി മാധ്യനിര താരം സഹൽ അബ്ദുൽ സമദ് സിറിയക്കെതിരെ കളത്തിലിറങ്ങുമെന്ന് കോച്ച് ഇഗോർ സ്റ്റിമാക് അറിയിച്ചു. പരിശീലന സെഷനിലും പരശീലന മത്സരങ്ങളിലും നന്നായി തിളങ്ങിയ സഹൽ സിറിയക്കെതിരെ കളിക്കുമെന്നും എന്നാൽ െപ്ലയിങ് ഇലവനിൽ അവസരമുണ്ടാകുമോ എന്ന് പറയാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മുൻനിര താരമായ നായകൻ സുനിൽ ഛേത്രി കാര്യമായ നീക്കങ്ങളൊന്നുമില്ലാതെ നിറം മങ്ങുന്നത് ടീമിന് തിരിച്ചടിയാണ്. മധ്യനിരയിലും മികച്ച മുന്നേറ്റങ്ങളൊരുക്കുന്നതിൽ പരാജയമായിരുന്നു. കഴിഞ്ഞ രണ്ട് കളിയുടെയും പാഠങ്ങൾ ഉൾക്കൊണ്ട് മാറ്റങ്ങളോടെയാവും മൂന്നാം അങ്കത്തിലും കോച്ച് ടീമിനെ സജ്ജമാക്കുക.
സിറിയൻ താരങ്ങളുടെ ശാരീരിക മികവിനെയും കോച്ച് ഇഗോർ സ്റ്റിമാക് സൂചിപ്പിച്ചു. മികച്ച കളിക്കാരും മുന്നേറ്റവും ബാൾ ഹോൾഡ് ചെയ്യാനും ശേഷിയുള്ള താരങ്ങളാണ് അവരുടെ കരുത്ത്. കഴിഞ്ഞ മത്സരങ്ങൾക്ക് സമാനം തന്നെയാണ് സിറിയൻ വെല്ലുവിളിയും. പ്രതിരോധ നിര കൂടുതൽ ശക്തമാക്കേണ്ടത് ആവശ്യമാണ്’-അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ മത്സരങ്ങളിലൊന്നും സിറിയ കൂടുതൽ സബ്സ്റ്റിറ്റ്യൂഷൻ നടത്താതെയും ഒരേ െപ്ലയിങ് ഇലവൻ ഉപയോഗിച്ചുമാണ് കളിച്ചതെന്ന് കോച്ച് സൂചിപ്പിച്ചു. അവരുടെ റിസർവ് ബെഞ്ചിന്റെ ദൗർബല്യമായിരിക്കും തങ്ങളുടെ ഉന്നങ്ങളിലൊന്നെന്ന് കോച്ച് വിശദീകരിക്കുന്നു. എന്തായാലും രാജ്യത്തിന് സന്തോഷം നൽകുന്ന ഫലം പ്രതീക്ഷിക്കാമെന്ന് ഉറപ്പു നൽകിയാണ് ഇഗോർ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
അർജന്റീനക്കാരനായ ഹെക്ടർ കൂപറിനു കീഴിലാണ് സിറിയ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഉസ്ബകിസ്താനെ സമനിലയിൽ തളച്ചത് അവർക്ക് ആത്മവിശ്വാസം പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.