ഏഷ്യൻ കപ്പ്; സെമിയിൽ ജോർഡൻ Vs കൊറിയ
text_fieldsദോഹ: കിരീട സ്വപ്നങ്ങളുമായെത്തിയ വമ്പന്മാരുടെ വീഴ്ചകൾക്കും അവസാന മിനിറ്റുകളിലെ ആകാംക്ഷയേറിയ പോരാട്ടങ്ങൾക്കും സാക്ഷിയായ ക്വാർട്ടർ ഫൈനൽ അങ്കത്തിനൊടുവിൽ ഏഷ്യൻ കപ്പിൽ വീണ്ടും കളമുണരുന്നു. ചൊവ്വാഴ്ചത്തെ ആദ്യ സെമി ഫൈനലിൽ ജോർഡൻ ദക്ഷിണ കൊറിയയെ നേരിടുമ്പോൾ, ബുധനാഴ്ച ഇറാൻ ഖത്തറിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് രണ്ടു മത്സരങ്ങളും. ആദ്യ സെമിക്ക് അഹമ്മദ് ബിൻ അലി സ്റ്റേഡിയവും ആതിഥേയരായ ഖത്തറിന്റെ അങ്കത്തിന് അൽ തുമാമ സ്റ്റേഡിയവും വേദിയാകും.
അരങ്ങേറ്റക്കാരായ തജികിസ്താന്റെ വെല്ലുവിളിയെ ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് മുന്നേറിയ ജോർഡന്റെ ആദ്യ ഏഷ്യൻ കപ്പ് സെമിഫൈനലാണിത്. അതേസമയം, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷംവരെ നീണ്ട ആവേശപ്പോരാട്ടത്തിൽ കരുത്തരായ ആസ്ട്രേലിയയെ വീഴ്ത്തിയാണ് ദക്ഷിണ കൊറിയ സെമിയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഏഷ്യൻ ഫുട്ബാളിലെ മുൻനിരക്കാരായ ദക്ഷിണ കൊറിയ 1960ന് ശേഷം കിരീടത്തിൽ മുത്തമിട്ടില്ലെന്ന പേരുദോഷം തീർക്കാനാണ് ഇത്തവണ ജർമനിയുടെ സൂപ്പർ കോച്ച് യുർഗൻ ക്ലിൻസ്മാനു കീഴിൽ ഖത്തറിലെത്തുന്നത്. ലോകോത്തര താരങ്ങളും മികച്ച ഫുട്ബാൾ പാരമ്പര്യവുമുണ്ടായിട്ടും നിർഭാഗ്യംകൊണ്ട് കിരീടം അകന്നുനിൽക്കുന്ന ദക്ഷിണ കൊറിയക്ക് ഇത്തവണ പരിഹാരക്രിയ കാണാൻ കഴിയുമെന്നാണ് ആരാധക പ്രതീക്ഷ. 1960ൽ അവസാനമായി കിരീടം ചൂടിയശേഷം നാലു തവണയാണ് ടീം റണ്ണേഴ്സ് അപ്പായത്. ഏറ്റവുമൊടുവിൽ 2015ൽ ആസ്ട്രേലിയക്ക് മുന്നിലും ഫൈനലിൽ തോറ്റു. നാലുതവണ സെമിയിൽ തോറ്റശേഷം മൂന്നാം സ്ഥാനക്കാരായും മടങ്ങി.
കളിക്കാരനായി ലോക-യൂറോ കിരീടങ്ങളും പരിശീലക കുപ്പായത്തിൽ കോൺകകാഫ് ഉൾപ്പെടെ വമ്പൻ കിരീടങ്ങളും നേടിയ ക്ലിൻസ്മാനും ഹ്യൂങ് മിൻ സൺ, ലീ കാങ് ഇൻ, കിം മിൻ ജെ തുടങ്ങിയ താരസാന്നിധ്യവും തന്നെയാണ് കൊറിയൻ കരുത്ത്. അതേസമയം, ഫിഫ റാങ്കിങ്ങിൽ 87ാം സ്ഥാനക്കാരായ ജോർഡന്റെ അട്ടിമറി കരുത്തിനെ എഴുതിത്തള്ളാനും സാധ്യമല്ല. ഗ്രൂപ് റൗണ്ടിൽ ഇതേ കൊറിയക്കെതിരെ രണ്ടു ഗോളുകൾ നേടി സമനില പിടിച്ചതും പ്രീക്വാർട്ടറിൽ കരുത്തരായ ഇറാഖിനെ വീഴ്ത്തിയതും ജോർഡന് ആത്മവിശ്വാസമാകും. രണ്ടുഗോൾ വീതം നേടിയ മഹ്മൂദ് അൽ മർദി, യാസൻ അൽ നയ്മത്, മുസ അൽ താമരി എന്നിവരാണ് ജോർഡൻ ഗോളടിയിൽ മുൻനിരയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.