ഏഷ്യൻ കപ്പ്: ട്രിപ്ൾ അടിച്ച് കൊറിയ തുടങ്ങി
text_fieldsദോഹ: മുന്നേറ്റത്തിൽ ആക്രമണം നയിക്കാൻ ടോട്ടൻഹാം ഗോൾ മെഷീൻ സൺ ഹ്യൂങ് മിനും ഒപ്പം നിന്ന് ഗോളടിക്കാൻ പി.എസ്.ജിയുടെ ലീ കാങ് ഇന്നുമായി ഡബ്ൾ എൻജിൻ വേഗത്തിൽ കളം വാണ ദക്ഷിണ കൊറിയക്കു മുന്നിൽ പിടിച്ചുനിൽക്കാൻ ബഹ്റൈന്റെ അഭ്യാസങ്ങളൊന്നും മതിയാവില്ലായിരുന്നു. താരങ്ങളേറെയുണ്ടായിട്ടും ആറു പതിറ്റാണ്ടായി വഴിമാറി നിൽക്കുന്ന ഏഷ്യൻ കപ്പ് കിരീടം വീണ്ടെടുക്കാനിറങ്ങിയ ദക്ഷിണ കൊറിയയുടെ ചാമ്പ്യൻ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകുന്ന തുടക്കമായി ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലേത്.
തിങ്കളാഴ്ച, ഗ്രൂപ് ഇയിൽ നടന്ന മത്സരത്തിൽ 3-1നായിരുന്നു ദക്ഷിണ കൊറിയ ബഹ്റൈനെ തോൽപിച്ചത്. കളിയുടെ ആദ്യ പകുതിയിലെ തുടക്കത്തിൽ അൽപം ചെറുത്തുനിൽപ് വീര്യം പ്രകടിപ്പിച്ച ബഹ്റൈനെതിരെ, ശേഷം കണ്ടത് ഇരു വിങ്ങുകളെയും ചലിപ്പിച്ചുകൊണ്ടുള്ള കൊറിയൻ ആക്രമണങ്ങൾ. കളിയുടെ 38ാം മിനിറ്റിൽ നാലുപേർ ഒരേ നിരയായി ബഹ്റൈൻ ഗോൾമുഖത്തേക്ക് നടത്തിയ ആക്രമണത്തിനിടെയാണ് ആദ്യ ഗോൾ പിറക്കുന്നത്. കാങ് ലീ നൽകിയ ക്രോസ്, ബഹ്റൈൻ പ്രതിരോധനിരക്കാരന്റെ ബൂട്ടിൽ തട്ടി നീങ്ങിയപ്പോൾ ഒപ്പമോടിയെത്തിയ ഇൻ ബിയോം വാങ് അനായാസം അടിച്ചു കയറ്റി കൊറിയക്ക് ആദ്യ ഗോൾ സമ്മാനിച്ചു. ബഹ്റൈന്റെ ശക്തമായ പ്രതിരോധവും, കൊറിയ ബോക്സിൽ അപായ ഭീഷണിയുയർത്തിയ ആക്രമണങ്ങൾക്കുമിടയിലായിരുന്നു ആദ്യ ഗോളിന്റെ പിറവി. ഈ ഗോളോടെ കളിയിൽ മാനസിക മേധാവിത്വം നേടിയ കൊറിയക്കാർ സഭാകമ്പം മാറ്റിയപോലെ തന്നെ കളിയും തുടങ്ങി.
രണ്ടാം പകുതിയിൽ 51ാം മിനിറ്റിൽ കൊറിയൻ പ്രതിരോധത്തിൽ അങ്കലാപ്പ് തീർത്ത ബഹ്റൈൻ അബ്ദുല്ല അൽ ഹസ്ഹാഷിലൂടെ സമനില നേടി ഞെട്ടിച്ചുവെങ്കിലും ക്ലിൻസ്മാന്റെ സംഘം അധികം വൈകാതെ തിരികെയെത്തി. 56ാം മിനിറ്റിൽ ഡി സർക്കിളിനു പുറത്തു നിന്നും ലഭിച്ച ഹൈബാൾ സ്റ്റോപ്പ് ചെയ്തുകൊണ്ട് കാങ് ലീ തൊടുത്ത ഷോട്ട് വെടിയുണ്ട പോലെ ബഹ്റൈൻ വല കീഴടക്കി. 68ാം മിനിറ്റിൽ സണിൽ തുടങ്ങി, വാങ് നൽകിയ ക്രോസിനെ കാങ് ലീ തന്നെ വലയിലാക്കി മൂന്നാം ഗോളും സമ്മാനിച്ചു. ലോങ് വിസിൽ മുഴങ്ങുമ്പോഴേക്കും ബഹ്റൈൻ കളത്തിൽനിന്നും ഔട്ടായി പോയിരുന്നു. പന്തടക്കത്തിലും ഷോട്ടിലും ഉൾപ്പെടെ എല്ലാത്തിലുമായി ദക്ഷിണ കൊറിയ മേധാവിത്വം നേടി.
സൗദി ഒമാനെതിരെ
ദോഹ: ഏഷ്യൻ കപ്പ് ഗ്രൂപ് എഫിൽ ചൊവ്വാഴ്ച അറബ് രാജ്യങ്ങൾ നേർക്കുനേർ. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11ന് നടക്കുന്ന കളിയിൽ സൗദി അറേബ്യയെ ഒമാൻ നേരിടും. ഇതേ ഗ്രൂപ്പിൽ രാത്രി എട്ടിന് തായ്ലൻഡ്-കിർഗിസ്താൻ മത്സരവുമുണ്ട്. നാല് ടീമിനും ആദ്യ കളിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.