ഏഷ്യൻ കപ്പ്: മലേഷ്യക്ക് മുമ്പിൽ വിറച്ച് കൊറിയ
text_fieldsദക്ഷിണ കൊറിയ-മലേഷ്യ മത്സരത്തിൽ നിന്ന്
ദോഹ: ഒരേസമയം അൽ ജനൂബ് സ്റ്റേഡിയത്തിലും ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലുമായാണ് ഗ്രൂപ് ‘ഇ’യിലെ നിർണായക മത്സരങ്ങൾക്ക് കിക്കോഫ് വിസിൽ മുഴങ്ങിയത്. ബഹ്റൈനും ജോർഡനും പ്രീക്വാർട്ടറിൽ ഇടംനേടാൻ വിജയം അനിവാര്യമായ ദിനം. പന്തുരുണ്ടുതുടങ്ങി പിന്നെ 90 മിനിറ്റും ആവേശപ്പോരാട്ടങ്ങൾ. ഏഷ്യൻ കപ്പിലെ ഏറ്റവും ത്രില്ലറുകളിൽ ഒന്നായി അടയാളപ്പെടുത്തിയ അങ്കത്തിൽ കിരീടപ്രതീക്ഷയുമായി ദോഹയിൽ വിമാനമിറങ്ങിയ ദക്ഷിണ കൊറിയ മലേഷ്യക്കു മുന്നിൽ വിരണ്ടു. 2-1ന് പിന്നിൽനിന്നശേഷം വിജയപ്രതീക്ഷയോടെ തിരിച്ചടിച്ച് മുന്നേറിയെങ്കിലും ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ പിറന്ന ഗോളിൽ മലേഷ്യ കളി സമനിലയിൽ (3-3) പിടിച്ചപ്പോൾ സൺഹ്യൂങ് മിൻ ഉൾപ്പെടെ വമ്പൻ താരങ്ങൾ അണിനിരന്ന ദക്ഷിണ കൊറിയ വിറച്ചു. അതേസമയം, ഗ്രൂപ്പിലെ രണ്ടാം അങ്കത്തിൽ ബഹ്റൈൻ തുല്യശക്തികളായ ജോർഡനെ ഏകപക്ഷീയമായ ഒരു ഗോളിൽ വീഴ്ത്തി ഗ്രൂപ് ജേതാക്കളായി പ്രീക്വാർട്ടർ ഉറപ്പിച്ചു. കളിയുടെ 34ാം മിനിറ്റിൽ ഹിലാൽ യൂസുഫ് നേടിയ ഗോളാണ് ബഹ്റൈന് നിർണായക വിജയവും പ്രീക്വാർട്ടർ ബർത്തും സമ്മാനിച്ചത്. രണ്ടു ജയവുമായി അവർ ഗ്രൂപ് ജേതാക്കളുമായി.
ആദ്യ കളിയിൽ ബഹ്റൈനെ 3-1ന് തോൽപിച്ച് തുടങ്ങിയ ദക്ഷിണ കൊറിയ, പക്ഷേ, ജോർഡനെതിരെ വഴങ്ങിയ സമനില (2-2) ദുരന്തം ദുർബലരായ മലേഷ്യക്കെതിരെയും ആവർത്തിച്ചു. ലോകറാങ്കിങ്ങിൽ 23ാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയുടെ ലോകോത്തര ഇലവനെ അടിമുടി വിറപ്പിച്ചുകൊണ്ടായിരുന്നു 130ാം റാങ്കുകാരായ മലേഷ്യ കളംവാണത്.
ഗോളടിക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗോൾമെഷീൻ സൺ ഹ്യൂങ് മിനും പ്രതിരോധത്തിൽ ബാലൻഡി ഓർ ഫൈനലിസ്റ്റ് കിം മിൻ ജെയും മധ്യനിര ഭരിക്കാൻ ലി കാങ് ഇന്നും ഉൾപ്പെടെ മിടുക്കരും, തന്ത്രം മെനയാൻ ക്ലിൻസ്മാനും അണിനിരന്ന ദക്ഷിണ കൊറിയക്കെതിരെ പോരാട്ടവീര്യം മാത്രമായിരുന്നു മലേഷ്യയുടെ കരുത്ത്. കളിയുടെ 21ാം മിനിറ്റിൽ വൂ യോങ് ജിയോങ്ങിലൂടെ മുന്നിലെത്തിയ കൊറിയ ആദ്യ പകുതി ലീഡ് നേടി. എന്നാൽ, രണ്ടാം പകുതിയിൽ തുടർച്ചയായ വി.എ.ആർ ഇടപെട്ടപ്പോൾ മലേഷ്യ മുന്നിലെത്തി.
ഫൈസൽ ഹാലിം (51), ആരിഫ് ഐമൻ ഹനാപി (62 പെനാൽറ്റി) എന്നിവർ മലേഷ്യയെ മുന്നിലെത്തിച്ചു. തുടർന്ന് 83ാം മിനിറ്റിൽ ഹ്യൂങ് മിൻ സണിന്റെ ഉജ്ജ്വലമായൊരു ഫ്രീകിക്കിനെ ഗോളിയുടെ ടച്ചിൽ വലയിലാക്കിയ കൊറിയ, 90 മിനിറ്റിനുശേഷം ഒരു പെനാൽറ്റി ഗോളിലൂടെ (സൺ ഹ്യൂങ് മിൻ) 3-2ന് ലീഡ് നേടി. ജയം ഉറപ്പിച്ചെങ്കിലും അനിശ്ചിതമായി നീണ്ട ഇഞ്ചുറി ടൈമിന്റെ നാടകീയ നിമിഷത്തിനൊടുവിൽ റോമെൽ മെറാലിസ് മലേഷ്യക്കുവേണ്ടി സമനില (3-3) ഗോൾ കുറിച്ചപ്പോൾ കളിക്ക് അത്യപൂർവമായ ൈക്ലമാക്സായി.
പ്രീക്വാർട്ടറിൽ കൊറിയയും ഗ്രൂപ് ‘എഫ്’ ജേതാക്കളായ സൗദിയും തമ്മിലെ മത്സരത്തിനായിരിക്കും ഏഷ്യൻ കപ്പ് സാക്ഷ്യം വഹിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.